തോല്‍വി കമ്മ്യൂണിസ്റ്റുകള്‍ക്ക് പാഠശാല: കാനം

Web Desk
Posted on June 03, 2019, 10:33 pm

(സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ജനയുഗം പ്രത്യേക ലേഖകന്‍ ജയ്‌സണ്‍ ജോസഫ് നടത്തിയ അഭിമുഖത്തില്‍ നിന്ന്)

? ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷമുള്ള രാഷ്ട്രീയ സാഹചര്യം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എങ്ങനെയാണ് വിലയിരുത്തുന്നത്
= അപ്രതീക്ഷിതമായ വിജയമാണ് അധികാരത്തിലിരുന്ന നരേന്ദ്രമോഡി സര്‍ക്കാരിനുണ്ടായിട്ടുള്ളത്. ഒരു വര്‍ഷത്തിലധികമായി ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് പുറത്താക്കണം എന്ന് ലക്ഷ്യമിട്ടാണ് ഇന്ത്യയിലെ മുഖ്യധാര പ്രതിപക്ഷ പാര്‍ട്ടികള്‍ കൂട്ടായ പ്രയത്‌നം ആസൂത്രണം ചെയ്തത്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ സന്ദര്‍ഭത്തില്‍ 17 രാഷ്ട്രീയ പാര്‍ട്ടികളുടെ ഐക്യമുണ്ടാവുകയും മീരാ കുമാര്‍ സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ഥിയാവുകയും ചെയ്തിരുന്നു. അന്ന് സഹകരിക്കാതിരുന്ന ബിജു ജനതാദള്‍ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തോടൊപ്പം സഹകരിച്ച് 18 രാഷ്ട്രീയ പാര്‍ട്ടികളുടെ കൂട്ടുകെട്ടുണ്ടായി.

നരേന്ദ്രമോഡി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരായ സംയുക്ത പ്രക്ഷോഭത്തില്‍ 22 പാര്‍ട്ടികള്‍ ഒരുമിച്ചാണ് ഡല്‍ഹിയില്‍ റാലി സംഘടിപ്പിച്ചത്. ആംആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഡല്‍ഹി റാലിയില്‍ 23 പാര്‍ട്ടികളുടെ പ്രതിനിധികളുണ്ടായി. കഴിഞ്ഞ ഒരു വര്‍ഷക്കാലം അതിശയകരമായി വളര്‍ന്നുവന്ന പ്രതിപക്ഷത്തിന്റെ ഐക്യനിര, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം സീറ്റ് ഷെയറിങ്ങിലേയ്ക്ക് അടുക്കുമ്പോള്‍ തകര്‍ന്നതായി കാണാന്‍ കഴിഞ്ഞു. അതിന്റെ ഫലമായി പ്രതീക്ഷിച്ചപോലെ ഏതാണ്ട് 400 ഓളം സീറ്റുകളില്‍ സംയുക്ത പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥി എന്ന ആശയം പൂവണിഞ്ഞില്ല. അതിന്റെ ദോഷമാണ് ഈ തെരഞ്ഞെടുപ്പിലെ മോഡിയുടെ വിജയം. ബിജെപിക്ക് അവരുടെ വോട്ട് ഷെയര്‍ 39 ശതമാനമായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. എന്‍ഡിഎ എന്ന സംവിധാനത്തില്‍ ആകെ വോട്ട് 44 ശതമാനം. എന്‍ഡിഎ ഐക്യം തന്നെ വിട്ടുവീഴ്ച ചെയ്ത് ബിജെപി ഉണ്ടാക്കിയതാണ്. 44 പ്രതിപക്ഷ പാര്‍ട്ടികളെ, പലതിന്റെയും പേരുപോലും നമുക്കറിയില്ല. എന്നാല്‍ ആ വിട്ടുവീഴ്ചയും ജാഗ്രതയോടുള്ള സമീപനവും മുഖ്യധാരാ പ്രതിപക്ഷ പാര്‍ട്ടികളെടുത്തില്ല. അതിന്റെ ഫലമായിട്ടാണ് ഇപ്പോഴും 56 ശതമാനം നരേന്ദ്രമോഡി സര്‍ക്കാരിനെതിരാണെന്നും അവര്‍ക്ക് വമ്പിച്ച ഭൂരിപക്ഷത്തോടെ പാര്‍ലമെന്റില്‍ അധികാരത്തിലിരിക്കാന്‍ കഴിയുന്നതും.
ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം അതിന്റെ ചരിത്രത്തിലെ ഏറ്റവും കുറവ് അംഗബലമാണ് ഇന്ന് പാര്‍ലമെന്റിലുള്ളത്. അഞ്ച് എംപിമാരാണ് ഇടതുപക്ഷത്തെ പ്രതിനിധാനം ചെയ്യുന്നത്. സിപിഐയുടെ രണ്ടും സിപിഐ(എം)ന്റെ മൂന്നും. ഈ ഒരു സാഹചര്യം ഇടതുപക്ഷത്തെ ഇരുത്തിച്ചിന്തിപ്പിക്കാനും ഇനിയങ്ങോട്ട് മോഡി സര്‍ക്കാരിനെതിരെ യോജിച്ച പോരാട്ടങ്ങള്‍ വളര്‍ത്തിക്കൊണ്ടുവരുന്നതിനുമുള്ള ഒരന്തരീക്ഷമാണ് ഉണ്ടാക്കുക എന്നതാണ് ഞാന്‍ മുന്‍കൂട്ടി കാണുന്നത്.

