Web Desk

ന്യൂഡല്‍ഹി

July 30, 2020, 10:52 pm

പ്രതിരോധ അഴിമതി: ജയ ജയ്റ്റ്ലിക്ക് നാല് വർഷം തടവ്

Janayugom Online

വാജ്പേയ് സർക്കാരിന്റെ കാലത്ത് പുറത്തുവന്ന പ്രതിരോധ ഇടപാടിലെ കോഴക്കേസിൽ എൻഡിഎയുടെ ഘടകകക്ഷിയായിരുന്ന സമതാപാര്‍ട്ടിയുടെ മുൻ പ്രസിഡന്റ് ജയ ജയ്റ്റ്ലിയ്ക്ക് അഴിമതിക്കേസിൽ നാല് വര്‍ഷം തടവ്. വിധിക്കെതിരെ ജയ ജയ്റ്റ്ലിയുടെ അപ്പീലിൽ ഡൽഹി ഹൈക്കോടതി വിധി സ്റ്റേ ചെയ്തു. 2001 ലാണ് തെഹൽക നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലൂടെയാണ് അഴിമതി പുറത്തുവന്നത്. വെസ്റ്റ് എൻഡ് എന്ന വ്യാജസ്ഥാപനത്തിന് പ്രതിരോധ കരാർ നല്കുന്നതിന് ഇടനില നിന്നതായിരുന്നു കേസ്.

സിബിഐ പ്രത്യേക ജഡ്ജി വിരേന്ദര്‍ ഭട്ടാണ് ശിക്ഷ വിധിച്ചത്. ജയ ജയ്റ്റ്ലിയ്ക്ക് പുറമേ മറ്റ് രണ്ട് പേര്‍ക്ക് കൂടി തടവ് വിധിച്ചിട്ടുണ്ട്. സമതാപാര്‍ട്ടി നേതാവ് ഗോപാല്‍ പച്ചേര്‍വാള്‍, മേജര്‍ ജനറല്‍(റിട്ട) എസ്‌പി മുര്‍ഗായ് എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. മൂന്ന് പേര്‍ക്കും ഒരു ലക്ഷം രൂപ വീതമാണ് പിഴ. സമതാ പാർട്ടി നേതാവ് ജോർജ്ജ് ഫെർണാണ്ടസായിരുന്നു പ്രതിരോധ വകുപ്പ് മന്ത്രി. ഇദ്ദേഹത്തിന്റെ വസതിയിൽ നിന്നുള്ളതായിരുന്നു കോഴ വാങ്ങൽ ദൃശ്യങ്ങൾ. ഇത് ദേശീയരാഷ്ട്രീയത്തിൽ വൻ കോളിളക്കങ്ങളാണ് സൃഷ്ടിച്ചത്. പ്രതിരോധ ഇടപാട് സ്വകാര്യ കമ്പനിയ്ക്ക് നേടിക്കൊടുക്കാൻ ജയ ജയ്റ്റ്ലി തന്റെ സഹപ്രവര്‍ത്തകൻ ഗോപാല്‍ വഴി രണ്ടു ലക്ഷം രൂപ കോഴ കൈപ്പറ്റിയെന്നാണ് കേസ്. പ്രതികള്‍ക്ക് പ്രതിരോധ മേഖലയിലുള്ള സ്വധീനം ഉപയോഗിച്ച് സ്വകാര്യ കമ്പനിയുടെ തെര്‍മല്‍ സ്കാനര്‍ സൈന്യത്തെ കൊണ്ട് വാങ്ങിപ്പിക്കാമെന്നേറ്റതായും അതിനുള്ള പ്രത്യുപകാരമായാണ് പണം വാങ്ങിയതെന്നും കോടതി കണ്ടെത്തിയിരുന്നു. കേസിൽ ബിജെപിയുടെ പ്രമുഖ നേതാക്കളും ഉള്‍പ്പെട്ടിരുന്നു.

you may also like this video