കേരളത്തിൽ മത്സ്യ ലഭ്യതയിൽ വൻ ഇടിവ്

Web Desk

കൊച്ചി

Posted on June 30, 2020, 9:09 pm

കേരളത്തിൽ അയലയുടെയും മത്തിയുടെയും ലഭ്യതയിൽ വൻ ഇടിവ് രേഖപ്പെടുത്തി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) വാർഷിക പഠന റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ സംസ്ഥാനത്തിന്റെ മൊത്ത മത്സ്യലഭ്യതയിലും ഗണ്യമായ കുറവാണുണ്ടായത്. മുൻവർഷത്തേക്കാൾ 15.4 ശതമാനമാണ് കുറവ്. 2019ൽ ഇന്ത്യൻ തീരങ്ങളിൽ നിന്ന് പിടിച്ച മത്സ്യസമ്പത്തിന്റെ കണക്കാണ് സിഎംഎഫ്ആർഐ പുറത്തുവിട്ടത്. മത്തിയുടെ ലഭ്യത കഴിഞ്ഞ ഇരുപത് വർഷത്തിനിടെയുണ്ടായ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. വെറും 44,320 ടൺ മത്തി മാത്രമാണ് കഴിഞ്ഞ വർഷം സംസ്ഥാനത്ത് ലഭിച്ചത്. 2018ൽ ഇത് 77,093 ടൺ ആയിരുന്നു. 2012ൽ 3.9 ലക്ഷം ടൺ സംസ്ഥാനത്ത് നിന്ന് പിടിച്ചിരുന്നു. അയല മുൻവർഷത്തേക്കാൾ 50 ശതമാനമാണ് കേരളത്തിൽ കുറഞ്ഞത്. ലഭിച്ചത് 40, 554 ടൺ.

2018ൽ കേരളത്തിൽ ഏറ്റവും കൂടുതൽ ലഭിച്ച മത്സ്യമായിരുന്നു അയല. മത്സ്യലഭ്യതയിൽ കുറവുണ്ടായെങ്കിലും രാജ്യത്തെ സമുദ്രമത്സ്യോല്പാദനത്തിൽ കേരളം മൂന്നാം സ്ഥാനം നിലനിർത്തി. തമിഴ്‌നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് മുന്നിലുള്ളത്. ഇത്തവണ കൊഴുവയാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പിടിച്ച മത്സ്യം. കേരളത്തിൽ കുറഞ്ഞെങ്കിലും രാജ്യത്തെ മൊത്തം സമുദ്രമത്സ്യോൽപാദനത്തിൽ 2.1 ശതമാനത്തിന്റെ നേരിയ വർധനവുണ്ട്. ഇന്ത്യയിൽ ആകെ ലഭിച്ചത് 35.6 ലക്ഷം ടൺ മത്സ്യമാണ്.

ദേശീയതലത്തിൽ ഏറ്റവും കൂടുതൽ ലഭിച്ച മത്സ്യം വിപണിയിൽ ആവശ്യക്കാരില്ലാത്തതും വാണിജ്യപ്രാധാന്യമില്ലാത്തതുമായ ക്ലാത്തിയാണ്. മത്സ്യത്തീറ്റ ആവശ്യങ്ങൾക്കാണ് ഇവയെ ഉപയോഗിക്കുന്നത്. കേരളത്തിൽ ഇത്തവണ രണ്ടാം സ്ഥാനം ക്ലാത്തിക്കാണ് ലഭിച്ചത്. കഴിഞ്ഞ വർഷം രാജ്യത്തെ ലാൻഡിംഗ് സെന്ററുകളിൽ വിറ്റഴിക്കപ്പെട്ടത് 60, 881 കോടി രൂപയുടെ മത്സ്യമാണ്. മുൻവർഷത്തേക്കാൾ 15.6 ശതമാനമാണ് വർധനവ്. ചില്ലറ വ്യാപാര കേന്ദ്രങ്ങളിൽ 92,356 കോടി രൂപയുടെ മീനാണ് വില്പന നടത്തിയത് (വർധനവ് 15 ശതമാനം). സിഎംഎഫ്ആർഐയിലെ ഫിഷറി റിസോഴ്സസ് അസസ്മെന്റ് വിഭാഗമാണ് കണക്കുകൾ തയ്യാറാക്കിയത്.

you may also like this video;