ബദ്ധവൈരികളോടുള്ള തോല്‍വിക്ക് പിന്നാലെ ആഘോഷത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറിനെതിരെ ആരാധകരുടെ വന്‍ രോഷം. കഴിഞ്ഞ ദിവസം നടന്ന സാവോപോളോ സ്‌റ്റേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ നെയ്മറിന്റെ ക്ലബ്ബ് സാന്റോസ് കൊറിന്തന്‍സിനോട് 2–1ന് പരാജയപ്പെട്ടിരുന്നു. സെമിയില്‍ തോറ്റതോടെ സാന്റോസ് പുറത്തായിരുന്നു. കാലിനേറ്റ ചെറിയ പരിക്കിനെ ത്തുടര്‍ന്ന് നെയ്മര്‍ ബെഞ്ചിലായിരുന്നു. എന്നാല്‍ മത്സരത്തിന് ശേഷം റിയോയില്‍ നടന്ന കാര്‍ണിവലില്‍ താരം പങ്കെടുത്തിരുന്നു. ഇതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. സ്വന്തം ടീം പരാജയപ്പെട്ടിരിക്കുമ്പോള്‍ നെയ്മര്‍ കാര്‍ണിവലില്‍ പങ്കെടുത്ത് ആഘോഷിച്ചതിനെതിരേ വിമര്‍ശകര്‍ രംഗത്തെത്തി.
നെയ്മറിനെ മത്സരത്തില്‍ ഇറക്കാത്തതിനെതിരെയും ആരാധകര്‍ രംഗത്തെത്തിയിരുന്നു. താരത്തിന്റെ പരിക്ക് കൂടുതല്‍ ഗുരുതരമാവേണ്ടെന്ന് കരുതിയാണ് നെയ്മറെ ഇറക്കാത്തതെന്നും കോച്ച് പറഞ്ഞു. അതിനിടെ വിമര്‍ശകര്‍ക്കുള്ള മറുപടിയായി സാന്റോസ് നെയ്മര്‍ ഡ്രസിങ് റൂമില്‍ കരയുന്ന വീഡിയോ പുറത്ത് വിട്ടിരുന്നു. മത്സരത്തിലിറങ്ങാന്‍ സാധിക്കാത്തതിലെ വിഷമത്തില്‍ സെമി ഫൈനല്‍ മത്സരത്തിന് മുമ്പ് സഹതാരങ്ങളോട് കരഞ്ഞ് സംസാരിക്കുന്ന വീഡിയോയാണ് സാന്റോസ് പുറത്ത് വിട്ടത്. മികച്ച ഫോമിലുള്ള നെയ്മറെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ താരത്തിന്റെ പരിക്ക് വീണ്ടും തിരിച്ചടിയാവുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.