Monday
16 Dec 2019

അല്‍അമീന്‍ കോളജില്‍ മക്കളോടൊപ്പം രക്ഷിതാക്കള്‍ക്കും ഡിഗ്രി

By: Web Desk | Monday 24 June 2019 12:12 PM IST


എടത്തല: ഉദാഹരണം സുജാത എന്ന ചിത്രത്തില്‍ മകള്‍ക്കൊപ്പം പഠിച്ചെത്തുന്ന മിടുക്കിയായ വീട്ടമ്മയെ മലയാളികള്‍ മറന്നു കാണില്ല. അലസയായ മകള്‍ക്ക് ലക്ഷ്യബോധം നല്‍കാനായിരുന്നു സുജാതയുടെ പഠനമെങ്കില്‍ അല്‍അമീന്‍ കോളജില്‍ പല കാരണങ്ങളാലും പഠനം എന്ന സ്വപ്നം പകുതിയില്‍ മുറിഞ്ഞു പോയ രക്ഷിതാക്കള്‍ക്കു വേണ്ടിയാണ് ഔപചാരിക വിദ്യാഭ്യാസത്തിന്റെ വാതില്‍ വീണ്ടും തുറക്കുന്നത്.

അല്‍അമീന്‍ കോളജ് കമ്യൂണിറ്റി എക്സ്റ്റന്‍ഷന്‍ സെല്ലാണ് ഈ വര്‍ഷം മുതല്‍ ഈ പുതുമയേറിയ ആശയവുമായി മുന്നോട്ടു വന്നിരിക്കുന്നത്. എല്‍പി, യുപി, ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാകാത്തവര്‍ക്ക് നാല്, ഏഴ്, പത്ത് തരം തുല്യതാ കോഴ്‌സും പത്താം തരം പാസായവര്‍ക്ക് പ്രത്യേക പരീക്ഷ വഴി ഡിഗ്രിയും തുടര്‍ന്ന് ബിരുദാനന്തര ബിരുദവും നേടാന്‍ കോളജ് രക്ഷിതാക്കളെ സഹായിക്കും. തുല്യതാ കോഴ്‌സുകള്‍ സാക്ഷരതാ മിഷന്‍ വികസന വിദ്യാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നൊച്ചിമ സേവന ലൈബ്രറി ആന്‍ഡ് റീഡിംഗ് റൂമിന്റെ സഹായത്തോടു കൂടിയായിരിക്കും നടപ്പില്‍ വരുത്തുക. ഡിഗ്രി കോഴ്‌സുകള്‍ അല്‍അമീന്‍ കോളജ് ഇന്ദിരാ ഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ) യുടെ സഹകരണത്തോടെയും നല്‍കും.

‘പല സന്ദര്‍ഭങ്ങളിലും രക്ഷിതാക്കള്‍ വളരെ വിഷമത്തോടെ അവരുടെ വിദ്യാഭ്യാസത്തിന്റെ അപര്യാപ്തതയെ കുറിച്ചു പറയുന്നതില്‍ നിന്നാണ് ഇങ്ങനെ ഒരു ആശയം ലഭിച്ചത്,’ അല്‍അമീന്‍ കോളജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. എംബി ശശിധരന്‍ പറഞ്ഞു. ‘കൂടാതെ ഇത്തവണ ഇവര്‍ക്കാവശ്യമായ കോഴ്‌സ് ഫീസിന്റെ പകുതി കോളെജ് പി ടി എ വഹിക്കുമെന്ന് ഉറപ്പു നല്‍കുകയും ചെയ്തു.’ ഇംഗ്ലീഷ്, സോഷ്യോളജി, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി, ഫിലോസഫി, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, കൊമേഴ്‌സ് എന്നിവയിലാണ് ബിരുദ കോഴ്‌സുകള്‍ ആരംഭിക്കുന്നത്. എം. കോമിനു തത്തുല്യമായ ഡിപ്ലോമ കോഴ്‌സായ പി ജി ഡി ഐ ബി ഒയാണ് മറ്റൊന്ന്.

ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കാത്തവര്‍ക്ക് ആറു മാസത്തെ ബാച്ചിലേഴ്‌സ് പ്രിപ്പറേറ്ററി പ്രോഗ്രാമില്‍ (ബി പി പി) ചേരാവുന്നതാണ്. ജനനത്തീയതി തെളിയിക്കുന്ന ഏതെങ്കിലും രേഖ മാത്രമേ ഇതിന് ആവശ്യമുള്ളൂ.

വിവാഹം കാരണവും മറ്റും പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പഠനം പകുതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വരുന്ന പെണ്‍കുട്ടികള്‍ ഉള്‍പ്പടെയുള്ള കോളെജിലെ തന്നെ പൂര്‍വ വിദ്യാര്‍ഥികളും പിന്നീട് പല അവസരങ്ങളിലും വീണ്ടും പഠിക്കാനുള്ള താല്പര്യം പ്രകടിപ്പിക്കാറുണ്ടെന്ന് അധ്യാപകര്‍ പറയുന്നു. മക്കള്‍ പഠിക്കുന്ന സ്ഥാപനത്തില്‍ തന്നെ രക്ഷിതാക്കളും പഠിക്കാന്‍ ആരംഭിക്കുമ്പോള്‍ മക്കളുടെ പഠന മനോഭാവത്തില്‍ മാറ്റം വരുമെന്നും ഇത് കോളെജുമായി മെച്ചപ്പെട്ട ബന്ധം സ്ഥാപിക്കാന്‍ അവരെ സഹായിക്കുമെന്നും കമ്യൂണിറ്റി എക്സ്റ്റന്‍ഷന്‍ സെല്‍ ജോയിന്‍ കോഓഡിനേറ്റര്‍ പ്രൊഫ. അബ്ദുള്‍ സലാം അഭിപ്രായപ്പെട്ടു.

ജൂണ്‍ 24ന് ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ പ്രവേശന സമയത്തു തന്നെ രക്ഷിതാക്കള്‍ക്കും കോഴ്‌സിനെ സംബന്ധിച്ചുള്ള ഓറിയന്റേഷന്‍ നല്‍കും. രക്ഷിതാക്കള്‍ക്കുള്ള ഡിഗ്രി കൂടാതെ, അതിഥി തൊഴിലാളികള്‍ക്കു വേണ്ടി ഇസാക്ഷരതാ കോഴ്‌സ് കൂടി തുടങ്ങാനുള്ള ആലോചനയിലാണ് അധികൃതര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 9544973993 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

You May Also Like This:

Related News