ദീപിക… പോരാട്ടത്തിന്‍ പെണ്‍ശബ്ദം

Web Desk
Posted on November 27, 2018, 10:29 pm
athulya

അതുല്യ എൻ വി 

ദീപിക സിങ്ങ് രജാവത്… നിശ്ചയദാര്‍ഢ്യത്തോടെ അനീതിക്കെതിരെ പൊരുതുന്ന പെണ്‍കരുത്ത്. രാജ്യത്തിന്റെ മനസാക്ഷിയെ ഒന്നാകെ നൊമ്പരപ്പെടുത്തിയ കഠ്‌വ കേസിലെ നീതിക്കായുള്ള ആദ്യ ശബ്ദമായി മാറിയ അഭിഭാഷക. ആ ശബ്ദം ഇന്നും നിലച്ചിട്ടില്ല..ഇടറിയിട്ടുമില്ല.. ഉറച്ച ശബ്ദത്തില്‍ അവര്‍ പറയുന്ന വാക്കുകള്‍ ഏറ്റെടുക്കേണ്ടതുണ്ട് പെണ്‍മനസുകള്‍.. അവര്‍ക്കും സമൂഹത്തിനും വേണ്ടി..
”സാമൂഹ്യ മാധ്യമങ്ങളില്‍ കൂടി സ്ത്രീ വേട്ടയാടപ്പെടുമ്പോള്‍ അതിനെ ചെറുക്കാന്‍ ബാക്കിയുള്ള സ്ത്രീകള്‍ ഒന്നായി മുന്നിട്ടിറങ്ങണം… തോല്‍പ്പിക്കണം. താനും ഇരയാണ്.., മാധ്യമങ്ങളില്‍ കൂടിയുള്ള വ്യക്തിഹത്യയ്ക്കും പടച്ചുവിട്ട വാസ്തവ വിരുദ്ധമായ വാര്‍ത്തകള്‍ക്കും. എന്നാല്‍ എത്ര തളര്‍ത്താന്‍ ശ്രമിച്ചാലും പോരാടാന്‍ തന്നെയാണ് തീരുമാനം. ഉത്തരവാദിത്തബോധത്തോടെ ധര്‍മത്തിന്റെ പാതയില്‍ നേരിനുവേണ്ടി മരിക്കാന്‍ ഭയമില്ല..” അവളുടെ വാക്കുകള്‍ക്ക്, നേരിന്റെ ആത്മവിശ്വാസത്തിന്‍ കരുത്തിന് മങ്ങലേറ്റിട്ടില്ല… ആരാലും ഊതിക്കെടുത്തുവാനും കഴിഞ്ഞിട്ടില്ല.…
രാജ്യത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച സംഭമായിരുന്നു കഠ്‌വ കൊലപാതകം. ജമ്മുവിനടുത്ത് കഠ്‌വയിലെ രസാന ഗ്രാമത്തിലെ എട്ടുവയസ്സുള്ള ആസിഫ ബാനു എന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പ്രധാന പ്രതിയുടെ കൈവശമുള്ള അമ്പലത്തില്‍ തടവില്‍വെച്ചു കൂട്ടബലാത്സംഗം ചെയ്തു കൊന്നു. കൊലപാതകത്തിന് പിന്നാലെ ശക്തമായ പ്രതിഷേധം രാജ്യത്താകെ അലയടിച്ചു. അതിന് മുന്നേ തന്നെ പെണ്‍കുട്ടിയുടെ നീതിക്കായി പൊരുതിയ ഉറച്ച ശബ്ദമായിരുന്നു ദീപിക സിംഗ് രജാവത് എന്ന നിയമജ്ഞയുടേത്. ജമ്മുകശ്മീര്‍ ഹൈക്കോടതിയിലെ അഭിഭാഷകയും മനുഷ്യാവകാശപ്രവര്‍ത്തകയുമായ ദീപിക ഇല്ലായിരുന്നെങ്കില്‍ ഒരു പക്ഷെ ആസിഫയുടെ ദാരുണ കൊലപാതകവും, കൂട്ട ബലാല്‍സംഗവും വെളിച്ചത്തു വരില്ലായിരുന്നു. മാത്രമല്ല ആരുമറിയാതെ അത് തേഞ്ഞുമാഞ്ഞു പോകുമായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ നീതിക്ക് വേണ്ടി, അവളുടെ കുടുംബത്തിന് വേണ്ടി, വളര്‍ന്ന് വരുന്ന ഒരുപാട് പിഞ്ചു കുഞ്ഞുങ്ങള്‍ക്ക് വേണ്ടി കേസ് സ്വയമേ ഏറ്റെടുത്ത് കോടതിയില്‍ അവള്‍ പോരാടി. എന്നാല്‍ കേസ് ഏറ്റെടുത്തതിന് പിന്നാലെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും നിരവധി ഭീഷണിയും അവഹേളനവുമാണ് അവര്‍ക്ക് നേരിടേണ്ടി വന്നത്. ശക്തമായ തെറ്റിദ്ധരിപ്പിക്കലിന്റെ ഭാഗമായി കേസില്‍നിന്നും അഭിഭാഷകയെ മാറ്റണമെന്ന കുടുംബത്തിന്റെ ആവശ്യം വരെ കാര്യങ്ങള്‍ ഇന്നെത്തിനില്‍ക്കുകയാണ്…

