ജോധ്പൂർ: നാല് ദശാബ്ദത്തോളം ഇന്ത്യൻ സേനയുടെ കരുത്തും ആവേശവുമായിരുന്ന മിഗ് 27 ഇനി ചരിത്രത്തിന്റെ ഭാഗം. ഡിസംബർ 27 വെള്ളിയാഴ്ച ജോധ്പൂരിലെ വ്യോമത്താവളത്തിൽ നിന്ന് ഏഴ് മിഗ് 27 വിമാനങ്ങൾ ഉൾപ്പെടുന്ന സ്ക്വാഡ്രൺ ഇന്ത്യൻ സൈന്യത്തിന്റെ എല്ലാ ആദരവും ഏറ്റുവാങ്ങികൊണ്ട് വിടവാങ്ങി. അതിന് മുമ്പ് രാജ്യത്തിന് സുരക്ഷാകവചം തീർത്ത വിമാനങ്ങൾ ഒരു വട്ടം കൂടി ജോധ്പൂരിന്റെ ആകാശത്തിലേക്ക് പറന്നുയർന്നു.
20 വർഷങ്ങൾക്ക് മുമ്പ് നടന്ന കാർഗിൽ യുദ്ധത്തിൽ ഇന്ത്യ വിജയക്കൊടി പാറിച്ചപ്പോൾ അതിൽ മിഗ് 27ന്റെ പങ്ക് ചെറുതായിരുന്നില്ല. ടൈഗർഹില്ലും, ബാതാലിക്കിലെ ജുബാർ കുന്നുകളും പിടിച്ചെടുത്ത് ഓപ്പറേഷൻ വിജയ് സാക്ഷാതക്കരിച്ചശേഷം മിഗ് 27 തിരികെ ലാന്റ് ചെയ്തത് ഇന്ത്യക്കാരന്റെ അഭിമാനത്തിലേക്കായിരുന്നു.
ഇന്ത്യൻ വ്യോമസേന പൈലറ്റുമാർ മിഗിനെ വിളിക്കാറ് ബഹദൂർ ( ധീരൻ)എന്നായിരുന്നു. കാർഗിൽ യുദ്ധ സമയത്ത് ഇന്ത്യയ്ക്ക് നഷ്ടമായത് ഒരേ ഒരു ബഹദൂറിനെയാണ്. ശക്തിയേറിയ ആർ 29 എൻജിനും മാക്ക് വൺ വരെ വേഗതയാർജിക്കാനുള്ള കഴിവുമാണ് മിഗിന്റെ പ്രധാന പ്രത്യേകത.
you may also like this video;
മണിക്കൂറിൽ 1350 കിലോമീറ്റർ വേഗത്തിൽ പറക്കുന്ന മിഗ് ലേസർ ബോംബറുകൾ, ക്രൂയിസ് മിസൈൽ എന്നിവ വഹിച്ചിരുന്നു. 1975ൽ ആണ് മിഗ്-27 നെ സോവിയറ്റ് യൂണിയൻ പുറത്തിറക്കുന്നത്. 1984- ൽ സോവിയറ്റ് യൂണിയനിൽ നിന്ന് ഇന്ത്യ മിഖായോൻ‑ഗുരേവിച്ച് എന്ന മിഗിനെ സ്വന്തമാക്കി. പിന്നീട് സാങ്കേതിക വിദ്യ സ്വായത്തമാക്കിയ ശേഷം ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽ ലിമിറ്റഡ് മിഗ് 27 തദ്ദേശീയമായി നിർമ്മിക്കാൻ ആരംഭിച്ചു. 165 വിമാനങ്ങൾ എച്ച്എഎൽ നിർമ്മിച്ചിട്ടുണ്ട്. 2006ൽ മിഗ് വിമാനങ്ങൾ നവീകരിച്ച് എൻജിൻ ശക്തി വർദ്ധിപ്പിച്ചിരുന്നു. മിഗ് 27 ഇപ്പോഴും കൈവശ്യമുള്ള ഏകരാജ്യമാണ് ഇന്ത്യ.
കാലപ്പഴക്കം മൂലം തുടർച്ചയായുണ്ടായ അപകടങ്ങളാണ് മിഗ് 27 നെ ഡി കമ്മിഷൻ ചെയ്യാൻ സേനയെ പ്രേരിപ്പിച്ചത്. ഈ വർഷം തന്നെ മിഗ് വീമാനങ്ങൾക്ക് രണ്ട് തവണ അപകടം സംഭവിച്ചിരുന്നു.
മിഗ് ശ്രേണിയിലെ ഇനി ഇന്ത്യയുടെ കയ്യിൽ അവശേഷിക്കുന്നത് മിഗ് 21,29 ഉം ആണ്. അധികം വൈകാതെ ഇവയുടെ സേവനവും മിഗ് അവസാനിപ്പിക്കും. മിഗ് 23 നേരത്തെ ഡീ കമ്മിഷൻ ചെയ്തിരുന്നു.
ഡീകമ്മിഷൻ ചടങ്ങിന്റെ ഭാഗമായി മിഗിന് ഇന്ത്യൻ സേന വാട്ടർ സല്യൂട്ട് നൽകി.