Web Desk

നെടുങ്കണ്ടം

January 05, 2021, 8:33 pm

തൂക്കുപാലം കൊശമറ്റം ഫിനാന്‍സ് മോഷണ ശ്രമം; പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി

Janayugom Online

കൊശമറ്റം ഫിനാന്‍സില്‍ മോഷണ ശ്രമം നടത്തിയ പ്രതികളെ തൂക്കുപാലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. കണ്ണൂര്‍ സ്വദേശികളായ ഇരിക്കൂര്‍ കാര്യത്ത് വീട്ടില്‍ ഉനൈസ് (28), തളിപ്പറമ്പ്, ചപ്പാരപ്പടപ്പ് ചപ്പന്റകത്ത് വീട്ടില്‍ അലി (38), ഇരിക്കൂര്‍ താഴെപ്പുര വീട്ടില്‍ സഫീര്‍ ടി വി (32) എന്നിവരെയാണ് തെളിവെടുപ്പിനായി തൂക്കുപാലത്ത് കൊണ്ടുവന്നത്. കഴിഞ്ഞ ഡിസംബര്‍ ഒന്നിനാണ് മോഷണം നടത്തിയത്. ഇതില്‍ സബീര്‍ തുക്കുപാലത്ത് നിന്നുമാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഭാര്യ വീട്ടില്‍ താമസിച്ചിരുന്ന സബീറിന്റെ കാറിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മൂവരും ചേര്‍ന്ന് മോഷണം നടത്തി വന്നിരുന്നത്. പനമരം, മിനങ്ങാടി എന്നിവിടങ്ങളിലെ മൊബൈല്‍ കടകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസില്‍ ഉനൈസിനേയും, അലിയേയും വയനാട് പൊലീസ് പിടികൂടീയിരുന്നു.

ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സഫീറിനെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്. കട്ടപ്പന ഡിവൈഎസ്പി എന്‍സി രാജ്‌മോഹന്റെ നേത്യത്വത്തിലുള്ള സ്‌ക്വഡും നെടുങ്കണ്ടം പൊലീസും ചേര്‍ന്ന് തൂക്കുപാലത്തെ ഭാര്യ വീട്ടീല്‍ നിന്നും സഫീറിനെ പിടികൂടുകയായിരുന്നു. പിടികൂടുവാന്‍ എത്തിയ പൊലീസിനെ കണ്ട് ഇറങ്ങി ഓടിയ പ്രതിയെ നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് സംഘം പിടികൂടിയത്. പിന്നീട് നെടുങ്കണ്ടത്ത് എത്തിയ പനമരം പൊലീസിന് പ്രതിയെ കൈമാറുകയായിരുന്നു. നെടുങ്കണ്ടം കോടതിയുടെ പ്രൊഡക്ഷന്‍ വാറണ്ട് നേടിയ നെടുങ്കണ്ടം പൊലിസ് വയനാട്ടില്‍ റിമാന്റില്‍ കഴിയുന്ന മൂന്ന് പ്രതികളേയും അറസ്റ്റ് ചെയ്ത് റിമാന്റില്‍ വാങ്ങുകയായിരുന്നു. തുടര്‍ന്ന് കൊശമറ്റം മോഷണ ശ്രമത്തിന്റെ കേസുമായി ബന്ധപ്പെട്ട് തൂക്കുപാലത്ത് എത്തിച്ച് ഇന്നലെ തെളിവെടുപ്പ് നടത്തുകയായിരുന്നു. ഒറ്റദിവസം കൊണ്ട് തെളിവെടുപ്പ് പൂര്‍ത്തിയാതോടെ പ്രതികളെ റിമന്റില്‍ അയക്കുമെന്ന് നെടുങ്കണ്ടം പൊലീസ് അധികൃതര്‍ പറഞ്ഞു.

