രാജ്യത്ത് സ്വാതന്ത്ര്യം ഇല്ലാതാക്കുന്നു: ഭോപ്പാല്‍ ആര്‍ച്ച് ബിഷപ്

Web Desk
Posted on August 14, 2018, 9:14 pm

ബേബി ആലുവ

കൊച്ചി: രാജ്യത്ത് മതവിശ്വാസത്തിനും അഭിപ്രായ പ്രകടനത്തിനുമുള്ള സ്വാതന്ത്ര്യം ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് സീറോ മലബാര്‍ സഭയുടെ മധ്യപ്രദേശിലെ ഭോപ്പാല്‍ അതിരൂപത ആര്‍ച്ചുബിഷപ് ലിയോ കൊര്‍ണേലിയോ. ആള്‍ക്കൂട്ടാക്രമണങ്ങള്‍ പതിവാകുമ്പോഴും ഇതൊന്നും ഭരണകൂടം നിയന്ത്രിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു.
സീറോമലബാര്‍ സഭയുടെ അങ്കമാലി എറണാകുളം അതിരൂപതയുടെ മുഖപ്രസിദ്ധീകരണമായ ‘സത്യദീപ’ത്തിന്‍റെ പുതിയ ലക്കത്തിലാണ്, വര്‍ഗീയത: ജനങ്ങള്‍ തിരിച്ചറിയും, തിരുത്തും എന്ന ശീര്‍ഷകത്തില്‍, രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങളില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ സ്വീകരിക്കുന്ന പക്ഷപാതപരമായ നിലപാടിനെതിരെ ഭോപ്പാല്‍ ബിഷപ് നടത്തുന്ന നിശിതമായ വിമര്‍ശനങ്ങളുള്ള അഭിമുഖ സംഭാഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്. അഭിമുഖം നടത്തിയത് പ്രസിദ്ധീകരണത്തിന്‍റെ കണ്‍സള്‍ട്ടന്‍റ് എഡിറ്റര്‍ ഫാ.പോള്‍ തേലക്കാട്ടാണ്.

ആള്‍ക്കൂട്ടാക്രമണം നടക്കുന്നത് വിദ്വേഷത്തിന്‍റെയും പ്രതികാരത്തിന്‍റെയും ഭാഷ ഭാരതത്തില്‍ വന്‍ തോതില്‍ പ്രചരിക്കുന്നതുകൊണ്ടാണെന്ന് ബിഷപ് പറയുന്നു. വിഭജിച്ചു ഭരിക്കുക എന്ന തന്ത്രമാണ് നടക്കുന്നത്. വിഭജിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് വെറുപ്പിന്‍റെ ഭാഷ വരുന്നത്. ഐക്യവും സാഹോദര്യവും തന്ത്രപരമായി തകര്‍ത്തു കൊണ്ടിരിക്കന്നു. ഈ വിദ്വേഷപ്രചാരണം നടത്തുന്നത് ഹിന്ദുത്വ, ആര്‍ എസ് എസ് അജണ്ടയനുസരിച്ചാണെന്നു കരുതുന്നുണ്ടോ എന്ന ചോദ്യത്തിന്, രാഷ്ട്രീയവും മതവും കൂട്ടിക്കുഴയ്ക്കുന്നതിന്‍റെ പ്രശ്‌നമാണിതെന്നും മതത്തിന്‍റെ രാഷ്ട്രീയവത്കരണം ഇന്ന് അനേകര്‍ ജീവിത ശൈലിയാക്കി തീര്‍ത്തിരിക്കുന്നു എന്നാണ് ബിഷപ്പ് ലിയോയുടെ മറുപടി. സാമൂഹിക ധ്രുവീകരണം സൃഷ്ടിക്കാന്‍ മതത്തെ ഉപയോഗിക്കുന്നു. മതത്തിന്‍റെയും ജാതിയുടെയും വംശത്തിന്‍റെയും പേരിലുള്ള വിഭാഗീയതകള്‍ സൃഷ്ടിക്കപ്പെടുന്നു. ഹിന്ദുമതം അല്ല ഇതിനു കാരണം.ഹിന്ദുമതത്തെ മതഭ്രാന്തന്മാര്‍ ദുരുപയോഗിക്കുകയാണ്. ഹിന്ദുത്വമല്ല ഹിന്ദുയിസം ‑ബിഷപ് വ്യക്തമാക്കുന്നു. ഹിന്ദുത്വവും ഹിന്ദുയിസവും തമ്മിലുള്ള വ്യത്യാസം ഹൈന്ദവ ഭൂരിപക്ഷം മനസ്സിലാക്കുന്നില്ല. ജനങ്ങളില്‍ ഭൂരിപക്ഷവും വിദ്യാഭ്യാസമില്ലാത്തവരാണ്. മതവും മതഭ്രാന്തും മതത്തിന്‍റെ രാഷ്ട്രീയവത്കരണവും തമ്മിലുള്ള വ്യത്യാസം എളുപ്പത്തില്‍ അവര്‍ക്ക് തിരിച്ചറിയാനാകുന്നില്ല. പലരും വികാരങ്ങളാല്‍ നയിക്കപ്പെടുന്നു. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കു ന്നത് നന്നായിരിക്കുമെന്ന് അവര്‍ കരുതുന്നു.ഇതിന്‍റെ അടിയിലുള്ള അപകടങ്ങളെ തിരിച്ചറിയാനും ഭാവിയില്‍ ഉണ്ടായേക്കാവുന്ന സഹനങ്ങളെ മുന്‍കൂട്ടി കാണാനും അവര്‍ക്കു കഴിയുന്നില്ലെന്നും ബിഷപ് ചൂണ്ടിക്കാട്ടുന്നു.

