15 October 2024, Tuesday
KSFE Galaxy Chits Banner 2

കോര്‍പറേറ്റ് വികസനത്തിന് വനനശീകരണം

കെ രംഗനാഥ്
തിരുവനന്തപുരം
April 11, 2023 9:42 pm

ഇന്ത്യന്‍, ബഹുരാഷ്ട്ര കോര്‍പറേറ്റുകളുടെ വികസന പദ്ധതികള്‍ക്കായി രാജ്യത്തെ വനങ്ങള്‍ വെട്ടിവെളുപ്പിക്കുന്നു. നരേന്ദ്രമോഡി അധികാരത്തിലേറിയതിനു പിന്നാലെ ചരിത്രത്തിലെ ഏറ്റവും വലിയ വനം നശീകരണമാണ് നടക്കുന്നതെന്ന് കണക്കുകള്‍. 2018 ഏപ്രില്‍ മുതല്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 31 വരെ അഞ്ച് വര്‍ഷത്തിനുള്ളില്‍ 88,903 ഹെക്ടര്‍ വനഭൂമിയാണ് വെട്ടിനശിപ്പിച്ചതെന്ന് കേന്ദ്ര പരിസ്ഥിതി സഹമന്ത്രി അശ്വിനികുമാര്‍ ചൗബേ ലോക്‌സഭയില്‍ സമര്‍പ്പിച്ച രേഖയില്‍ പറയുന്നു. വന്‍കിട കോര്‍പറേറ്റുകളുടെ വ്യവസായശാലകള്‍, ഖനികള്‍ എന്നിവയ്ക്കും ഇവയുടെ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാനുള്ള റോഡുകള്‍ക്കും റെയില്‍പ്പാതകള്‍ക്കുമായി വനനശീകരണം വന്‍തോതില്‍ തുടരുന്നു.

കോര്‍പറേറ്റ് മേഖലയില്‍ ആരംഭിക്കുന്ന 17 ഖനികള്‍ക്ക് വേണ്ടി 18,847 ഹെക്ടര്‍ വനമാണ് ഇതിനകം വെട്ടിവീഴ്ത്തിയത്. റോഡ് നിര്‍മ്മാണത്തിന് 19,424 ഹെക്ടര്‍ വനവും നശിപ്പിച്ചു. ഇക്കണക്കിന് നിലവിലുള്ള 7,38,373 ചതുരശ്ര കിലോമീറ്റര്‍ വനങ്ങള്‍ 2050 ആകുമ്പോഴേക്കും പൂര്‍ണമായും അപ്രത്യക്ഷമാകുമെന്നാണ് ലണ്ടനിലെ ഒരു പഠനഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്കുന്നത്. ഈ നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ഇതുവരെ 2.07 ദശലക്ഷം ഹെക്ടര്‍ വനഭൂമിയാണ് നശിപ്പിച്ചത്. പ്രതിവര്‍ഷം 5.3 ശതമാനം വനങ്ങള്‍ അപ്രത്യക്ഷമാകുന്നതിനാല്‍ ഈ നൂറ്റാണ്ടിന്റെ പകുതിയാവുമ്പോഴേക്കും ഇന്ത്യയിലെ വനങ്ങള്‍ മുഴുവനും നശിച്ച് കാട് നാടായി മാറുമെന്നും ലണ്ടന്‍ പഠനകേന്ദ്രം ഓര്‍മ്മിപ്പിക്കുന്നു.

കാലാവസ്ഥാ വ്യതിയാനത്തിന് സമാന്തരമായി വനനശീകരണവും മുന്നേറുന്നതുമൂലം ഇന്ത്യ ചരിത്രത്തിലെ ഏറ്റവും വലിയ പരിസ്ഥിതി ദുരന്തത്തിലേക്കാണ് എടുത്തെറിയപ്പെടുക. 1980 മുതല്‍ 2000 വരെ 2,84,400 ചതുരശ്ര ഹെക്ടര്‍ വനങ്ങളാണ് വെട്ടിനശിപ്പിച്ചതെങ്കില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 88,903 ചതുരശ്ര ഹെക്ടര്‍ വനങ്ങള്‍ അപ്രത്യക്ഷമായതില്‍ നിന്നും മോഡി ഭരണത്തിന് ‍കീഴില്‍ വനനശീകരണം കോര്‍പറേറ്റുകള്‍ക്ക് വേണ്ടി ഉഗ്രരൂപം പൂണ്ടതായി കാണാം.

ദേശീയ വനനയം ഭേദഗതി ചെയ്തപ്പോള്‍ നിയമത്തിലെ ഈ പൊളിച്ചെഴുത്ത് കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയാണെന്ന് ജനയുഗം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്ത്യയിലെ വനസമ്പത്തില്‍ 87,74,299 ചതുരശ്ര ഹെക്ടര്‍ മാത്രമാണ് ഇടതൂര്‍ന്ന വനങ്ങളായുള്ളത്. അത്ര ഇടതൂര്‍ന്നതല്ലാത്ത 23,95,664 ചതുരശ്ര ഹെക്ടറും. ആമസോണ്‍ വനങ്ങളടങ്ങുന്ന ബ്രസീല്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം വനനശീകരണം നടക്കുന്ന ഇന്ത്യ വെെകാതെതന്നെ വന്‍ പരിസ്ഥിതിനാശത്തിലേക്കും ദേശീയ ദുരന്തത്തിലേക്കും കൂപ്പുകുത്താനുള്ള എല്ലാ സാധ്യതകളുമാണുള്ളതെന്നും പരിസ്ഥിതി ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നു.

Eng­lish Sum­ma­ry: Defor­esta­tion for cor­po­rate development
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.