ഇടതിന്‍റെ അസ്തമയമെന്ന് കരുതി ആഘോഷിക്കുന്നവര്‍ ഇക്കാര്യം കൂടി ഒന്ന് ഓര്‍ക്കുന്നത് നല്ലതാണ്

Web Desk
Posted on May 24, 2019, 12:19 pm

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ഒരു സീറ്റില്‍ മാത്രം ഒതുങ്ങിപ്പോയത് കൊണ്ട് ചുവപ്പ് രാഷ്ട്രീയം അസ്തമിക്കുമെന്ന ധാരണയില്‍ ആഘോഷം നടത്തുന്നവര്‍ പഴയ പാഠങ്ങള്‍ പുനര്‍ വായനയ്ക്ക് വിധേയമാക്കുന്നത് നന്നായിരിക്കും.

തെരഞ്ഞെടുപ്പിലെ പരാജയവും വിജയവും ഒന്നും കമ്മ്യൂണിസ്റ്റ്കാരുടെ പ്രവര്‍ത്തനങ്ങളെ  ബാധിക്കുന്നതല്ല. തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ തോല്‍വിയും വിജയവും സ്വാഭാവികമാണ് ഇടതുപക്ഷത്തിന് തന്നെ സമ്പൂര്‍ണ്ണ പരാജയം ലഭിച്ച തെരഞ്ഞെടുപ്പുകള്‍ മുമ്പും ഉണ്ടായിട്ടുണ്ട്.

ദേശീയതലത്തില്‍ ആര്‍എസ്എസ് നേരിട്ട് നടത്തിയ നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരണത്തോട് വലിയ പ്രതിഷേധവും അവര്‍തന്നെ വരാതിരിക്കാനുള്ള ജാഗ്രതയും കേരളത്തിലെ വോട്ടര്‍മാരിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ ന്യൂനപക്ഷം ഒരു പരിധിവരെ കോണ്‍ഗ്രസിന്റെ കൂടെ നില്‍ക്കാനിടയാക്കിയിട്ടുണ്ട്. അത്തരത്തിലൊരു ധ്രുവീകരണം സംഭവിച്ചതിനാലാണ് അപ്രതീക്ഷിതമായ നേട്ടം യുഡിഎഫിനുണ്ടായത്.

ബിജെപി എന്ന ഭയത്തെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിനെ കൂട്ട്പിടിച്ച ന്യൂനപക്ഷ വിഭാഗക്കാരോട് ഒരു ചോദ്യം. കോണ്‍ഗ്രസ്സിന് നിങ്ങള്‍ ചെയ്ത വോട്ട് ഇപ്പോള്‍ ശരിക്കും പാഴായില്ലേ?

കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് പല കാലഘട്ടത്തിലും വിജയവും പരാജയവും ഉണ്ടായിട്ടുണ്ട് ഇടതിന്റെ അസ്തമയം  എന്ന് പറഞ്ഞ്  ആഘോഷിക്കുന്നവര്‍ ഇക്കാര്യം കൂടി ഒന്ന് ഓര്‍ക്കുന്നത് നല്ലതാണ്.

നിലവില്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനം പോലും ലഭിക്കാത്ത സാഹചര്യമാണുള്ളത്. ന്യൂനപക്ഷങ്ങള്‍ തമിഴകത്തും ആന്ധ്രയിലും, തെലങ്കാനയിലും ഒഡീഷയിലും, യുപിയിലും എല്ലാം പിന്തുണച്ചത് പ്രാദേശിക പാര്‍ട്ടികളെയാണ് അല്ലാതെ കോണ്‍ഗ്രസ്സിനെയല്ല. കോണ്‍ഗ്രസ്സുകാരുടെ കയ്യിലിരിപ്പ് അറിയുന്നതു കൊണ്ടാണ് അവിടുത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ ബദല്‍ മാര്‍ഗ്ഗം തേടിയത്.

എക്കാലത്തും ന്യൂനപക്ഷ സമുദായത്തെ കടന്നാക്രമണങ്ങളില്‍ നിന്നും സംരക്ഷിച്ച് നിര്‍ത്തുന്നതിന് മുന്നില്‍ നിന്ന് പൊരുതിയത് ഇടതുപക്ഷമാണ്. ജാതിയുടെയോ മതത്തിന്റെയോ വര്‍ഗ്ഗീയതയുടേയോ പേരില്‍ നിലപാട് സ്വീകരിക്കുന്നവരല്ല കമ്യൂണിസ്റ്റുകള്‍.

