Web Desk

തിരുവനന്തപുരം:

June 17, 2020, 7:58 pm

വൈദ്യുതി ബില്ലിലെ അപാകത; സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം: സിപിഐ

Janayugom Online

ലോക്ഡൗണ്‍ കാലത്തെ വൈദ്യുതി ഉപയോഗത്തിന് കെഎസ്ഇബി നല്‍കിയിരിക്കുന്ന ബില്ലിനെക്കുറിച്ച് വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഇതേപ്പറ്റി അന്വേഷിക്കാനും പരാതി പരിഹരിക്കാനും തെറ്റുകള്‍ തിരുത്താനും സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.

വൈദ്യുതി ബോര്‍ഡ് ഉപഭോക്താക്കള്‍ക്ക് നല്‍കിയ ബില്ലിനെ കുറിച്ച് വ്യാപകമായ പരാതി ഉയര്‍ന്നു വന്നിരിക്കുകയാണ്. ഉപയോഗിക്കാത്ത വൈദ്യുതിക്ക് ഉയര്‍ന്ന നിരക്കില്‍ പണം ഈടാക്കാന്‍ കെഎസ്ഇബി ശ്രമിക്കുന്നു എന്നാണ് പ്രധാന ആക്ഷേപം. നാലുമാസം ഉപയോഗിച്ച വൈദ്യുതിയുടെ യൂണിറ്റ് കണക്കാക്കി ശരാശരിയെടുത്ത് ബില്‍ നല്‍കിയെന്നാണ് വൈദ്യുതി ബോര്‍ഡ് ഇതിന് നല്‍കുന്ന വിശദീകരണം.

വൈദ്യുതി ബോര്‍ഡിന്റെ വിശദീകരണം കൊണ്ട് ഉപഭോക്താക്കള്‍ തൃപ്തരല്ല. കേരളത്തിലെ പ്രതിപക്ഷവും ബിജെപിയും ഇത് പ്രചരണായുധമാക്കി സമര രംഗത്താണ്.
വൈദ്യുതി ബില്ലിനെക്കുറിച്ചുള്ള പരാതി പരിഹരിക്കാന്‍ ഗവണ്‍മെന്റ് അടിയന്തരമായി മുന്നോട്ടു വരണം. ഉപയോഗിക്കാത്ത വൈദ്യുതിക്ക് ബില്‍ നല്‍കിയ നടപടിയെ എന്ത് ന്യായം പറഞ്ഞാലും അംഗീകരിക്കാനാവില്ല. മുഖ്യമന്ത്രി അടിയന്തരമായി വിഷയത്തില്‍ ഇടപെട്ട് പരിഹാരം കാണണമെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു.

ENGLISH SUMMARY: Defi­cien­cy in the Elec­tric­i­ty Bill; Gov­ern­ment must inter­vene: CPI

YOU MAY ALSO LIKE THIS VIDEO