പ്രതിരോധ സാങ്കേതികവിദ്യ വില്‍പന; രാജ്യസുരക്ഷയ്ക്ക് ഭീഷണി

Web Desk
Posted on April 08, 2018, 9:20 pm

നാഗ്, നാമിക സാങ്കേതികവിദ്യ സ്വകാര്യകമ്പനികള്‍ക്ക്

പ്രത്യേക ലേഖകന്‍
ന്യൂഡല്‍ഹി: പ്രതിരോധ മേഖലയിലെ നിര്‍ണായകവും അതീവ രഹസ്യവുമായ സാങ്കേതിക വിദ്യ സ്വകാര്യ കമ്പനികള്‍ക്ക് വില്‍ക്കുന്നു. വന്‍കിട ആയുധ നിര്‍മാണത്തിന് വേണ്ടപ്പെട്ടവരെ സജ്ജമാക്കുന്നതിനുവേണ്ടിയാണ് നിര്‍ണായകവും രഹസ്യസ്വഭാവവുമുള്ള സാങ്കേതിക വിദ്യ കൈമാറുന്നത്. ഇത് രാജ്യസുരക്ഷയെ കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിപ്പിക്കുന്നതാണ്.
പ്രതിരോധ ഗവേഷണ വികസന ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) വികസിപ്പിച്ചെടുത്ത നാഗ്, നാമിക എന്നീ പേരുകളിലുള്ള ആന്റി ടാങ്ക് മിസൈലിന്റെയും മിസൈല്‍വാഹിനിയുടെയും സാങ്കേതിക വിദ്യകളാണ് ആദ്യഘട്ടത്തില്‍ സ്വകാര്യകമ്പനികള്‍ക്ക് നല്‍കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. സാങ്കേതിക വിദ്യ കൈമാറുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി പേരുവെളിപ്പെടുത്താത്ത ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറായി വരുന്നതായി അദ്ദേഹം പറഞ്ഞു. എന്നാല്‍ രാജ്യത്ത് പടക്കോപ്പുകളും മിസൈലുകളും നിര്‍മിക്കുന്ന പൊതുമേഖല സ്ഥാപനങ്ങളില്‍ പ്രമുഖമായ ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡിന്റെ സാങ്കേതിക വിദ്യകള്‍ ആദ്യഘട്ടത്തില്‍ കൈമാറില്ല.
ഏത് കാലാവസ്ഥയിലും പ്രയോഗിക്കാവുന്ന നാലുകിലോമീറ്റര്‍ ദൂരപരിധിയുള്ള ആന്റി ടാങ്ക് മിസൈലാ (എതിരാളികളുടെ ടാങ്കുകള്‍ തകര്‍ക്കാന്‍ ശേഷിയുള്ള) ണ് നാഗ്. പ്രയോഗത്തിന്റെ വിവിധ തലങ്ങളും ഘട്ടങ്ങളും ലക്ഷ്യവും ക്രമീകരിച്ചുവയ്ക്കാനടക്കം സാധിക്കുന്ന അത്യാധുനിക സാങ്കേതി മേന്മയുള്ള മൂന്നാം തലമുറയില്‍പ്പെട്ടതാണ് നാഗ്. കവചങ്ങളും വിക്ഷേപണത്തറയും ചുരുക്കിവയ്ക്കാനുള്ള സംവിധാനങ്ങളുമെല്ലാമുള്ള സാങ്കേതികമായി വളരെ മെച്ചപ്പെട്ട മിസൈല്‍വാഹിനിയാണ് നാമിക. ഇവയുടെ സാങ്കേതിക വിദ്യയാണ് സ്വകാര്യമേഖലയ്ക്ക് നല്‍കാന്‍ പോകുന്നത്. ഇതിന് പിന്നിലും കോടികളുടെ ഇടപാടുകള്‍ നടക്കാന്‍ സാധ്യതയുള്ളതായി വിലയിരുത്തപ്പെടുന്നുണ്ട്. പ്രത്യേകിച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തവര്‍ഷം നടക്കാനിരിക്കേ.
പ്രതിരോധ മേഖല സ്വകാര്യവല്‍ക്കരിക്കാന്‍ മോഡി സര്‍ക്കാര്‍ നേരത്തേ തന്നെ തീരുമാനിച്ചിരുന്നു. കൂടാതെ മേയ്ക്ക് ഇന്‍ ഇന്ത്യയുടെ പരിധിയില്‍ പ്രതിരോധ വകുപ്പിനുള്ള ആയുധ നിര്‍മാണം ഉള്‍പ്പെടുത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ വെടിക്കോപ്പുകള്‍, തോക്കുകള്‍ തുടങ്ങിയ ചെറുകിട ആയുധ നിര്‍മാണങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുന്നതിന് നടപടി തുടങ്ങുകയും ചെയ്തിരുന്നു. ചെറുകിട ആയുധ നിര്‍മാണത്തിന്റെ സാങ്കേതിക വിദ്യ വശമുള്ള സ്വകാര്യ കമ്പനികളാണ് ഇതിന് മുന്നോട്ടുവന്നത്.
യുദ്ധടാങ്കുകള്‍, മിസൈലുകള്‍ ഉള്‍പ്പെടെയുള്ള വന്‍കിട ആയുധനിര്‍മാണത്തിനുള്ള സാങ്കേതിക വിദ്യകള്‍ പ്രതിരോധ വകുപ്പിന്റെ സ്വന്തവും അതീവ രഹസ്യവുമായതിനാല്‍ വന്‍കിട ആയുധ നിര്‍മാണം കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന സ്വകാര്യ കമ്പനികള്‍ക്ക് ഏറ്റെടുക്കാന്‍ സാധിക്കാതെ വന്ന സാഹചര്യത്തിലാണ് മേയ്ക്ക് ഇന്‍ ഇന്ത്യയുടെ പേരില്‍ സാങ്കേതിക വിദ്യ തന്നെ സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുന്നതിന് നീക്കം ആരംഭിച്ചിരിക്കുന്നത്. ഇത് അസ്വാഭാവികവും ദുരൂഹവുമാണ്.
ബാബ കല്യാണി ഗ്രൂപ്പ്, മഹീന്ദ്ര, റിലയന്‍സ്, എല്‍ആന്‍ഡ്ടി തുടങ്ങിയ വന്‍കിട കമ്പനികളാണ് പ്രതിരോധ മേഖലയില്‍ മുതല്‍ മുടക്കുന്നതിന് താല്‍പര്യപത്രം നല്‍കിയിരുന്നത്. ഇവരടക്കം അര്‍ജുന്‍ ടാങ്കുകളുടെ വിവരങ്ങള്‍ തേടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വന്‍കിട പ്രതിരോധ നിര്‍മാണ മേഖലയില്‍ കോര്‍പ്പറേറ്റുകള്‍ക്ക് കടന്നുവരുന്നതിന് അതീവ രഹസ്യസ്വഭാവവും നിര്‍ണായകവുമായ സാങ്കേതിക വിദ്യയും കൈമാറുന്നതിന് നടപടിയാരംഭിക്കുന്നത്.
പ്രതിരോധരഹസ്യങ്ങള്‍ അങ്ങാടിപ്പാട്ടാവുകയും സുരക്ഷയെതന്നെ ബാധിക്കുകയും ചെയ്യുമെന്നതിന് പുറമേ ആയുധവ്യാപാരരംഗത്തുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ നിലനില്‍പ് പ്രതിസന്ധിയിലാകുമെന്ന അപകടവും കൂടി ഈ തീരുമാനത്തിന് പിന്നില്‍ ഒളിച്ചിരിപ്പുണ്ട്.