? തിരിച്ചടിയില്‍ നിന്ന് കരകേറാനുള്ള പരിപാടികള്‍
= ഹിന്ദുത്വ അജണ്ട ഫലപ്രദമായി നടപ്പിലാക്കാന്‍ ആവശ്യമായിട്ടുള്ള പ്രചാരണങ്ങളാണ് മോഡി ആസൂത്രണം ചെയ്തത്. കപടദേശീയത, കപടദേശബോധം ഇതിനെയെല്ലാം ആളിക്കത്തിച്ച് വസ്തുനിഷ്ടമായ ഒരു വിലയിരുത്തലിന് ജനങ്ങള്‍ക്ക് അവസരം നല്‍കാതെ വൈകാരികതയുടെ തലത്തില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ അവര്‍ക്ക് കഴിഞ്ഞു. അതാണ് പുല്‍വാമയ്ക്ക് ശേഷം ഉണ്ടായ സംഭവങ്ങളെ വിലയിരുത്തുമ്പോള്‍ കാണാന്‍ കഴിയുന്നത്. സൈന്യത്തിന്റെ നേട്ടങ്ങളും രാജ്യസുരക്ഷയ്ക്കുവേണ്ടി നടത്തുന്ന പരിശ്രമങ്ങളുമെല്ലാം വോട്ടാക്കി മാറ്റാന്‍ ശ്രമിച്ച ഒരു പ്രധാനമന്ത്രി. യാഥാര്‍ഥ്യത്തിന്റെ തലത്തില്‍ നിന്ന് ഇതുപോലെ വൈകാരിക തലത്തിലേക്കുയര്‍ത്തിയാണ് ഈ തെരഞ്ഞെടുപ്പില്‍ വിജയം നേടാന്‍ അദ്ദേഹത്തിന് കഴിഞ്ഞത്. പ്രതിപക്ഷത്തിനാകട്ടെ അതിനെ ചെറുക്കുന്ന കാര്യത്തില്‍ അവര്‍ക്കൊരുമിച്ച് ശക്തമായി മുന്നോട്ട് പോകാനും കഴിഞ്ഞില്ല.

