Web Desk

തിരുവനന്തപുരം

December 25, 2020, 1:27 pm

സിസ്റ്റർ അഭയ കേസിൽ പ്രതികൾ ഹൈക്കോടതിയിലേക്ക്

Janayugom Online

സിസ്റ്റർ അഭയ കേസിൽ പ്രതികൾ ഹൈക്കോടതിയിലേക്ക്. ഫാ. തോമസ് എം കോട്ടൂരും സിസ്റ്റർ സെഫിയും വിധിക്ക് എതിരെ അപ്പീൽ നൽകും. ക്രിസ്മസ് അവധിക്ക് ശേഷം കോടതിയെ സമീപിക്കും. അഡ്വ. രാമൻ പിള്ള മുഖാന്തരമായിരിക്കും അപ്പീൽ നൽകുക. കഴിഞ്ഞ ദിവസം സിബിഐ പ്രത്യേക കോടതി ഫാ. തോമസ് എം കോട്ടൂരിനെ ഇരട്ട ജീവപര്യന്തത്തിനും സിസ്റ്റർ സെഫിയെ ജീവപര്യന്തത്തിനും തടവിന് ശിക്ഷിച്ചിരുന്നു.

ഒന്നാം പ്രതി ഫാ. തോമസ് എം. കോട്ടൂരിന് ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഐപിസി 302,201 വകുപ്പുകൾ അനുസരിച്ചാണ് ശിക്ഷ. തെളിവ് നശിപ്പിക്കൽ, കൊലപാതകം അടക്കമുള്ള കുറ്റങ്ങൾക്കാണ് ശിക്ഷ. സിസ്റ്റർ സെഫിക്കും ജീവപര്യന്തവും അഞ്ച് ലക്ഷം രൂപയുമാണ് ശിക്ഷ.

ഐപിസി 201 വകുപ്പ് പ്രകാരം തെളിവ് നശിപ്പിച്ചതിന് ഏഴ് വർഷം തടവും ഇരുവർക്കും വിധിച്ചിട്ടുണ്ട്. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാൽ, ഫാ. തോമസ് എം കോട്ടൂർ കാൻസർ രോഗിയാണെന്നാണ് പ്രതിഭാഗം വാദിച്ചത്. ശിക്ഷയിൽ പരമാവധി ഇളവ് നൽകണമെന്ന് സിസ്റ്റർ സെഫിയുടെ അഭിഭാഷകനും വാദിച്ചു.

you may also like this video