May 27, 2023 Saturday

Related news

May 27, 2023
May 26, 2023
May 25, 2023
May 25, 2023
May 21, 2023
May 18, 2023
May 18, 2023
May 17, 2023
May 17, 2023
May 15, 2023

ബിജെപിയെ തോല്പിക്കുക,രാജ്യത്തെ രക്ഷിക്കുക

Janayugom Webdesk
ഡി രാജ
April 1, 2023 4:55 am

1925ൽ രൂപീകൃതമായതുമുതൽ, ജനങ്ങളുടെ മെച്ചപ്പെട്ട ജീവിതത്തിനായുള്ള സമരങ്ങളുടെ മുൻനിരയിൽ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാർട്ടി നിലകൊണ്ടു. ജനങ്ങൾക്കും രാജ്യത്തിനും വേണ്ടി ത്യാഗങ്ങള്‍ സഹിക്കുന്നതിൽ സിപിഐ എന്നും ഒന്നാം സ്ഥാനത്താണ്. സമൂഹത്തിലെ ചൂഷണത്തിനെതിരെയും പാർശ്വവൽക്കരണത്തിനും വിവേചനത്തിനും വിധേയരായ വിഭാഗങ്ങൾക്ക് ശബ്ദം നല്കാനുമുള്ള ദേശീയ അജണ്ടയും പാര്‍ട്ടിക്കുണ്ട്. പാെരുതി നേടിയ തൊഴിൽ അവകാശങ്ങളിലും കർഷക അവകാശങ്ങളിലും പാര്‍ട്ടിയുടെ സംഭാവന ഒളിമങ്ങാത്തതാണ്. ജനങ്ങൾക്കും സമൂഹത്തിനും വേണ്ടി മഹാത്യാഗങ്ങൾ സഹിച്ച രക്തസാക്ഷികളുടെ ചോരകൊണ്ട് സമ്പന്നവും പ്രചോദനാത്മകവുമാണ് അതിന്റെ ചരിത്രം. നമ്മുടെ രാജ്യം ഇപ്പോള്‍ ജനാധിപത്യത്തിന്റെ നിലനില്പിനെത്തന്നെ ചോദ്യം ചെയ്യുന്ന അഭൂതപൂർവമായ ഒരു രാഷ്ട്രീയ സാഹചര്യത്തെയാണ് അഭിമുഖീകരിക്കുന്നത്. ആർഎസ്എസിന്റെ ഭിന്നിപ്പിക്കൽ അജണ്ടയാൽ നിയന്ത്രിക്കപ്പെടുന്ന ഭരണമാണ് കേന്ദ്രത്തിലും ചില സംസ്ഥാനങ്ങളിലും നിലവിലുള്ളത്. സ്വാതന്ത്ര്യസമര പ്രസ്ഥാനം നേടിയെടുത്ത എല്ലാ മൂല്യങ്ങളെയും നശിപ്പിക്കുന്നതാണ് ഇവരുടെ പ്രത്യയശാസ്ത്രം. ആര്‍എസ്എസ് സ്പോൺസർ ചെയ്യുന്ന ഹിന്ദുത്വം പിടിമുറുക്കിയതിനാൽ നാടിന്റെ മതേതരത്വവും സോഷ്യലിസവും പോലുള്ള അടിസ്ഥാന മൂല്യങ്ങൾ ചവിട്ടിമെതിക്കപ്പെടുകയാണ്. മനുവാദം മുന്നോട്ടുവയ്ക്കുന്ന സാമൂഹ്യക്രമത്തില്‍ ജാതി അതിക്രമങ്ങളും വർധിച്ചു. ചരിത്രപരമായി പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളോടുള്ള വിവേചനം സ്ഥാപനവല്‍ക്കരിക്കപ്പെടുന്നു. ചങ്ങാത്ത മുതലാളിത്തം രാജ്യത്തിന്റെ വിലയേറിയ വിഭവങ്ങൾ ഭരണകൂട ഒത്താശയോടെ കവരുന്നു.