മാധ്യമ സ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളികള്‍

മാധ്യമപ്രവര്‍ത്തകയായിട്ടായിരുന്നു ദീപികയുടെ കരിയറിന്റെ തുടക്കം. അനീതിക്കെതിരെ ശബ്ദിക്കുന്ന മാധ്യമപ്രവര്‍ത്തനത്തില്‍ നിന്ന് നിയമവഴിയിലേക്കുള്ള ചുവട് മാറ്റം അവരെ കൂടുതല്‍ കരുത്തുള്ളവളാക്കി. മാധ്യമങ്ങള്‍ക്ക് നിര്‍ഭയം പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം രാജ്യത്തുണ്ടാവേണ്ടതുണ്ടെന്ന് ദീപിക വ്യക്തമാക്കുന്നു. ശബരിമലയില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമണം പൈശാചികവും പേടിപ്പെടുത്തുന്നതുമാണ്. രാജ്യത്തെ മാധ്യമപ്രവര്‍ത്തകര്‍ തങ്ങളുടെ ഉത്തരവാദിത്തം തിരിച്ചറിയണം. വാര്‍ത്തകള്‍ വളച്ചൊടിക്കാതെ വസ്തുനിഷ്ടമായി അവതരിപ്പിക്കണം. താന്‍ ഒരു ദേശീയ ചാനലിന്റെ ഇരയാണെന്നും തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി അവര്‍ ഷോകള്‍ ആസൂത്രണം ചെയ്യുകയാണെന്നും ദീപിക പറയുന്നു. തന്റെ വ്യക്തിപരമായ ചിത്രങ്ങള്‍ വരെ അവര്‍ ദുരുപയോഗം ചെയ്യുന്നു. എട്ടു വയസുള്ള പെണ്‍കുട്ടിക്ക് വേണ്ടി വാദിച്ചതിനാലാണ് ഈ വേട്ടയാടലുകളെന്ന് പറയുമ്പോഴും ഈ ഭീഷണികള്‍ ദീപികയെ തളര്‍ത്തുന്നില്ല.