വളരെ ഉന്നതമായ ഹൈന്ദവ സംസ്‌കാരത്തിന്‍റെ സംരക്ഷകരാണ് തങ്ങളെന്ന ബി ജെ പി യുടെയും ഹിന്ദുത്വ വാദികളുടെയും അവകാശവാദത്തെ പരാമര്‍ശിച്ച്, എല്ലാ സംസ്‌കാരങ്ങളും മൂല്യവത്താണെന്ന് ബിഷപ് ലിയോ വ്യക്തമാക്കുന്നു. ജാതീയത തിരിച്ചു കൊണ്ടുവരാനുള്ള ഗൂഢമായ നീക്കം നടക്കുന്നുണ്ട്. നാസിസത്തിന്റെ ജാതി മേധാവിത്വ പ്രത്യയശാസ്ത്രത്തിന് സമാനമായ തികച്ചും അപകടകരമായ പ്രത്യയശാസ്ത്രമാണ് ഇതും. ഹിറ്റ്‌ലറുടെ ആശയമാണ് ഇവരെയും സ്വാധീനിച്ചിരിക്കുന്നത്. അതിനെ അനുകരിക്കാന്‍ ഇവര്‍ ശ്രമിക്കുന്നു. ഇന്ത്യയുടെ ഭരണഘടന പല രാജ്യങ്ങളുടെ ഭരണഘടനകളുടെ മിശ്രിതം മാത്രമാണെന്ന് ഇവരുടെ ഒരാചാര്യന്‍ പറഞ്ഞിട്ടുണ്ട്. അതിന്‍റെ മൂല്യമൊന്നും ഇവര്‍ക്കു മനസ്സിലായിട്ടില്ല. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും എല്ലാ ദിശകളിലേക്കും നോക്കുന്നതുമായ ഒരു പ്രത്യയശാസ്ത്രമല്ല അവരുടേത്. അത് ഇന്ത്യയുടെ സമഗ്രതയ്ക്കും ഐക്യത്തിനും വളര്‍ച്ചയ്ക്കും തീര്‍ച്ചയായും തടസ്സമാണ്. മദര്‍ തെരേസയെപ്പോലും മതം മാറ്റത്തിന്‍റെ പേരില്‍ കുറ്റാരോപിതയാക്കുകയാണെന്നും ഇന്ത്യ മതാധിപത്യത്തില്‍ നിന്നും ജാതീയതയില്‍ നിന്നും മോചിതയാകുന്ന സമയം വരുമെന്നും ബിഷപ് ലിയോ അഭിപ്രായപ്പെടുന്നു.
രാജ്യത്തിന്റെ ഭാവി അപകടത്തിലാണെന്നും രാജ്യത്തിനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ഏതാനും കത്തോലിക്കാ ബിഷപ്പുമാര്‍ അഭിപ്രായപ്പെടുകയും ഇന്ത്യയിലെ കത്തോലിക്കാ ബിഷപ്പുമാരുടെ സമിതി അതിനെ പിന്താങ്ങുകയും ചെയ്തത് അടുത്ത കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ജനാധിപത്യ സമ്പ്രദായത്തിലൂടെ അധികാരത്തില്‍ വന്ന ഗവണ്മെന്‍റിനെ മറിച്ചിടാന്‍ കത്തോലിക്കാ സഭ വത്തിക്കാനുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തുന്നുവെന്നായിരുന്നു ഇതിനെതിരെയുള്ള വിശ്വഹിന്ദു പരിഷത്തിന്‍റെ രൂക്ഷ പ്രതികരണം.