സമ്പദ് വ്യവസ്ഥയിലെ ച്യുതി ഭാവിയിലും തുടരും

Web Desk
Posted on October 19, 2019, 10:48 pm

എല്ലാ മേഖലകളിലും തകർച്ച നേരിടുന്ന അവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. സുപ്രധാനമായ സൂചികകളിൽ രാജ്യം പിന്നാക്കം പോകുന്നു. രാജ്യത്തിന്റെ സംസ്കാരത്തിന് അപചയവും ചരിത്രം വളച്ചൊടിക്കുന്ന അവസ്ഥയുമാണ് ഇപ്പോഴുള്ളത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകരുന്നു. വേൾഡ് ഇക്കണോമിക് ഫോറം പുറത്തുവിട്ട ആഗോള സാമ്പത്തിക ക്ഷമതാ റിപ്പോർട്ടിൽ ഇന്ത്യയുടെ സ്ഥാനം താഴ്ന്ന് 64ലിൽ എത്തി. 141 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. ഇപ്പോഴത്തെ സർക്കാർ പിന്തുടരുന്ന നയങ്ങളുടെ ഫലമാണിത്. സർക്കാർ സമീപകാലത്ത് സ്വീകരിച്ച നടപടികളുടെ പരിണിത ഫലങ്ങൾ ഓരോന്നായി പുറത്തുവരുന്നു. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും സൃഷ്ടിക്കും. നൂതന സാങ്കേതിക വിദ്യകൾ ഉൾക്കൊണ്ടുള്ള നൈപുണ്യ വികസനം, മാനവ വിഭവശേഷി വർധിപ്പിക്കാനുള്ള നടപടികൾ, ആരോഗ്യ മേഖലയുടെ നവീകരണം എന്നിവയൊന്നും ഉണ്ടാകുന്നില്ല. ഇല്ലായ്മയാണ് രാജ്യത്തെ ജനങ്ങളുടെ മുഖമുദ്ര.
ഇപ്പോഴത്തെ സർക്കാർ അധികാരത്തിൽ എത്തിയതുമുതൽ രാജ്യം നേരിടുന്ന സാമൂഹ്യ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാത്തതിന്റെ പരിണിതഫലങ്ങളാണ് വിവിധ വളർച്ചാ സൂചികകളിൽ ഇന്ത്യയുടെ സ്ഥാനം ഏറെ പിന്നിലാകാനുള്ള കാരണം. ഉൽപ്പാദന മേഖല തകർന്ന അവസ്ഥയിലാണ്. ഗ്രാമീണ സമ്പദ് വ്യവസ്ഥ കരകയറാൻ കഴിയാത്ത വിധം പ്രതിസന്ധിയിലായി. കർഷകർ ആത്മഹത്യ ചെയ്യുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ തൊഴിലില്ലായ്മ രൂക്ഷമായ അവസ്ഥയിലെത്തി. നഗരങ്ങളിലെ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മാ നിരക്ക് 23.4 ശതമാനമായി വർധിച്ചു.
വ്യവസായ മേഖലയും രൂക്ഷമായ പ്രതിസന്ധിയാണ് നേരിടുന്നത്. വ്യാവസായിക ഉൽപ്പാദന മേഖലയിലെ വളർച്ചാ നിരക്ക് 1.1 ശതമാനമായി കുറഞ്ഞു. സമ്പദ് വ്യവസ്ഥയുടെ രൂക്ഷമായ തകർച്ചയാണ് ഇതൊക്കെ വ്യക്തമാക്കുന്നത്. ഉൽപ്പാദന മേഖലയിലെ വളർച്ചാ നിരക്ക് 1.2 ശതമാനമായി പരിമിതപ്പെട്ടുവെന്ന് സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. വൈദ്യുതി ഉൽപ്പാദന മേഖലയിലെ വളർച്ചാ നിരക്ക് 0.1 ശതമാനമായി ചുരുങ്ങി. ഘനന മേഖലയിലെ വളർച്ചാ നിരക്ക് 0.1 ശതമാനമായി. വ്യാവസായിക സൂചികയുടെ 40 ശതമാനം വരുന്ന എട്ട് അടിസ്ഥാന സൗകര്യ വികസന മേഖലയുടെ വളർച്ചാ സൂചിക 0.5 ശതമാനമായി ചുരുങ്ങി. വ്യാവസായിക ഉൽപ്പാദന ക്ഷമത 73.3 ശതമാനമായി കുറഞ്ഞതായി റിസർവ് ബാങ്കിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ പാദത്തിൽ ഇത് 78.1 ശതമാനമായിരുന്നു. ഉൽപ്പാദനത്തിലെ കുറവ്, ആവശ്യക്കാരിലുണ്ടായ കുറവ്, ലാഭത്തിലുണ്ടായ കുറവ് തുടങ്ങിയ കാര്യങ്ങളാണ് വ്യാവസായിക ഉൽപ്പാദന ക്ഷമത കുറയാനുള്ള കാരണം. തൊഴിൽ നഷ്ടപ്പെട്ടതിലൂടെ സാധാരണക്കാരായ ജനങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത അവസ്ഥ സംജാതമായി. സംഘടിത, അസംഘടിത മേഖലയിലെ വളർച്ചയാണ് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് ഉപോത്ബലകമാകുന്നത്.