തെരഞ്ഞെടുപ്പിലൂടെയാണ് ബിജെപി അധികാരത്തിലെത്തിയതെങ്കിലും അവരുടെ പ്രത്യയശാസ്ത്രത്തിന്റെ ഉറവിടമായ ആർഎസ്എസ് രൂപീകരണം മുതൽ ജനാധിപത്യ വിരുദ്ധമാണ്. ആ പ്രത്യയശാസ്ത്രത്തിന്റെ സ്വാധീനത്തിൽ, സർക്കാർ തന്നെ ജനാധിപത്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. പൗരാവകാശങ്ങൾ പതിവായി ലംഘിക്കപ്പെടുകയും ഭരണഘടനാ തത്വങ്ങള്‍ അട്ടിമറിക്കപ്പെടുകയും ചെയ്യുന്നു. പാർലമെന്റിലെ ഭൂരിപക്ഷം ദുരുപയോഗം ചെയ്തുകൊണ്ട് പാർലമെന്റിനെത്തന്നെ നോക്കുകുത്തിയാക്കുകയും പ്രതിപക്ഷത്തെയാകെ ദേശവിരുദ്ധരായി ചിത്രീകരിക്കുകയും ചെയ്യുന്നു. മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി, ചൊ ല്‍പ്പടിയിലാക്കി. അവ സർക്കാരിനൊപ്പം നിൽക്കുകയും പ്രതിപക്ഷത്തെ കളങ്കപ്പെടുത്തുകയും ചെയ്യുന്നു. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം പോലും എക്സിക്യൂട്ടീവിലൂടെ നിരന്തരം വെല്ലുവിളിക്കപ്പെടുന്നു. ഹിന്ദുത്വ ശക്തികളുടെ ആക്രമണത്തിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കാൻ എല്ലാ മതേതര-ജനാധിപത്യ ശക്തികളെയും ഒന്നിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഈ വിഷയങ്ങൾ നമ്മുടെ പാർട്ടി ജനങ്ങളിലേക്ക് എത്തിക്കണം.


ഇതുകൂടി വായിക്കൂ: നീതിപീഠത്തിന്റെ വാക്കുകള്‍ ഭരണകൂടം കേള്‍ക്കട്ടെ


കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ ശിക്ഷയും അയോഗ്യതയും ജനാധിപത്യത്തിന്റെ ഭാവി, വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം, ഭരണഘടനാ സ്ഥാപനങ്ങളുടെ നിലനില്പ് എന്നിവയുമായി ബന്ധപ്പെട്ട് നിരവധി നിർണായക ചോദ്യങ്ങൾ ഉയർത്തുന്നു. പ്രതിപക്ഷത്തെ ഭയപ്പെടുത്താനും സ്വേച്ഛാധിപത്യ ഫാസിസ്റ്റ് ഭരണം സ്ഥാപിക്കാനുമുള്ള ബിജെപി-ആർഎസ്എസ് കൂട്ടുകെട്ടിന്റെ കുതന്ത്രമാണ് ഇത് കാണിക്കുന്നത്. ഈ സാഹചര്യത്തിൽ പാര്‍ട്ടി ദേശീയ കൗൺസിൽ ഏപ്രിൽ 14 മുതൽ മേയ് 15 വരെ നിർദേശിച്ചിട്ടുള്ള രാഷ്ട്രീയ പ്രചാരണം ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുന്നതില്‍ അതിനിർണായകമാണ്. സാമൂഹിക നീതിക്കും ജാതി ഉന്മൂലനത്തിനും വേണ്ടി ജീവിതകാലം മുഴുവന്‍ പോരാടിയ ഭരണഘടനാ ശില്പി ഡോ. അംബേദ്കറുടെ ജന്മദിനമാണ് ഏപ്രിൽ 14. മേയ് ഒന്ന് ലോകമെമ്പാടുമുള്ള അധ്വാനിക്കുന്നവരുടെ വിജയദിനവും. ഈ ദിനങ്ങളില്‍ സാമൂഹിക നീതിക്കും സോഷ്യലിസത്തിനും വേണ്ടി പോരാടാൻ ജനങ്ങളെ അണിനിരത്തുകയും പ്രചരണം നടത്തുകയും വേണം.

