ബേബി ആലുവ

കൊച്ചി

December 29, 2020, 10:18 pm

കപ്പൽച്ചാലിന്റെ ആഴം കൂട്ടൽ; കേന്ദ്രം ഒളിച്ചു കളിക്കുന്നു

Janayugom Online

മദർഷിപ്പുകളെ ആകർഷിക്കും വിധം വല്ലാർപാടം ട്രാൻസ്ഷിപ്മെന്റ് കണ്ടെയ്നർ ടെർമിനലിലേക്കുള്ള കപ്പൽച്ചാലിന്റെ ആഴം കൂട്ടലുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇപ്പോഴും കേന്ദ്രത്തിനു വിമുഖത. ഇതിനായി വൻ തുക ചെലവാകുമെന്ന് സാധ്യതാ പഠനത്തിൽ വ്യക്തമായതോടെ തലയൂരാനുള്ള ബദ്ധപ്പാടിലാണ് കേന്ദ്രം.

കൊൽക്കത്ത തുറമുഖത്ത് കപ്പൽച്ചാലിന്റെ ആഴം വർധിപ്പിക്കുന്ന ജോലികൾ വർഷങ്ങളായി തുടർന്നു പോരുന്നത് കേന്ദ്ര സർക്കാരിന്റെ മുൻകയ്യിലാണ്. കൊച്ചിയിലും ആ ബാധ്യത കേന്ദ്രം ഏറ്റെടുക്കണമെന്ന് തുറമുഖ ട്രസ്റ്റും വിവിധ സംഘടനകളും നിരന്തരമായി ആവശ്യപ്പെട്ടു വരികയാണ്. ആവശ്യത്തിനു ശക്തി കൂടിയപ്പോൾ, സാധ്യതാ പഠനത്തിനായി മദ്രാസ് ഐഐടിയെ കേന്ദ്രം ചുമതലപ്പെടുത്തിയെങ്കിലും 4200 കോടി രൂപയോളം ഇതിനു ചെലവ് വരുമെന്ന് അവർ വിലയിരുത്തിയതോടെ വിഷയത്തിൽ നിന്നു തടിതപ്പാനുള്ള ശ്രമത്തിലായി ഷിപ്പിങ് മന്ത്രാലയം. ഭീമമായ തുക ചെലവഴിച്ച് കപ്പൽച്ചാലിന് ആഴം വർധിപ്പിച്ചാൽത്തന്നെ മദർ ഷിപ്പുകൾ വരുമെന്ന കാര്യത്തിൽ ഉറപ്പില്ലല്ലോ എന്ന വീണ്ടുവിചാരത്തിലാണ് മന്ത്രാലയം.

നിലവിൽ കണ്ടെയ്നർ കപ്പലുകൾ കൊച്ചിയിൽ നിന്നു പ്രതിവാര സർവീസുകൾ നടത്തുന്നുണ്ടെങ്കിലും അനേകം കണ്ടെയ്നറുകളെ വഹിക്കാൻ കഴിയുന്ന മദർ ഷിപ്പുകൾ അടുക്കാത്തത് കയറ്റിറക്കുമതി മേഖലയിൽ വലിയ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. ഇത്തരം കപ്പലുകൾ ഇപ്പോൾ മുഖ്യമായും ആശ്രയിക്കുന്നത് കൊളംബോ തുറമുഖത്തെയാണ്. അവയ്ക്ക് സുഗമമായി വല്ലാർപാടം ടെർമിനലിൽ അടുക്കാൻ സാഹചര്യമുണ്ടായാൽ, സമയലാഭത്തോടെയും കൊളംബോ തുറമുഖവുമായി ബന്ധപ്പെടാതെയും വിദേശ വിപണികളിലേക്ക് വൻതോതിൽ കണ്ടെയ്നറുകൾ എത്തിക്കാൻ കഴിയും എന്നത് വർഷങ്ങളായി വ്യവസായികളും മറ്റും ചൂണ്ടിക്കാണിക്കുന്നതാണ്.

2011‑ൽ വല്ലാർപാടം കണ്ടെയ്നർ ടെര്‍മിനല്‍ നിലവിൽ വന്നതോടെ, നടത്തിപ്പുകാരായ ദുബായ് പോർട്ട് വേൾഡുമായുണ്ടാക്കിയ കരാർ പ്രകാരം കപ്പൽച്ചാലിൽ നിന്നു ചെളി നീക്കി സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കൊച്ചി തുറമുഖ ട്രസ്റ്റിനായി. സമീപ ഭാവിയിൽ വല്ലാർപാടത്തു നിന്നു കോരിയെടുക്കാൻ പോകുന്ന വൻ വരുമാനത്തിൽ മാത്രം കണ്ണുവച്ചിരുന്നതിനാൽ, ഡ്രഡ്ജിങ്ങ് വകയിൽ വന്നു പെടാനിരിക്കുന്ന ഭീമമായ ചെലവിനെക്കുറിച്ച് ബന്ധപ്പെട്ടവർ തല പുകച്ചില്ല. നേരത്തേ 12.5 മീറ്ററായിരുന്ന കായലിന്റെ ആഴം വല്ലാർപാടം പദ്ധതിക്കായി 14.5 മീറ്ററായി വർധിപ്പിച്ചിരുന്നു. പ്രതീക്ഷിച്ച പോലെ വലിയ കപ്പലുകൾ കൊച്ചിയിലേക്കു വന്നില്ല. ചരക്കും കപ്പലും വരുമാനവും ഇല്ലാതായതോടെ ഭാരിച്ച ചെലവു മൂലം പോർട്ട് ട്രസ്റ്റിന്റെ നിലനിൽപ്പുതന്നെ അപകടത്തിലായി.

2000‑ത്തോളം തൊഴിലാളികളും 7000‑ത്തിനടുത്ത് പെൻഷൻകാരും ആശങ്കയിലായി. ഇന്ത്യൻ നേവിയും കോസ്റ്റ് ഗാർഡും കപ്പൽശാലയുമൊക്കെ കപ്പൽച്ചാൽ ഉപയോഗിക്കുന്നുണ്ടെങ്കിലും ഡ്രഡ്ജിംഗ് ബാധ്യത പോർട്ട് ട്രസ്റ്റിന്റെ ചുമതലയില്‍ തന്നെയാണ്.

Eng­lish Sum­ma­ry : Deep­en­ing of the canal; The cen­ter is play­ing hide and seek

You may like this video also