? കേരളത്തിന്റെ ഒരു സാഹചര്യമെടുത്താല്‍ ശബരിമല ഉള്‍പ്പെടെയുള്ള വൈകാരിക തലങ്ങള്‍ ഉണര്‍ത്തുന്ന വിഷയങ്ങള്‍ ബിജെപിയും യുഡിഎഫും ശക്തമായി ഉന്നയിച്ചു. അത് ഇടതുപക്ഷത്തിന്റെ പുറകോട്ടടിക്ക് കാരണമായിട്ടുണ്ടോ
= യഥാര്‍ഥത്തില്‍ ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നത് നരേന്ദ്രമോഡിയുടെ അധികാരത്തുടര്‍ച്ചയുടെ പ്രശ്‌നമാണ്. എങ്കിലും കേരളത്തില്‍ ആ ചര്‍ച്ചകളെ ഹൈജാക്ക് ചെയ്ത് വിശ്വാസത്തിന്റെ പേരില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണിയെ ക്രൂശിക്കുന്ന നിലയിലേക്കാണ് പോയത്. സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി 91 ലെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധിക്ക് വിരുദ്ധമാണ്. വിധി നടപ്പിലാക്കാനുള്ള ചുമതലയാണ് ഇവിടെ അധികാരത്തിലിരിക്കുന്ന സര്‍ക്കാരിനുള്ളത്. അത് സഖാവ് പിണറായി വിജയനും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനും ഒരുപോലെ ബാധകമായിട്ടുള്ള കാര്യമാണ്. അവരും ബോംബെ ഹൈക്കോടതിയുടെ വിധി നടപ്പിലാക്കുകയുണ്ടായി. എന്നാല്‍ സര്‍ക്കാര്‍ ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നത് വിശ്വാസ സമൂഹത്തിന്റെ നേരെയുള്ള കടന്നാക്രമണമായി തെറ്റിദ്ധരിപ്പിച്ച് വലിയ പ്രചാരം നടത്തിയത് കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ചാണ് എന്നതാണ് ഇവിടത്തെ പ്രത്യേകത. കേരളത്തില്‍ അവരുടെ മുഖ്യശത്രു എല്‍ഡിഎഫായിരുന്നു എന്നതുകൊണ്ടാണ് എല്‍ഡിഎഫിന്റെ വോട്ട് ഷെയറില്‍ കുറവുണ്ടാക്കാന്‍ അവര്‍ക്ക് കഴിഞ്ഞത്. അതൊരുപക്ഷെ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് വിള്ളലുണ്ടാക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ഞങ്ങളാണ് മോഡിയോട് എതിര്‍ക്കാന്‍ പോകുന്നതെന്നും ഒരു ബദലുയര്‍ത്തുന്നത് തങ്ങളാണെന്നുമുള്ള കോണ്‍ഗ്രസിന്റെ വ്യാപകമായ പ്രചാരം മതനിരപേക്ഷ ചിന്തയുള്ള വോട്ടര്‍മാരില്‍ ഒരു വലിയ അളവ് സ്വാധീനിച്ചിട്ടുണ്ട്. അങ്ങനെ ഇരുതലങ്ങളില്‍ നിന്നും വോട്ടുകള്‍ നഷ്ടപ്പെട്ടതുകൊണ്ടാണ് ഈ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ വോട്ട് ഷെയറുമായി എല്‍ഡിഎഫിന് ഇന്ന് നില്‍ക്കേണ്ടി വന്നിട്ടുള്ളത്.

?‘തിരിച്ചുപിടിക്കാമെന്ന ശുഭാപ്തിവിശ്വാസമുണ്ടോ
= ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം ജനങ്ങളില്‍ വിശ്വാസമര്‍പ്പിച്ച് അവരോടൊപ്പം നിന്ന് പോരാടുക എന്നതാണ് ലക്ഷ്യം. ഈ തെരഞ്ഞെടുപ്പിന്റെ പരാജയമെന്താണ് എന്ന് സൂഷ്മതലത്തില്‍ വിലയിരുത്തി തിരുത്താന്‍ ശക്തമായ നടപടികള്‍ എല്‍ഡിഎഫിന്റെ ഭാഗത്തുനിന്നുണ്ടാകും. കമ്മ്യൂണിസ്റ്റുകാരെ സംബന്ധിച്ചിടത്തോളം പരാജയം ഒരു പാഠശാലയാണ്. ഇടതുപക്ഷ സര്‍ക്കാരിന്റെ നടപടികള്‍ തെറ്റിദ്ധരിച്ച്, അല്ലെങ്കില്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരാന്‍ പോകുന്നു എന്ന് തെറ്റിദ്ധരിച്ച് വോട്ട് ചെയ്തവരെ വിശ്വാസത്തിലെടുത്തുതന്നെ, അവരെ ഇത് ബോധ്യപ്പെടുത്തി മുന്നോട്ടുപോകാന്‍ എല്‍ഡിഎഫിന് കഴിയുമെന്നാണ് വിശ്വാസം.