2024ലെ ലോക് സഭാ തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ ചരിത്രത്തിൽ വളരെ നിർണായകമാണ്. പല സംസ്ഥാന നിയമസഭകളിലും ഇടവേളയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. കർണാടകയില്‍ തെരഞ്ഞെടുപ്പിന്റെ സമയക്രമം പ്രഖ്യാപിച്ചു. അവിടെ മേയ് 10നാണ് വോട്ടെടുപ്പ്. ദക്ഷിണേന്ത്യയിലേക്കുള്ള തങ്ങളുടെ കവാടമായാണ് കർണാടകയെ ബിജെപി കണക്കാക്കുന്നത്. രാഷ്ട്രത്തെയും ഭരണഘടനയെയും ജനാധിപത്യത്തെയും രക്ഷിക്കാൻ ഈ തെരഞ്ഞെടുപ്പുകളിലെല്ലാം ബിജെപിയെ പരാജയപ്പെടുത്തേണ്ടതുണ്ട്. ഈ നിർണായക ഘട്ടത്തിൽ, സംഘ്പരിവാറിന്റെ വിഭജനവും ചൂഷണപരവുമായ തന്ത്രങ്ങളില്‍ നിന്ന് രാജ്യത്തെയും ഭരണഘടനയെയും പൗരന്‍മാരെയും സംരക്ഷിക്കാനുള്ള പോരാട്ടത്തിന് നേതൃത്വം നല്കേണ്ടത് ഇടതുപക്ഷത്തിന്റെ ചരിത്രപരമായ ഉത്തരവാദിത്തമാണ്. ചെങ്കൊടി എന്നും സാധാരണക്കാർക്കൊപ്പമാണ്. ബദൽ അജണ്ടയുമായി നമ്മള്‍ ജനങ്ങളിലേക്കെത്തിയാൽ രാജ്യം വിജയിക്കും. വർഗീയ ഫാസിസ്റ്റ് ശക്തികളുടെ വെല്ലുവിളികൾ ഏറ്റെടുക്കാൻ കരുത്തുറ്റ സിപിഐ കാലഘട്ടത്തിന്റെ ആവശ്യമാണ്. 2022 ഒക്ടോബറിൽ വിജയവാഡയിൽ നടന്ന 24-ാം പാർട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിൽ, പൊതു ആരോഗ്യം, പൊതുവിദ്യാഭ്യാസം, ഭൂമി, പാർപ്പിടം, തൊഴിൽ, ഭക്ഷ്യസുരക്ഷ എന്നിവ അടിസ്ഥാന ആവശ്യങ്ങളായി അംഗീകരിച്ചിട്ടുണ്ട്. പൗരന്മാർക്ക് ഇത്തരം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാരിന്റെ പരാജയം ഉയർത്തിക്കാട്ടിക്കൊണ്ടുള്ള രാഷ്ട്രീയ പ്രചാരണത്തില്‍ ആളുകളെ അണിനിരത്തുകയും ഫലപ്രദമായി അവതരിപ്പിക്കുകയും വേണം.