വാണിജ്യ മേഖലയും ഗുരുതരമായ പ്രതിസന്ധിയാണ് നേരിടുന്നത്. ഈ മേഖലയിലെ നിക്ഷേപങ്ങളുടെ തോത് 88 ശതമാനം കുറഞ്ഞുവെന്നാണ് ആർബിഐ റിപ്പോർട്ട് പറയുന്നത്. ഇതിന്റെ ഫലമായി മൊത്തം ആഭ്യന്തര ഉൽപ്പാദനം ഗണ്യമായി കുറഞ്ഞു. ലക്ഷക്കണക്കിന് പേർക്ക് തൊഴിൽ നഷ്ടപ്പെട്ടു. മൂലധനകമ്പോളങ്ങളിലെ നിക്ഷേപങ്ങൾ കുറഞ്ഞു. മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന് 50 ശതമാനം സംഭാവന ചെയ്യുന്നത് സേവന മേഖലയാണ്. വ്യവസായ മേഖല 25 ശതമാനവും കാർഷിക മേഖല 19 ശതമാനവും സംഭാവന ചെയ്യുന്നു. മൊത്തം തൊഴിൽ മേഖലയുടെ 48.5 ശതമാനവും കാർഷിക മേഖലയിൽ നിന്നാണ്. കാർഷിക മേഖലയിൽ ഗണ്യമായ തൊഴിൽ നഷ്ടമാണ് സംഭവിക്കുന്നത്. വ്യാവസായിക മേഖല കേവലം 11 ശതമാനം പേർക്ക് മാത്രമാണ് തൊഴിൽ നൽകുന്നത്. വളർച്ചാ നിരക്കിലെ കുറവ് വ്യാവസായിക മേഖലയെയും അനുബന്ധ തൊഴിൽ മേഖലയെയും തളർത്തി.
സാമ്പത്തില മേഖലയിലെ തകർച്ച ദീർഘകാലം നീളുമ്പോൾ അത് സാമ്പത്തിക മാന്ദ്യമായി ഭവിക്കുന്നു. വളർച്ചയുടെ എല്ലാ മേഖലയും ഗ്രസിക്കുന്ന അവസ്ഥയിലേയ്ക്ക് സാമ്പത്തിക മാന്ദ്യം വ്യാപിക്കുന്നു. ഈ സാഹചര്യത്തിൽ നിക്ഷേപങ്ങൾ ഗണ്യമായി കുറയുന്നു. വ്യാവസായിക മേഖലയിലെ നിക്ഷേപങ്ങളിലാണ് ഗണ്യമായ കുറവ് ഉണ്ടാകുന്നത്. മൂലധന നിക്ഷേപങ്ങൾ അടിസ്ഥാന സൗകര്യ വികസന മേഖലകളിൽ എത്താത്ത അവസ്ഥ സംജാതമാകും. ഇതിന്റെ ഫലമായി ഉൽപ്പാദനം കുറയുന്നു. നിക്ഷേപങ്ങൾ റിയൽ എസ്റ്റേറ്റ്, നിർമ്മാണം തുടങ്ങിയ മേഖലയിൽ കുടങ്ങിക്കിടക്കുന്ന അവസ്ഥയുണ്ടാകും. സാമ്പത്തിക മാന്ദ്യത്തിന്റെ കെടുതികൾ തുടങ്ങുന്നതിന് മുമ്പ് ഉൽപ്പാദന മേഖലയിൽ മൂലധന നിക്ഷേപം എത്തിക്കാനുള്ള നടപടികൾ ഉണ്ടാകണം. എന്നാൽ ലക്ഷ്യബോധമില്ലാതെ നടപ്പാക്കിയ നോട്ട് പിൻവലിക്കൽ നടപടി ഇതും പ്രതിസന്ധിയിലാക്കി.