മാന്‍വേട്ട; ഒരാള്‍ അറസ്റ്റില്‍: നാല് പേര്‍ ഒളിവില്‍ 

Web Desk
Posted on September 04, 2019, 6:54 pm

മാനന്തവാടി: മാനിനെ വേട്ടയാടി ഇറച്ചിയാക്കുന്നതിനിടെ ഒരാള്‍ അറസ്റ്റില്‍. സംഘത്തിലുണ്ടായിരുന്ന നാല് പേര്‍ ഓടി രക്ഷപ്പെട്ടു. മാനന്തവാടി വിമല നഗര്‍ ആലക്ക മാറ്റം രാമ(43) നെയാണ് വനം വകുപ്പ് പിടികൂടിയത്. ബുധനാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം.

തിരുനെല്ലി ആക്കൊല്ലി എസ്‌റ്റേറ്റിനോട് ചേര്‍ന്ന തേക്കിന്‍കാട്ടിലാണ് വേട്ട നടന്നത്. വനം വകുപ്പ് ജീവനക്കാര്‍ രാത്രി പരിശോധന നടത്തുന്നതിനിടെ വെടിയൊച്ച കേള്‍ക്കുകയും തുടര്‍ന്ന് നടന്ന പരിശോധനയിലാണ് രാമന്‍ പിടിയിലായത്. സംഭവ സ്ഥലത്ത്‌ സംഘത്തിലുണ്ടായിരുന്ന സുരേഷിന്റെ വാഹനവും കസ്റ്റഡിയില്‍ എടുത്തു. അന്‍പത് കിലോ ഇറച്ചി, തോക്ക്, അമ്പും വില്ലും, കത്തി എന്നിവയാണ് പിടികൂടിയത്. രാമന്റെ സഹോദരനും കേസിലെ പ്രതിയാണ്. ബേഗുര്‍ റെയ്ഞ്ചിലെ സെക്ഷന്‍ ഫോറസ്റ്റര്‍മാരായ സി സുനില്‍കുമാര്‍, കെ ശ്രീജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാണ്ട് ചെയ്തു.