? ബിജെപി ഒഴുക്കിയ പണത്തിന്റെ ചെലവുകളും കണക്കുകളും പണക്കൊഴുപ്പിന്റെ തെരഞ്ഞെടുപ്പായിരുന്നു നടന്നതെന്ന് തെളിയിച്ചു. ഇതിനെ മറികടക്കാന്‍ പാര്‍ട്ടിയുടെ നിര്‍ദ്ദേശം.
= തെരഞ്ഞെടുപ്പ് സമ്പ്രദായത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന മസില്‍, മണി പവര്‍ കൂടാതെ രാഷ്ട്രീയത്തിലുണ്ടാകുന്ന ക്രിമിനലുകളുടെപ്രവേശനം, ഇതൊക്കെ നമ്മുടെ രാഷ്ട്രീയത്തെ ദുര്‍ബ്ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഇപ്പോള്‍ തന്നെ പല നിയോജക മണ്ഡലത്തിലെ വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ ഉത്തര്‍പ്രദേശിലും ബിഹാറിലുമൊക്കെ ധാരാളം പരാതികളുണ്ടായി. അവിടെ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ട് പെട്ടിയിലുണ്ടെന്ന് കാണുന്നു. ഇത്തരം സംഭവങ്ങള്‍ തെരഞ്ഞെടുപ്പ് സമ്പ്രദായത്തിന്റെ പരാജയമാണെന്ന് മനസിലാക്കി അതിന്റെ പരിഷ്‌കരണത്തെക്കുറിച്ച് ചിന്തിക്കണം.

പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന ഇന്ദ്രജിത് ഗുപ്ത അധ്യക്ഷനായി വന്ന സമിതി ഇന്ത്യന്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ച തെരഞ്ഞെടുപ്പ് പരിഷ്‌കരണ റിപ്പോര്‍ട്ടുണ്ട്. തെരഞ്ഞെടുപ്പിന്റെ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് അതില്‍ പറയുന്നുണ്ട്. എന്നാല്‍ കോര്‍പ്പറേറ്റുകള്‍ക്ക് അവര്‍ക്കിഷ്ടമുള്ള പാര്‍ട്ടികള്‍ക്ക് സംഭാവനകള്‍ എഴുതിയത് മറച്ചുവയ്ക്കാനുള്ള നിയമ ഭേദഗതി പോലും അടുത്തകാലത്ത് കൊണ്ടുവന്നു. അങ്ങനെ കോര്‍പ്പറേറ്റുകള്‍ക്ക് പണമൊഴുക്കാനും ബിജെപിയെ പോലെയുള്ള പാര്‍ട്ടികള്‍ കുന്നിന്റെ മുകളിലും നമ്മള്‍ പാവപ്പെട്ട പാര്‍ട്ടികള്‍ താഴെയും നില്‍ക്കുന്ന ഒരു സാഹചര്യം ഉണ്ടാക്കാനും കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചു. അതേസമയം തെരഞ്ഞെടുപ്പില്‍ യഥാര്‍ഥ വോട്ടര്‍മാരുടെ അഭിപ്രായങ്ങള്‍ പ്രതിഫലിക്കണമെങ്കില്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭിക്കുന്ന വോട്ടിന്റെ അടിസ്ഥാനത്തില്‍ പ്രൊപ്പോസല്‍ ഓഫ് റപ്രസന്റേഷന്‍ നടപ്പിലാക്കണമെന്ന ആശയമാണ് വര്‍ഷങ്ങളായിട്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്നോട്ടുവച്ചിട്ടുള്ളത്. അത് നടപ്പിലാക്കുക എന്നതല്ലാതെ മറ്റൊരുപരിഹാരം നമുക്കിപ്പോള്‍ പുതിയതായി നിര്‍ദ്ദേശിക്കാനില്ല.

