മനുഷ്യരെക്കാളും വിശ്വസിക്കാം: കൂർമ്മ ബുദ്ധിയുള്ള ആനകൾ പോളിംഗ് ഡ്യൂട്ടിയിൽ

Web Desk
Posted on April 20, 2019, 10:04 pm

നെറ്റിപട്ടം കെട്ടി ഉത്സവത്തിന് എഴുന്നള്ളിക്കാനും തടിപിടിക്കാനും മാത്രമല്ല ആനകൾ. പിന്നെ ഇവർക്കെന്തു പണി എന്ന് ചിന്തിക്കുന്നവർക്ക് അറിയണം അങ്ങ് പശ്ചിമബംഗാളിൽ ആനകൾ സർക്കാർ ജോലിക്കാരെപോലെയാണ്. ഇവിടെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ താരമാകുന്നത് ആനകളാണ്. കാരണം മനുഷ്യര്‍ക്ക് സഞ്ചാരം അസാധ്യമായ മേഖലകളിൽ എല്ലാം എത്തപെടുന്നത് ഇവരാണ്. ഏകദേശം നൂറോളം ആനകൾക്കാണ് സർക്കാർ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി പരിശീലനം നല്‍കി നിര്‍ത്തിയിട്ടുള്ളത്.

തിരഞ്ഞെടുപ്പുകളില്‍ ഇവര്‍ നിസ്വാര്‍ത്ഥമായിട്ടാണ് സേവനം ചെയ്യുന്നത്. മാത്രമല്ല മനുഷ്യരെക്കാളും നൂറു ശതമാനം വിശ്വസിക്കാവുന്ന ബുദ്ധിയുള്ള ഇവയ്ക്ക് സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള എല്ലാ പരിഗണനയുമുണ്ട്.

നീണ്ട പരിശീലനം കഴിഞ്ഞ് പത്ത് വയസിലാണ് ആനകള്‍ ‘ജോലി’യില്‍ പ്രവേശിക്കുക. മാസവേതനം ഉള്‍പ്പെടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും ആനകള്‍ക്കുമുണ്ട്. പിടിയാനകള്‍ക്ക് പ്രസവാവധിയുമുണ്ട്. 22 മാസം നീളുന്ന ഗര്‍ഭകാലത്ത് ആറാം മാസം മുതലാണ് പ്രസവാവധി. കുഞ്ഞിന് ഒരു വയസായതിനു ശേഷം തിരികെ ജോലിയില്‍ പ്രവേശിക്കാം. എല്ലാം കഴിഞ്ഞു 60-ാം വയസ്സില്‍ വിരമിച്ച് സ്വസ്ഥൻ ഗൃഹ ഭരണം!