സ്ത്രീ സുരക്ഷ.. മാറ്റം വരേണ്ടത് മനോഭാവത്തിന്

രാജ്യത്തെ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും എതിര്‍ക്കുന്നവരെ വ്യക്തിഹത്യ നടത്തി നിശ്ശബ്ധരാക്കാനാണ് ശ്രമിക്കുന്നതെന്നും ദീപിക പറയുന്നു. എത്ര പുരോഗമിച്ചെന്ന് പറഞ്ഞാലും സ്ത്രീകളോടുള്ള കാഴ്ചപ്പാടുകള്‍ക്ക് വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. പുരുഷന്മാരുടെ ചിന്തകളിലെല്ലാം സ്ത്രീകള്‍ ചൂഷണം ചെയ്യേണ്ട സോഫ്റ്റ് ടാര്‍ജറ്റുകളാണ് എന്ന മനോഭാവത്തെ ചോദ്യം ചെയ്താല്‍ മാത്രമേ സ്ത്രീ പുരുഷ സമത്വം യാഥാര്‍ഥ്യമാവുകയുള്ളുവെന്നും അവര്‍ പറഞ്ഞു.

സാമൂഹ്യമാധ്യമങ്ങളിലെ ഭീഷണിയും കുപ്രചരണവും

സാമൂഹ്യ മാധ്യമങ്ങള്‍ വളരെയധികം ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന് ദീപിക സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുന്നു. ക്രൂരമായ വ്യക്തിഹത്യയാണ് എനിക്കെതിരെ നടക്കുന്നത്. കമന്റുകള്‍ വായിച്ചാല്‍ തന്നെ നിരാശ തോന്നും. യുവാക്കളോട് ഒന്ന് മാത്രമേ തനിക്ക് പറയാനുള്ളൂ..മനുഷ്യരെ ബഹുമാനിക്കാന്‍ പഠിക്കണം. അസംബന്ധങ്ങളാണ് തനിക്കെതിരെ പടച്ചുവിടുന്നത്. പരാതി നല്‍കിയിട്ടുണ്ടെങ്കിലും വേണ്ട ഗൗരവത്തോടെ അത് സ്വീകരിക്കപ്പെട്ടില്ല. നമ്മള്‍ ശരിക്കും സംസ്‌കാര സമ്പന്നരും വിദ്യാസമ്പന്നരുമാണോ എന്ന് സംശയം തോന്നിപ്പോകുന്നു. മാധ്യമങ്ങള്‍ ചിലരെ ഗൂഢലക്ഷ്യങ്ങളോടെ അപകടത്തില്‍ തള്ളുകയാണ്. അവരുടെ മാന്യതയും അന്തസും നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് വേണ്ടി കവരുന്നു. ഇത്തരക്കാരെ ചെറുക്കുകയും പ്രതിരോധിക്കുകയും പ്രതിഷേധിക്കുകയും വേണം. സാമൂഹ്യ മാധ്യമങ്ങളുടെ ദുരുപയോഗങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവരണം.

ആരോപണങ്ങളില്‍ പതറാതെ

കേസ് വഴി പണവും പ്രശസ്തിയും സമ്പാദിച്ചു, അതുപയോഗിച്ച് പല രാജ്യങ്ങളിലേക്ക് യാത്രകള്‍ നടത്തി എന്ന് തുടങ്ങി പെണ്‍കുട്ടിയുടെ കുടുംബത്തിന് കിട്ടിയ ആനുകൂല്യങ്ങള്‍ തട്ടിയെടുത്തു എന്ന് വരെയുള്ള ആരോപണങ്ങളാണ് ദീപികയ്ക്ക് നേരെ ഉയര്‍ന്നത്. എനിക്കും കഠ്‌വ പീഡനക്കേസിലെ കുട്ടിയുടെ പ്രായത്തിലുള്ള ഒരു മകളുണ്ട്. അതെന്റെ ഉറക്കം കെടുത്തിയിരുന്നു. അവള്‍ക്ക് നീതി വാങ്ങികൊടുക്കണം എന്ന ലക്ഷ്യത്തോടെ മാത്രമാണ് മുന്നിട്ടിറങ്ങിയത്. ഒരു രൂപ പോലും വാങ്ങാതെയാണ് അവര്‍ക്ക് വേണ്ടി കേസ് വാദിച്ചത്. നടത്തിയ യാത്രകള്‍ ഒക്കെയും സ്വന്തം ചെലവിലോ പങ്കെടുത്ത പരിപാടികളുടെ സംഘാടകര്‍ ചെലവ് വഹിച്ചതോ ആയ യാത്രകള്‍ മാത്രമാണെന്ന് ദീപിക വ്യക്തമാക്കുന്നു. ആരൊക്കെ തടഞ്ഞാലും വ്യക്തിഹത്യ നടത്തിയാലും നീതിക്കും അവകാശങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടം കൂടുതല്‍ ആര്‍ജ്ജവത്തോടെ തുടരുമെന്ന് ദീപിക ആത്മ വിശ്വാസത്തോടെ പറയുന്നു.

