റിഫൈനറി പ്ലാന്റിനായി 160 ഏക്കറിലെ വനം വെട്ടിവെളുപ്പിക്കുന്നു

Web Desk
Posted on August 20, 2019, 10:53 pm

കൊച്ചി: പ്രകൃതിക്ഷോഭങ്ങള്‍ക്കിടയാക്കിയത് മരങ്ങള്‍ വ്യാപകമായി വെട്ടിമാറ്റിയതാണെന്ന ചര്‍ച്ചകള്‍ നടക്കുന്നതിനിടെ കൊച്ചിയില്‍ 4,300 വൃക്ഷങ്ങള്‍ ഒറ്റയടിക്ക് മുറിച്ചു നീക്കാന്‍ ട്രീ കമ്മിറ്റി അനുമതി നല്‍കി. ബി പി സി എല്‍ കൊച്ചി റിഫൈനറിക്ക് പുതിയ പ്ലാന്റ് സ്ഥാപിക്കുന്നതിനു വേണ്ടിയാണ് ഫാക്ട് അമ്പലമുകള്‍ ഡിവിഷന്‍ വളപ്പിലെ 160 ഏക്കറിലെ വനപ്രദേശമാകെ വെട്ടിവെളുപ്പിക്കുന്നത്. ആദ്യഘട്ടത്തില്‍ 4300 മരങ്ങള്‍ വെട്ടാനാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള ട്രീ കമ്മിറ്റി അനുമതി നല്‍കിയതെങ്കിലും പ്ലാന്റ് സ്ഥാപിക്കാന്‍ ശേഷിക്കുന്ന 10,000 മരങ്ങള്‍ കൂടി മുറിച്ചു നീക്കേണ്ടി വരും. ആദ്യ അനുമതിയുടെ മറവില്‍ റിഫൈനറി ബാക്കി പതിനായിരം മരങ്ങള്‍ കൂടി മുറിച്ചുമാറ്റുമെന്ന ആശങ്കയിലാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍.

ഫാക്ടിന്റെ അമ്പലമുകള്‍ ഡിവിഷനിലെ തടാകത്തോടു ചേര്‍ന്നുള്ള വന പ്രദേശം ഗ്രീന്‍ബെല്‍റ്റ് ആയാണ് അറിയപ്പെടുന്നത്. വ്യവസായ മേഖലയിലെ മലിനീകരണത്തിന്റെ തോത് വലിയൊരളവില്‍ കുറയ്ക്കാന്‍ സഹായിക്കുന്നത് ഈ ഗ്രീന്‍ബെല്‍റ്റാണ്. പ്ലാവ്, ആഞ്ഞിലി, കശുമാവ്, തേക്ക് എന്നിങ്ങനെയുള്ള വിലപിടിപ്പുള്ള വൃക്ഷങ്ങളടക്കമാണ് വെട്ടിമാറ്റാന്‍ അനുമതി. ഈ മരങ്ങള്‍ ഒന്നാകെ മുറിച്ചു മാറ്റുന്നതോടെ ഗ്രീന്‍ ബെല്‍റ്റ് നശിക്കുകയും കൊച്ചി നഗരമൊന്നാകെ വന്‍ വ്യാവസായിക മലിനീകരണത്തിന്റെ പിടിയിലമരുകയും ചെയ്യും.
ഇത്തരം വാദങ്ങള്‍ നിരന്തരമായി ഉന്നയിച്ചു വന്ന പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഡോ. സി എം ജോയി ട്രീ കമ്മിറ്റിയില്‍ അംഗമാണെങ്കിലും അദ്ദേഹത്തെ അറിയിക്കാതെ ചേര്‍ന്ന യോഗത്തിലാണ് വന്‍ വനനശീകരണത്തിനുള്ള നിര്‍ണായക തീരുമാനമെടുത്തത്. ഈ നടപടിയില്‍ പ്രതിഷേധിച്ച് ട്രീ കമ്മിറ്റിയില്‍ ഇനി തുടരാനില്ലെന്ന് ഡോ. സി എം ജോയി പ്രതികരിച്ചു.

വനംവകുപ്പ് ഉദ്യോഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, തദ്ദേശ സ്ഥാപന മേധാവികള്‍ എന്നിവരടങ്ങുന്ന ട്രീ കമ്മിറ്റിയാണ് പൊതുസ്ഥലങ്ങളിലെ മരം മുറിക്കലിന് അനുമതി നല്‍കേണ്ടത്.

റിഫൈനറി മുറിച്ചു മാറ്റുന്ന മരങ്ങള്‍ക്കു പകരം മരങ്ങള്‍ വച്ചു പിടിപ്പിക്കേണ്ട ചുമതല വനംവകുപ്പിന്റെ സോഷ്യല്‍ ഫോറസ്ട്രി വിഭാഗത്തെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ഇവര്‍ പകരം മരങ്ങള്‍ എവിടെ നടണമെന്നോ ഏതു തരത്തിലുള്ള മരങ്ങള്‍ നടണമെന്നോ ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടില്ല. ഫലത്തില്‍ പകരം വൃക്ഷത്തൈകള്‍ നടാതെ തന്നെ ഫാക്ട് വളപ്പിലെ വനം വെട്ടിവെളുപ്പിക്കാന്‍ റിഫൈനറിക്കു കഴിയുമെന്ന് ഡോ. സി എം ജോയി ചൂണ്ടിക്കാട്ടി.