ബേബി ആലുവ

കൊച്ചി

January 20, 2020, 10:30 pm

പ്രതിരോധ വകുപ്പിന്റെ പാട്ടഭൂമി കയ്യടക്കി കോർപ്പറേറ്റ് സ്ഥാപനങ്ങൾ

Janayugom Online

പ്രതിരോധ വകുപ്പിൽ നിന്നു പാട്ടത്തിനെടുത്ത ആയിരക്കണക്കിന് ഏക്കർ പാട്ടഭൂമി കയ്യടക്കി കോർപ്പറേറ്റ് സ്ഥാപനങ്ങൾ. പാട്ടക്കാലാവധി കഴിഞ്ഞിട്ടും തിരിച്ചേൽപ്പിക്കാത്ത ഭൂമി പിടിച്ചെടുക്കാൻ കേന്ദ്ര സർക്കാരിനു താല്പര്യവുമില്ല. ജനത, വാജ്പേയ്, കോൺഗ്രസ് സർക്കാരുകളുടെ കാലത്ത്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രതിരോധ വകുപ്പിന്റെ കൈവശമിരുന്ന 11,179 ഏക്കർ ഭൂമിയാണ് തട്ടിക്കൂട്ട് സംരംഭങ്ങളുടെ പാട്ടക്കരാറിന്റെ അടിസ്ഥാനത്തിൽ കോർപ്പറേറ്റുകൾ വാങ്ങിച്ചെടുത്തത്. കരാർ കാലാവധി കഴിഞ്ഞിട്ടും ഭൂമി വൻകിടക്കാർ തിരിച്ചേൽപ്പില്ല.

ഭൂമി ഒഴിപ്പിച്ചെടുക്കുക ‘അസാധ്യ’മെന്നാണ് പ്രതിരോധ വകുപ്പിന്റെ നിലപാട്. പല സ്ഥാപനങ്ങളും വൻതുകയാണ് പാട്ടക്കുടിശിക വരുത്തിയിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് വകുപ്പ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി)ക്കു നൽകിയ റിപ്പോർട്ടിൽ, ഏതേത് സ്ഥാപനങ്ങൾക്കാണ് ഭൂമി നൽകിയത്, അതിൽ വ്യക്തികളുണ്ടോ തുടങ്ങിയ കാര്യങ്ങളൊന്നും വ്യക്തമാക്കിയിരുന്നില്ല. ഇതോടെ പാട്ട ഭൂമി അന്യാധീനപ്പെടുമെന്നുറപ്പായി. നിലവിൽ ഭൂമി കൈവശം വച്ചിരിക്കുന്നവർക്ക് അത് പാട്ടത്തിനു നൽകിയതിന്റെ മാനദണ്ഡം, വ്യവസ്ഥകൾക്കു വിരുദ്ധമായി പാട്ടം അടയ്ക്കുന്നതിൽ വരുത്തിയ വീഴ്ച, അതിനെതുടർന്ന് വകുപ്പ് സ്വീകരിച്ച നടപടികൾ തുടങ്ങിയ കാര്യങ്ങളിലും അവ്യക്തതയാണ്.

പൊതുമേഖലാ സ്ഥാപനങ്ങൾക്ക് വായ്പയോ ധനസഹായമോ നൽകിയതിന്റെ പേരിൽ അവയുടെ കൈവശമുള്ള ഭൂമി പിടിച്ചെടുക്കാൻ അമിത താല്പര്യം കാട്ടുന്നതിനിടയിൽത്തന്നെയാണ്, കോർപ്പറേറ്റുകളുടെ കൈവശമിരിക്കുന്ന അനേകം കോടി വിലമതിക്കുന്ന പാട്ട ഭൂമിയുടെ കാര്യത്തിൽ കേന്ദ്രം ഉദാസീനത പുലർത്തുന്നത്. പാട്ടത്തിനായി ഭൂമി വാങ്ങിയ വ്യവസായ സംരംഭങ്ങളുടെ വിശദമായ വിവരം, ഓരോ സംരംഭത്തിനും അനുവദിച്ച ഭൂമിയുടെ അളവ്, നിശ്ചയിച്ച പാട്ടം, അതിൽ വരുത്തിയ കുടിശിക, കുടിശിക പിരിച്ചെടുക്കാനും മറ്റുമായി സ്വീകരിച്ച മേൽനടപടികൾ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വേണമെന്ന് പിഎസി പ്രതിരോധ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.

Eng­lish sum­ma­ry: defense depart­ment  land issue

You may also like this video