ഭീഷണിയുടെയും സമ്മര്‍ദത്തിന്റെയും നാളുകള്‍

കേസേറ്റെടുത്തത് മുതല്‍ വധഭീഷണിയും ബലാല്‍സംഘഭീഷണിയും ഒരുപാടായിരുന്നുവെന്ന് ദീപിക പറയുന്നു. സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ വേറെ. തന്റെ കുഞ്ഞിനെ വരെ നശിപ്പിക്കുമെന്ന ഭീഷണി ഉണ്ടായി. ഒന്നിനും വഴങ്ങാത്തപ്പോഴാണ് കുപ്രചാരണം ആരംഭിച്ചത്. എനിക്കും കുടുംബത്തിനും നേരെ ഇപ്പോഴും ആക്രമണമുണ്ടായേക്കാമെന്ന് ഞാന്‍ ഭയപ്പെടുന്നു. സുരക്ഷയേര്‍പ്പെടുത്തിയിട്ടും സാഹചര്യങ്ങള്‍ക്ക് ഇപ്പോഴും മാറ്റമില്ല. മകളും ഭര്‍ത്താവുമുള്ള വീട്ടില്‍ പേടിയോടെയാണ് കഴിയുന്നത്. കേസേറ്റെടുത്ത് പത്ത് മാസങ്ങള്‍ക്ക് ശേഷവും സാഹചര്യങ്ങള്‍ക്ക് മാറ്റമില്ലെന്ന് ദീപിക പറയുന്നു. ഒരു പക്ഷേ നാളെ ഞാന്‍ കൊല്ലപ്പെട്ടേക്കാം. എന്നാലും പിന്മാറില്ല. പ്രതിബന്ധങ്ങളെ തരണം ചെയ്ത് മുന്നോട്ട് പോകുമെന്ന് ദീപിക ആത്മവിശ്വാസത്തോടെ പറയുന്നു.
ജമ്മുവിന്റെ താഴ്‌വാരങ്ങളില്‍ ബീഭത്സമായ വേദനകളേറ്റുവാങ്ങി ഹിമകണങ്ങള്‍ക്കടിയിലേക്ക് ഊളിയിട്ട് പോയ ഒരു പാവം പിഞ്ചു പെണ്‍കുട്ടിയുടെ ചിത്രം ഇന്നും നമ്മുടെ കാഴ്ചയില്‍ നിന്നകന്നിട്ടില്ല. മനുഷ്യത്വം പാടെ ദ്രവിച്ച് തുടങ്ങിയ സമൂഹത്തില്‍ നന്‍മയുടെ തെളിനീര്‍ വറ്റാത്ത ചിലര്‍ ഇന്നും അവശേഷിക്കുന്നുണ്ട്.. ദീപികയെ പോലെ.. പ്രത്യാശയുടെയും ആശ്വാസത്തിന്റെയും പ്രതീകമായ്… അവര്‍ നീതിക്കായി ശബ്ദമുയര്‍ത്തുക തന്നെ ചെയ്യും. തളര്‍ത്താനായി ദുഷ്ടശക്തികള്‍ അഹോരാത്രം ശ്രമിച്ചാലും ഇടറില്ല ആ ശബ്ദം.