തുക്കുപാലത്തെ കൊശമറ്റം ഫിനാന്‍സിന് സമീപമുള്ള മറ്റൊരു സ്വര്‍ണ്ണക്കടയില്‍ മോഷണം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് സഫീര്‍ മറ്റ് രണ്ട് പേരെയും തൂക്കുപാലത്തേയ്ക്ക് രണ്ട് പ്രതികളെ വിളിച്ച് വരുത്തുകയായിരുന്നു. അയല്‍വാസിയുടെ വീടിന് മുമ്പില്‍ കുത്തി നാട്ടിവെച്ചിരുന്ന കമ്പിപാര എടുത്തുകൊണ്ടാണ് മോഷണത്തിനായി സഫീറിന്റെ കാറില്‍ മൂവരും തൂക്കുപാലത്തേയ്ക്ക് പുറപ്പെട്ടത്. സ്വര്‍ണ്ണാഭരണശാലയില്‍ സിസി ടിവി ക്യാമറകള്‍ ഉള്ളതും, ഷട്ടറുകള്‍ക്ക് സെന്‍ട്രല്‍ ലോക്ക് ഉള്ളതും പ്രതികള്‍ ഈ ഉദ്യമത്തില്‍ നിന്ന് പിന്‍മാറുവാന്‍ കാരണമായി. തുടര്‍ന്നാണ് തൊട്ട് മുകളിലുള്ള കൊശമറ്റം ഫിനാന്‍സ് സ്ഥാപനത്തില്‍ എത്തുകയും കൈയ്യില്‍ കരുതിയ പാര ഉപയോഗിച്ച് ഷട്ടര്‍ കുത്തി തുറന്നു. ഷട്ടര്‍ ഉയര്‍ത്തിപ്പോള്‍ ഡോറില്‍ തന്നെ തക്കോല്‍ ഉണ്ടായിരുന്നതിനാല്‍ പെട്ടെന്ന് മൂവരും അകത്ത് കയറി. ലോക്കറും മറ്റും കുത്തി തുറക്കുവാനുള്ള ആയുധങ്ങള്‍ ഇല്ലാത്തതിനാല്‍ അവിടെ സൂക്ഷിച്ചിരുന്ന തുകയും എടുത്തുകൊണ്ട് മോഷ്ടാക്കള്‍ പുറത്തിറങ്ങുകയായിരുന്നു. മൊബൈല്‍ ടവറുകള്‍ കേന്ദ്രികരിച്ചും സമീപത്തെ കടകളിലെ സിസിടിവി ക്യാമറകളിലും നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ പനമരം, മീനങ്ങാടി, നെടുങ്കണ്ടം എന്നി പൊലീസ് സ്‌റ്റേഷനുകള്‍ സംയുക്തമായി അന്വേഷിച്ച് പ്രതികളെ കണ്ടെത്തുകയായിരുന്നു.

മൂന്ന് ദിവസത്തേയ്ക്കാണ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങിയത്. തൂക്കുപാലത്ത് എത്തിച്ച പ്രതികള്‍ സ്വര്‍ണ്ണാഭരണശാലയുടെ എതിര്‍ വശത്തുള്ള ഓടയിലെ സ്‌ളാബിനടിയില്‍ ഒളിപ്പിച്ചുവെച്ച കമ്പിപാര എടുത്ത് നല്‍കുകയായിരുന്നു. ഇത് തന്റെ വീട്ടില്‍ നിന്നും കണാതായ കമ്പിപാരയാണെന്ന് അയല്‍വാസി തിരിച്ചറിഞ്ഞു. മോഷണം നടക്കുന്ന ദിവസം പണമിടപാട് സസ്ഥാപനത്തിനുള്ളിലെ സേഫില്‍ 1.04 കോടി രൂപയുടെ സ്വര്‍ണപ്പണയ ഉരിപ്പടികളും നാലര ലക്ഷം രൂപയുമുണ്ടായിരുന്നു. മോഷ്ടാക്കള്‍ക്ക് സേഫ് തുറക്കാനാവാത്തതിനാല്‍ ഇവ നഷ്ടപ്പെട്ടില്ല. എന്നാല്‍ മോഷണം നടന്ന ദിവസം ധനകാര്യ സ്ഥാപനത്തിലെ സി.സി.ടി.വി.കാമറകളും കവര്‍ച്ചാ മുന്നറിയിപ്പ് അലറവും പ്രവര്‍ത്തിച്ചിരുന്നില്ല. സ്ഥലത്ത് വിരലടയാള വിദഗ്ദരും ജില്ലാ ഡോഗ് സ്‌ക്വാഡിലെ ട്രാക്കര്‍ ഡോഗ് ജെനിയും പരിശോധന നടത്തിയിരുന്നു. കേസില്‍ കട്ടപ്പന ഡി.വൈ.എസ്.പി. എന്‍.സി.രാജ്മോഹന്‍, സ്‌ക്വഡ് അംഗങ്ങളായ എസ് ഐ സജി, സുബൈര്‍, നെടുങ്കണ്ടം സി.ഐ. പി.കെ.ശ്രീധരന്‍, നെടുങ്കണ്ടം എസ്.ഐ. കെ.ദിലീപ്കുമാര്‍ എസ് ഐ റെജിമോന്‍ കുര്യന്‍, എഎസ്‌ഐ റസാഖ്, സിപിഒമാരായ അഭിലാഷ്, എബിന്‍, അനില്‍കൃഷ്ണ, സുനില്‍, ജോസ്, മുജീബ്, രജ്ഞിത്, ദീപു എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണ സംഘമാണ് കേസ് തെളിയിച്ചത്.

ENGLISH SUMMARY:Defendants were brought in and evi­dence was tak­en in con­nec­tion with the attempt­ed robbery
You may also like this video