ഇതുകൂടി വായിക്കൂ: മാറാത്ത മുഖംമൂടിയും മറുപടിയില്ലാത്ത ചോദ്യങ്ങളും


ദേശീയ ‑പ്രാദേശിക തലങ്ങളില്‍ അടുത്തിടെ ഉയർന്നുവന്ന പ്രശ്നങ്ങളും പ്രചാരണത്തില്‍ ഉള്‍പ്പെടുത്തണം.അഡാനി ഗ്രൂപ്പ് ഓഫ് കമ്പനികളിലെ ക്രമക്കേടുകളെക്കുറിച്ചുള്ള ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് മോഡി സർക്കാരിന്റെ ചങ്ങാത്തമുതലാളിത്തമാണ് വെളിച്ചത്ത് കൊണ്ടുവന്നത്. ക്രമക്കേടുകൾ അന്വേഷിക്കാൻ സംയുക്ത പാർലമെന്ററി സമിതി (ജെപിസി) രൂപീകരിക്കാൻ സർക്കാർ വിസമ്മതിച്ചത് കൂട്ടുകെട്ടിന്റെ തെളിവാണ്. പാർലമെന്റിന്റെ ഘടനയനുസരിച്ച് ജെപിസിയിൽ ഭൂരിപക്ഷം ബിജെപിക്കായിരിക്കും. എന്നിട്ടും വിഷയം അന്വേഷിക്കാൻ അവർ ഭയപ്പെടുന്നു എന്നത് ബിജെപിയുടെ ചങ്ങാത്ത മുതലാളിത്തത്തിന്റെ അറയിൽ കൂടുതല്‍ ദുര്‍ഭൂതങ്ങള്‍ ഉണ്ടെന്ന് വ്യക്തമാ‌ക്കുന്നു. രാജ്യത്തിന്റെ സമ്പത്തായ ദേശീയ ആസ്തികൾ തിരഞ്ഞെടുത്ത ചിലർക്ക് ചുളുവിലയ്ക്ക് വിൽക്കുന്നു. മറുവശത്ത് ബിജെപി, ഇലക്ടറൽ ബോണ്ടുകൾ വഴി സഹസ്രകോടികള്‍ സമ്പാദിക്കുന്നു. സമ്പദ്‌വ്യവസ്ഥയുടെ മിക്കവാറും എല്ലാ മേഖലകളും സ്വകാര്യവൽക്കരിക്കപ്പെടുകയാണ്. ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ (എൽഐസി), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) തുടങ്ങിയ സ്ഥാപനങ്ങളുടെ നിലനില്‍പ്പ് ഭീഷണിയിലാണ്. ഈ സ്ഥാപനങ്ങളിലെ പണം ജനങ്ങളുടെതാണ്.

പൊതുമേഖലയ്ക്ക് സഹായം നല്കുന്നതിനുപകരം, മുതലാളിമാരുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് സ്വന്തം നേട്ടത്തിനായി ബിജെപി ഉപയോഗിക്കുന്നു. രാജ്യം പണപ്പെരുപ്പത്തിൽ നട്ടംതിരിയുന്നു. പൊതുസമ്പാദ്യം അഴിമതിക്കാരായ മുതലാളിമാരുടെ ഖജനാവിൽ നിറച്ചുകൊണ്ട് സര്‍ക്കാര്‍ സാധാരണ ജനങ്ങളെ വഞ്ചിക്കുന്നു. ഈ വിഷയങ്ങളെല്ലാം ജനങ്ങളിലെത്തിക്കുന്നതിന് പദയാത്രകൾ ഉൾപ്പെടെ സംഘടിപ്പിക്കാവുന്നതാണ്. ആർഎസ്എസ്-ബിജെപി ഭരണത്തിലെ ജീർണതകൾ തുറന്നുകാട്ടുകയും കൂടുതൽ ആളുകളിലേക്ക്, പ്രത്യേകിച്ച് യുവതലമുറയിലേക്ക് എത്താൻ സമൂഹമാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിക്കുകയും വേണം. ഭിന്നതകൾക്കെതിരെ സമൂഹത്തെ ഒന്നിപ്പിക്കേണ്ടതിന്റെ ആവശ്യകത ഉയർത്തിക്കാട്ടുന്ന പരിപാടികൾ വർഗ, ബഹുജന, സാംസ്കാരിക സംഘടനകളുമായി ഏകോപിപ്പിച്ച് ഏറ്റെടുക്കണം. എല്ലാ മതനിരപേക്ഷ‑ജനാധിപത്യ ശക്തികളുടെയും തത്വാധിഷ്ഠിതവും പ്രത്യയശാസ്ത്രപരവുമായ ഐക്യം രൂപപ്പെടുത്തുക എന്നതായിരിക്കണം നമ്മുടെ പ്രചാരണത്തിന്റെ ഒരു പ്രധാന ലക്ഷ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.