ചുവപ്പിനെ കൈവിട്ട സംസ്ഥാനങ്ങളില്‍ സംഘപരിവാറാണ് പിടിമുറുക്കുന്നത് .ബംഗാളും ത്രിപുരയും അതിന് നേര്‍ക്കാഴ്ച്ചയാണ്. സംഘപരിവാര്‍ ഇപ്പോള്‍ പിടിമുറുക്കിയ  ഇടങ്ങളില്‍ ഇടതുപക്ഷ ഭരണം ഉണ്ടായ കാലഘട്ടങ്ങളില്‍ ഒരൊറ്റ വര്‍ഗ്ഗീയ കലാപങ്ങള്‍ പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഒരു ആള്‍ക്കൂട്ടക്കൊലപാതകങ്ങളും ഉണ്ടായിട്ടില്ല. എന്നാല്‍ ഇപ്പോള്‍ മമത ഭരണത്തില്‍ വര്‍ഗ്ഗീയ കലാപങ്ങളും ആക്രമണങ്ങളും ബംഗാളില്‍ നിത്യസംഭവങ്ങളാണ്. അതിന്റെ ഫലമാണ് ബിജെപിയുടെ മുന്നേറ്റം.

ഒറ്റക്ക്  രാജ്യം ഭരിക്കാനുള്ള അവസരം ബിജെപിക്ക ഉണ്ടാക്കിയത്  കോണ്‍ഗ്രസ്സാണ്.  ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനേ കഴിയൂ എന്ന് ധരിച്ച് വോട്ട് ചെയ്തവരാണിപ്പോള്‍ ഇവിടെ പരിഹാസ്യരായിരിക്കുന്നത് . ബിജെപി വന്നാലും വേണ്ടില്ല കമ്യൂണിസ്റ്റുകള്‍ വിജയിക്കരുത് എന്ന് ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ യുഡിഎഫ് നേതൃത്വം. രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ ഇറക്കിയതും ഇതിന്റെ ഭാഗമാണ്. രക്ഷകന്‍ വന്നു എന്ന് പ്രചരിപ്പിച്ച് ന്യൂനപക്ഷ വിഭാഗത്തെ തെറ്റിധരിപ്പിച്ചു.

ശബരിമല ഉയര്‍ത്തി ഭൂരിപക്ഷ സമുദായത്തിനിടയിലും ആശയ കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചു. ‘ചുവപ്പിന്റെ അന്ത്യം’ ആഗ്രഹിക്കുന്നവര്‍ ഈ യാഥാര്‍ത്ഥ്യം കൂടി ഉള്‍ക്കൊള്ളണം. കമ്യൂണിസ്റ്റുകള്‍ ഇല്ലാതാകുന്ന ഒരു കേരളം ഇഷ്ടപ്പെടുന്നില്ലന്ന് എ കെ ആന്റണി പോലും പറയുന്നത് യാഥാർഥ്യം അറിയുന്നത് കൊണ്ടാണ്.

ഈ തെരഞ്ഞെടുപ്പ് ദേശീയ തലത്തില്‍ കോണ്‍ഗ്രസിനും മറ്റു മതേതര  പ്രസ്ഥനാങ്ങള്‍ക്കും  മുന്നില്‍ നിലപാടുകളിലുള്ള പുനര്‍വിചിന്തനം ആവശ്യപ്പെടുന്നുണ്ട്. യോജിപ്പിന്‍റെ വിശാലമായ  വേദികള്‍ കെട്ടിപ്പടുക്കുന്നതിനുള്ള ബോധപൂര്‍വവും ഉത്തരവാദിത്ത പൂര്‍ണവുമായ  സമീപനങ്ങള്‍  സ്വീകരിക്കണമെന്നതാണത്. രാജ്യത്തെ അധ്വാനിക്കുന്ന കഷ്ടതയനുഭവിക്കുന്ന  ജനപതിനായിരങ്ങള്‍ക്ക്  മുന്നില്‍ പ്രത്യാശയുടെ  പതാകവാഹകരാകുന്നതിന് ഇടതുപക്ഷത്തെ സംബന്ധിച്ച്  കൂടുതല്‍ ഉത്തരവാദിത്തങ്ങളാണ് ഈ തെരഞ്ഞെടുപ്പ് ഏല്‍പ്പിക്കുന്നത്.