ഇടിഞ്ഞുകൊണ്ടേയിരിക്കുന്ന വരുമാന നിരക്കുകള്‍

Web Desk
Posted on March 04, 2019, 10:44 pm

ലോക്‌സഭയുടെ ബജറ്റ് സമ്മേളനം ഫെബ്രുവരി പതിമൂന്നിന് സമാപിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വലിയവായിലുള്ള പ്രസംഗത്തോടെയായിരുന്നു. മൂന്ന് ദശകത്തിന് ശേഷം പൂര്‍ണ ഭൂരിപക്ഷത്തിലുള്ള ഒരു സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനെ തുടര്‍ന്ന് രാജ്യം പുരോഗതിയിലേക്ക് വളര്‍ന്നുവെന്നായിരുന്നു മോഡിയുടെ പ്രസംഗത്തിന്റെ കാതല്‍. തെരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് കെട്ടുകഥകളും കെട്ടിച്ചമച്ച കണക്കുകളുമായി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും വീണ്ടും അധികാരത്തിലെത്തുന്നതിനുള്ള കുതന്ത്രങ്ങള്‍ മെനയാനും ബിജെപിയും കൂട്ടരും എല്ലാ കാലത്തും ശ്രമിക്കാറുണ്ട്.
വാജ്‌പേയ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്നൊഴിഞ്ഞ 2004ലെ തെരഞ്ഞെടുപ്പില്‍ ഇന്ത്യ തിളങ്ങുന്നുവെന്ന കണ്ണഞ്ചിപ്പിക്കുന്നൊരു മുദ്രാവാക്യം അവര്‍ അവതരിപ്പിച്ചത് മറക്കാറായിട്ടില്ല. അഞ്ചുവര്‍ഷത്തെ വാജ്‌പേയ് ഭരണത്തില്‍ ഇന്ത്യ ലോകത്തിന് മുന്നില്‍ വല്ലാതെ മുന്നേറിയെന്നായിരുന്നു അന്നത്തെ അവകാശവാദം. ഇപ്പോഴും ആഗോള ഏജന്‍സികളുടെ കണക്കുകളിലെല്ലാം പിറകിലാണ് നില്‍ക്കുന്നതെങ്കിലും അതേ അവകാശവാദം മുന്നോട്ടുവയ്ക്കാനാണ് മോഡി തയ്യാറായത്.
അത്തരം കണക്കുകളെയും അവകാശവാദങ്ങളെയും പൊളിച്ചെഴുതുന്ന റിപ്പോര്‍ട്ടുകളാണ് അതിന് ശേഷം നിരന്തരം വന്നുകൊണ്ടിരിക്കുന്നത്. അതില്‍ അവസാനത്തേതായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന കാര്‍ഷിക വരുമാനം സംബന്ധിച്ച ഔദ്യോഗിക കണക്കുകള്‍. പതിനാല് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ വരുമാന വര്‍ധനയാണ് കാര്‍ഷിക മേഖല രേഖപ്പെടുത്തിയതെന്നാണ് പ്രസ്തുത റിപ്പോര്‍ട്ടിലുള്ളത്. അടുത്തകാലത്തെല്ലാം വളര്‍ച്ചയുടെ കണക്കുകള്‍ വരുമ്പോള്‍ മോഡി സര്‍ക്കാരിന്റെ അഞ്ചുവര്‍ഷക്കാലത്തെ താരതമ്യം പോലുമല്ല ഉണ്ടാകുന്നതെന്നതും ശ്രദ്ധേയമാണ്.
ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിഷനില്‍ നിന്ന് രണ്ട് അംഗങ്ങളുടെ രാജിയിലേക്ക് നയിച്ച തൊഴിലില്ലായ്മ വര്‍ധനയുടെ നിരക്ക് 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്നതായിരുന്നു. 6.1 ശതമാനമാണ് 2017–18 വര്‍ഷത്തെ തൊഴിലില്ലായ്മ നിരക്ക്. ഇതിന് മുമ്പ് 1972–73 കാലഘട്ടത്തിലാണ് തൊഴിലില്ലായ്മ നിരക്ക് ഇപ്പോഴത്തെ അവസ്ഥയെക്കാള്‍ ഉയര്‍ന്ന നിലയിലെത്തിയിട്ടുള്ളതെന്നായിരുന്നു സ്റ്റാറ്റിസ്റ്റിക്കല്‍ കമ്മിഷന്റെ കണ്ടെത്തല്‍. രാജ്യത്തെ ഗ്രാമീണ മേഖലയെ അപേക്ഷിച്ച് നഗര പ്രദേശങ്ങളിലാണ് (7.8%) തൊഴിലില്ലായ്മ ഉയര്‍ന്നിരിക്കുന്നതെന്നും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് യുവജനങ്ങള്‍ക്കിടയിലെ തൊഴിലില്ലായ്മ റെക്കോഡിലെത്തി ഏറ്റവും ഭീതിതമായ അവസ്ഥയിലാണ് ഉള്ളതെന്നും പ്രസ്തുത റിപ്പോര്‍ട്ടിലുണ്ടായിരുന്നു. 13 മുതല്‍ 27 ശതമാനം വരെയാണ് യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക്.
