തൊടുപുഴ: പതിനാലുകാരിയെ തട്ടിക്കൊണ്ടുപോയി തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ച മൈനര്‍ ഇറിഗേഷന്‍ ഓവര്‍സിയര്‍ക്ക് ജീവപര്യന്തം കഠിനതടവും രണ്ടുലക്ഷം പിഴയും. തിരുവനന്തപുരം ധനുവച്ചപുരം ഹരിഭവനില്‍ ഹരീഷ് (ഹരി-40) യാണ് തൊടുപുഴ ഒന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ അനില്‍കുമാര്‍ ശിക്ഷിച്ചത്. ഇതിന് പുറമെ തട്ടിക്കൊണ്ടുപോയതിന് അഞ്ച് വര്‍ഷം കഠിനതടവും 10, 000 രൂപ പിഴയും അടയ്ക്കണം. തടവുശിക്ഷ ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതി.
പിഴതുക പെണ്‍കുട്ടിക്ക് കൈമാറാനും കോടതി ഉത്തരവിട്ടു. 2009 ലാണ് കേസിനാസ്പദമായ സംഭവം. വണ്ടന്മേട് മൈനര്‍ ഇറിഗേഷന്‍ സെക്ഷന്‍ ഓഫീസില്‍ ഓവര്‍സിയറായി ജോലി ചെയ്യവേയാണ് പ്രതി പെണ്‍കുട്ടിയെ സൗഹൃദം സ്ഥാപിച്ച് പീഡിപ്പിച്ചത്. കഞ്ഞിക്കുഴിയിലെ സ്കൂളില്‍ പഠിച്ചിരുന്ന പത്താം ക്ലാസ് വിദ്യാര്‍ഥിനിയെയാണ് പ്രതി പീഡനത്തിന് ഇരയാക്കിയത്. ഓവര്‍സിയറായി ജോലിയിലിരിക്കെ പെണ്‍കുട്ടിയുടെ മാതൃസഹോദരനുമായി പ്രതി സൗഹൃദം സ്ഥാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ട് വശീകരിച്ചത്.
പരീക്ഷയില്‍ കൂടുതല്‍ മാര്‍ക്ക് ലഭിക്കാന്‍ പ്രാര്‍ഥിക്കാന്‍ കൊണ്ടുപോവുകയാണെന്ന വ്യാജേന കടത്തിക്കൊണ്ടുപോകുകയായിരുന്നു. തമിഴ്‌നാട്ടിലെ വിവിധയിടങ്ങളിലായി 45 ദിവസം തടവിലാക്കി പെണ്‍കുട്ടിയെ പീഡിപ്പിച്ചു. പെണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ കഞ്ഞിക്കുഴി പൊലിസ് അന്വേഷണം നടത്തുന്നതിനിടെ ഗത്യന്തരമില്ലാതെ പെണ്‍കുട്ടിയെ തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കി രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ പൊലിസ് കോടതിവളപ്പില്‍ വെച്ചുതന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ക്രൂരപീഡനത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ വി മാത്യു ഹാജരായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.