Web Desk

December 12, 2019, 7:04 pm

‘ഉന്നാവോയിലേക്കാൾ ഭീകരമായിരിക്കും നിന്റെ അവസ്ഥ’: ബലാത്സംഗ ഇരയ്ക്ക് പ്രതിയുടെ ഭീഷണി

Janayugom Online

ബഗ്പത്: ഉത്തർ പ്രദേശിലെ ബഗ്പതിൽ ബലാത്സംഗത്തിനിരയായി പരാതി നൽകിയ പെൺകുട്ടിക്കെതിരെ ഭീഷണി. പെണ്‍കുട്ടിയുടെ വീടിന്റെ ചുമരിലാണ് ‘ഉന്നാവോയിലെ പെൺകുട്ടിയുടെതിനെക്കാൾ മോശമായിരിക്കും നിന്റെ അവസ്ഥ’ എന്ന് ഭീക്ഷണി കത്ത് പതിച്ചത്. പെൺകുട്ടിയുടെ പിതാവ് കഴിഞ്ഞ ദിവസം വീട്ടിലെത്തിയപ്പോഴാണ് ചുമരിൽ പതിച്ചിരുന്ന ഭീഷണിക്കത്ത് ശ്രദ്ധയിൽപ്പെട്ടത്. പ്രതിയും അയാളുമായി അടുപ്പമുള്ള ചിലരുമാണ് ഭീഷണിക്കു പിന്നിലെന്നു കുടുംബം ആരോപിച്ചു.

ഡൽഹിയിലെ മുഖർജി നഗറിൽ വച്ചാണ് കഴിഞ്ഞ വർഷം പെൺകുട്ടി ബലാത്സംഗത്തിന് ഇരയായത്. ജൂലൈയിൽ ഇതു സംബന്ധിച്ച് പൊലീസിൽ പരാതി നൽകുകയും ചെയ്തു. സംഭവത്തില്‍ പ്രതിയെ ഡൽഹി പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ബുധനാഴ്ച ഇയാൾ ജാമ്യത്തിലിറങ്ങിയിരുന്നു.

you may also like this video;

ഒരു വർഷം മുമ്പ് സുഹൃത്തിനൊപ്പം പോയ തന്നെ മദ്യവും ലഹരിമരുന്നും നൽകി പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി പൊലീസിനു നൽകിയ മൊഴി. പീഡന ദൃശ്യങ്ങൾ ചിത്രീകരിച്ച പ്രതി അത് കാട്ടി ഭീഷണിപ്പെടുത്തി പല തവണ പീഡിപ്പിച്ചതായും പെൺകുട്ടി മൊഴിയിൽ പറയുന്നു. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ബദുവാൻ ഗ്രാമത്തിൽ നിന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഭീക്ഷണി കത്ത് ലഭിച്ച സാഹചര്യത്തിൽ പെൺകുട്ടിയ്ക്ക് പൂർണമായ സുരക്ഷ ഉറപ്പുവരുത്തിയതായും പൊലീസ് വ്യക്തമാക്കി.

കേസിൽ വെള്ളിയാഴ്ച പെൺകുട്ടി ഡൽഹി കോടതിയിൽ മൊഴി നൽകാനിരിക്കുകയാണ്. ഇതിനിടെയാണ് പെൺകുട്ടിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കത്ത് വീടിന്റെ ചുമരിൽ പ്രത്യക്ഷപ്പെട്ടത്.