ഇക്കാര്യം മറച്ചുവയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തിയ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു കമ്മിഷനിലെ രണ്ട് അനൗദ്യോഗിക അംഗങ്ങള്‍ രാജി നല്‍കിയത്. വ്യവസായ വളര്‍ച്ചയില്‍ പിറകോട്ട് പോയെന്ന കണക്കും ഇതിനിടയില്‍ തന്നെയാണ് പുറത്തുവന്നത്. വിദേശ നിക്ഷേപത്തില്‍ ഇളവുണ്ടായതും ഇതേ കാലയളവില്‍ തന്നെയായിരുന്നു.
ഇതിന് പുറകെയാണ് കാര്‍ഷിക വരുമാനത്തില്‍ ഇടിവുണ്ടായെന്ന കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. 2020 ഓടെ രാജ്യത്തെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നായിരുന്നു മോഡി സര്‍ക്കാരിന്റെ പ്രഖ്യാപനം. ആ ലക്ഷ്യത്തിലെത്താന്‍ ഒരുവര്‍ഷം മാത്രമേ ബാക്കി നില്‍ക്കുന്നുള്ളൂ. അതനുസരിച്ച് ഇപ്പോള്‍തന്നെ കാര്‍ഷിക വരുമാനത്തില്‍ വര്‍ധനയെന്ന പ്രവണതയാണ് കാട്ടേണ്ടത്. അവിടെയാണ് പതിനാല് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വര്‍ധന രേഖപ്പെടുത്തിയെന്ന റിപ്പോര്‍ട്ട്. 2018 ഒക്‌ടോബര്‍— ഡിസംബര്‍ മാസത്തിലെ കണക്കുകള്‍ പ്രകാരം 2.7 ശതമാനമാണ് കാര്‍ഷിക വരുമാന വളര്‍ച്ചാനിരക്ക്. തുടര്‍ച്ചയായ പതിനൊന്ന് പാദങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇപ്പോള്‍ രേഖപ്പെടുത്തിയത്. 2011-12 കാലയളവില്‍ രേഖപ്പെടുത്തിയ 2.04 ശതമാനമാണ് ഏറ്റവും കുറഞ്ഞ വരുമാന നിരക്ക്. 2004 ഒക്‌ടോബര്‍-ഡിസംബര്‍ പാദത്തില്‍ രേഖപ്പെടുത്തിയ മൈനസ് 1.1 ശതമാനമാണ് രാജ്യത്തിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ കാര്‍ഷിക വരുമാന നിരക്ക്. യഥാര്‍ഥത്തില്‍ ഇതിന്റെ ഏറ്റവും വലിയ പ്രത്യാഘാതം അനുഭവിച്ചവര്‍ രാജ്യത്തെ കര്‍ഷകരായിരുന്നു. ഉല്‍പാദന വര്‍ധനയുണ്ടായെങ്കിലും വരുമാനത്തില്‍ ഇടിവുണ്ടായെന്ന റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. കാരണം വിളകള്‍ക്ക് മതിയായ വില ലഭിക്കാത്തതാണ് വരുമാനക്കുറവിന് കാരണമായതെന്നാണ് നിഗമനം. അങ്ങനെയെങ്കില്‍ കര്‍ഷകരുടെ വരുമാനവര്‍ധനവിന് വേണ്ടി കേന്ദ്രം നടപ്പിലാക്കിയ പദ്ധതികളൊന്നും അവരിലെത്തിയില്ലെന്ന് വേണം മനസിലാക്കാന്‍. കേരളം പോലുള്ള അപൂര്‍വം സംസ്ഥാനങ്ങളില്‍ മാത്രമാണ് ഇവയൊക്കെ യഥാര്‍ഥ കര്‍ഷകരിലെത്തുന്നത്. കേരളമാകട്ടെ രാജ്യത്തെ ആകെ പരിശോധിക്കുമ്പോള്‍ ചെറിയ സംസ്ഥാനങ്ങളില്‍ ഒന്നാണ്. അതുകൊണ്ടുതന്നെ ദേശീയ നിരക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇവിടെയുള്ള സമഗ്രവും സുശക്തവുമായ കാര്‍ഷിക വികസന പദ്ധതികള്‍ നിര്‍ണായകമാകുന്നുമില്ല.
ഈ സാഹചര്യത്തില്‍ രാജ്യത്തെ പ്രമുഖ കാര്‍ഷിക സംസ്ഥാനങ്ങളില്‍ സമഗ്രമായ അഴിച്ചുപണിയാണ് വേണ്ടത്. കര്‍ഷകര്‍ക്കുവേണ്ടിയുള്ള ആനുകൂല്യങ്ങളും പദ്ധതികളും യഥാര്‍ഥ ഗുണഭോക്താക്കളിലെത്തിക്കാനുള്ള കര്‍മ പദ്ധതിയില്ലാതെ വരുമാന വര്‍ധന, കുറഞ്ഞ താങ്ങുവില തുടങ്ങിയ ആനുകൂല്യങ്ങള്‍ കൃഷിക്കാരിലെത്തിക്കാനാകില്ല. അതല്ലെങ്കില്‍ വരുമാനം ഇരട്ടിയാക്കുമെന്നതൊക്കെ തെരഞ്ഞെടുപ്പ് കാലത്ത് നല്ല വിളവുണ്ടാക്കാവുന്ന പ്രസംഗങ്ങള്‍ മാത്രമായിത്തീരും. കര്‍ഷക ദുരിതം ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയും ചെയ്യും.