? കുത്തകകള്‍ക്ക് സ്വാധീനമുണ്ടായിരുന്ന തെഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനെതിരെ അവരുടെ ഭാഗത്തുനിന്ന് ഒരു ഇടപെടലുണ്ടാവാന്‍ സാധ്യതയുണ്ടോ
= തൊണ്ണൂറുകള്‍ക്കുശേഷം ഇന്ത്യയില്‍ നടന്ന വലിയ പണിമുടക്കങ്ങള്‍ നടന്നു. കോടിക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന പണിമുടക്കങ്ങളെല്ലാം സര്‍ക്കാരെടുക്കുന്ന നിലപാടുകള്‍ക്കെതിരായി കണ്‍സിസ്റ്റന്റായി നിലപാട് സ്വീകരിക്കുന്ന ഒരേയൊരുവിഭാഗം ഇടതുപക്ഷം മാത്രമെന്ന് ബോധ്യപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ സാമ്പത്തിക നയങ്ങളുടെ വേഗത പോര എന്നാഗ്രഹിക്കുന്ന കോര്‍പ്പറേറ്റ് ഉടമകള്‍ സര്‍ക്കാരിന്മേല്‍ ഒരുപാട് സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണ്. ഒരു ഭാഗത്ത് അങ്ങനെ സമ്മര്‍ദ്ദം ചെലുത്തുമ്പോള്‍ മറുഭാഗത്ത് അതിനോടുള്ള എതിര്‍പ്പ് ദുര്‍ബലമാക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായിട്ട് ഇടതുപക്ഷത്തെ മാര്‍ജിനലൈസ് ചെയ്യണമെന്ന ഒരു അജണ്ട ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തിലുണ്ട്. അതില്‍ കുറച്ചൊക്കെ അവര്‍ വിജയിക്കുന്നു. പ്രതിപക്ഷത്തിന്റെ യോജിപ്പ് ഇല്ലാതാക്കാന്‍, പ്രതിപക്ഷത്തിന്റെ യോജിപ്പ് ഉണ്ടായാല്‍ തന്നെ ഇടതുപക്ഷത്തെ ഇല്ലാതാക്കാന്‍ ഒക്കെയുള്ള പരിശ്രമങ്ങളില്‍ അവരുടെ കൈയ്യൊപ്പ് നമുക്ക് കാണാന്‍ കഴിയും എന്നതാണ് പ്രത്യേകത.

? ഈ സാഹചര്യത്തില്‍ പാര്‍ട്ടി, മുന്നണി പ്രവര്‍ത്തകരോട് പറയാനുള്ളത്
= കമ്മ്യൂണിസ്റ്റുകാര്‍ക്ക് നിരാശയുടെ അന്തരീക്ഷമില്ല. തെരഞ്ഞെടുപ്പില്‍ നാം പരാജയപ്പെട്ടാലും നമുക്ക് മുന്നോട്ട് പോകാന്‍ കഴിയും എന്ന പ്രതീക്ഷയാണുള്ളത്. പരാജയങ്ങളെയും തിരിച്ചടികളെയും മുറിച്ച് കടന്ന് മുന്നോട്ട് പോകുമ്പോഴാണ് ഒരു കമ്മ്യൂണിസ്റ്റിന്റെ വീര്യം പ്രകടിപ്പിക്കാന്‍ പറ്റുന്നത്. അതുകൊണ്ട് നമ്മുടെ പരാജയത്തിന്റെ പാഠങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ജനങ്ങളോടൊപ്പം നില്‍ക്കണം. നാമുയര്‍ത്തുന്ന ആശയങ്ങള്‍ക്കുവേണ്ടി, യഥാര്‍ഥ ഇടതുപക്ഷ നിലപാടുകള്‍ക്കുവേണ്ടി കൂടുതല്‍ ശക്തമായി ശബ്ദമുയര്‍ത്താന്‍ തയ്യാറാവുക എന്നതാണ് നമ്മുടെ ചുമതല. അതോടൊപ്പം തന്നെ ഈ നയങ്ങള്‍ക്ക് ബദലുയര്‍ത്തിക്കൊണ്ടാണ് കേരളത്തില്‍ എല്‍ഡിഎഫുള്ളത്. അതുകൊണ്ട് എല്‍ഡിഎഫിനെ ശക്തിപ്പെടുത്താന്‍ ഉള്ള നടപടികളിലും പാര്‍ട്ടി മുന്നോട്ട് പോകേണ്ടതുണ്ട്.

(അഭിമുഖത്തിന്റെ വീഡിയോ കാണുന്നതിന് https://janayugomonline. com/kanaminterviewexclusive/ജനയുഗം ഓണ്‍ലൈന്‍ സന്ദര്‍ശിക്കുക).