26 March 2025, Wednesday
KSFE Galaxy Chits Banner 2

Related news

March 26, 2025
March 25, 2025
March 25, 2025
March 25, 2025
March 24, 2025
March 24, 2025
March 23, 2025
March 23, 2025
March 22, 2025
March 22, 2025

തൊഴിലുറപ്പ് ഫണ്ട് വിതരണത്തില്‍ കാലതാമസം; കുടിശിക 23,446.27 കോടി

Janayugom Webdesk
ന്യൂഡല്‍ഹി
March 13, 2025 10:51 pm

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമപ്രകാരമുള്ള കേന്ദ്രസര്‍ക്കാര്‍ വിഹിതം വിതരണം ചെയ്യുന്നതില്‍ തുടര്‍ച്ചയായി കാലതാമസം നേരിടുന്നതായി പാര്‍ലമെന്ററി സമിതി. ഗ്രാമവികസന വകുപ്പ് ഫെബ്രുവരി 15 വരെ നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് ആകെ കുടിശിക 23,446.27 കോടിയാണെന്നും ഇത് നിലവിലെ ബജറ്റിന്റെ 27.26 ശതമാനമാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. അനുവദിച്ച ഫണ്ടിന്റെ നാലിലൊന്നില്‍ കൂടുതല്‍ മുന്‍ വര്‍ഷങ്ങളിലെ കുടിശിക തീര്‍ക്കാന്‍ ഉപയോഗിക്കണം. അങ്ങനെവരുമ്പോള്‍ നടപ്പുസാമ്പത്തിക വര്‍ഷത്തെ യഥാര്‍ത്ഥ പ്രവര്‍ത്തന ബജറ്റ് 62,553.73 കോടിയായി കുറയും. ഇത് തൊഴിലുറപ്പ് പദ്ധതിയുടെ ഫലപ്രദമായ പ്രവര്‍ത്തനത്തെ ബാധിക്കും. ഗ്രാമീണ ജനതയുടെ ദുരിതം തടയുകയും ജീവിതസുരക്ഷ ഉറപ്പാക്കുകയുമാണ് തൊഴിലുറപ്പ് പദ്ധതി ലക്ഷ്യമെന്നും സമിതി ചൂണ്ടിക്കാട്ടി.
വേതനത്തിനും സാധനസാമഗ്രികള്‍ വാങ്ങുന്നതിനുമുള്ള കേന്ദ്രവിഹിതം യഥാസമയം വിതരണം ചെയ്യുന്നതിനും കാലതാമസം ഒഴിവാക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണം. ഇതിനായി സംസ്ഥാന സര്‍ക്കാരുകളുമായുള്ള ഏകോപനം ശക്തിപ്പെടുത്തണം. പണപ്പെരുപ്പം അതിരൂക്ഷമായതിനാല്‍ വേതനം പരിഷ്കരിക്കണമെന്നും ശുപാര്‍ശ ചെയ്തു.
രാജ്യത്തുടനീളം ഏകീകൃത വേതന നിരക്ക് നടപ്പാക്കുന്നത് പരിഗണിക്കണം. തൊഴില്‍ ദിനങ്ങള്‍ 100ല്‍ നിന്ന് 150 ആക്കണം, ആധാര്‍ അധിഷ്ടിത വേതന വിതരണം ഓപ്ഷണലാക്കണം, പശ്ചിമബംഗാളിന് അനുവദിക്കാത്ത ഫണ്ടുകള്‍ എത്രയും വേഗം അനുവദിക്കണമെന്നും സമിതി നിര്‍ദേശിച്ചു.

പ്രതിപക്ഷ എംപി സപ്തഗിരി ശങ്കര്‍ ഉലകയുടെ നേതൃത്വത്തിലുള്ള ഗ്രാമവികസന, പഞ്ചായത്തീരാജ് സ്ഥിരം സമിതി മാര്‍ച്ച് 12നാണ് ശുപാര്‍ശകള്‍ നല്‍കിയത്. ഗ്രാമവികസന, ഭൂവിഭവ വകുപ്പുകള്‍, പഞ്ചായത്തിരാജ് മന്ത്രാലയം എന്നിവയുമായി ബന്ധപ്പെട്ട കമ്മിറ്റിയുടെ അഞ്ച്, ആറ്, ഏഴ് റിപ്പോര്‍ട്ടുകള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും വേതന നിരക്കുകളിലെ പരിഷ്കരണവും അസമത്വവും തങ്ങളുടെ ദീര്‍ഘകാല ആവശ്യങ്ങളില്‍ ഒന്നാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.    ഉപഭോക്തൃ വില സൂചിക, പണപ്പെരുപ്പം എന്നിവയെ നേരിടുന്നതിന് നിലവിലെ വേതനം പര്യാപ്തമല്ലെന്നും അതിനാല്‍ മുന്‍കാല അടിസ്ഥാനത്തില്‍ വേതനം അവലോകനം ചെയ്യുകയും പുതുക്കുകയും വേണം. ഏകീകൃത വേതനം നടപ്പാക്കിയാല്‍ വിതരണത്തില്‍ ന്യായവും സ്ഥിരതയും ഉറപ്പാക്കാന്‍ സഹായിക്കും.
ആധാര്‍ വിശദാംശങ്ങളും തൊഴില്‍ കാര്‍ഡ് രേഖകളും തമ്മിലുള്ള പൊരുത്തക്കേടുകള്‍ കാരണം ഗുണഭോക്തൃ പട്ടികയില്‍ നിന്ന് വലിയതോതില്‍ തൊഴിലാളികള്‍ ഒഴിവാക്കപ്പെട്ടതിനാല്‍ ആധാര്‍ അധിഷ്ഠിത വേതനം നിര്‍ബന്ധമാക്കരുതെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ തൊഴില്‍ കാര്‍ഡ് ഇല്ലാതാക്കുന്നതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും അതിന്റെ ഉത്തരവാദിത്തം സംസ്ഥാനങ്ങള്‍ക്കെന്നുമാണ് ഡിസംബറില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചത്. ആവശ്യകത അടിസ്ഥാനമാക്കിയ പദ്ധതിയാണ് തൊഴിലുറപ്പെന്ന് കേന്ദ്രസര്‍ക്കാര്‍ വാദിക്കുന്നു. എന്നാല്‍ തൊഴിലിന്റെ സ്വഭാവം വൈവിധ്യവല്‍ക്കരിക്കാനും തൊഴില്‍ ദിനങ്ങളുടെ എണ്ണം 100ല്‍ നിന്ന് 150 ആക്കാനും കമ്മിറ്റി ശുപാര്‍ശ ചെയ്തു.

നഗര വികസനം: 21,000 കോടി പാഴാക്കി

രാജ്യത്തെ കോടിക്കണക്കിന് ജനങ്ങള്‍ സുരക്ഷിതഭവനമില്ലാതെ ചേരികളിലും തെരുവുകളിലും അന്തിയുറങ്ങുമ്പോള്‍ 20,875 കോടി രൂപ പാഴാക്കി കേന്ദ്ര നഗര വികസന മന്ത്രാലയം. നഗര വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ ഇഴഞ്ഞുനീങ്ങുന്നതിന് പുറമേയാണ് ഭീമമായ തുക പാഴാക്കിയിരിക്കുന്നതെന്ന് ടിഡിപി അംഗമായ മാഗുണ്ട ശ്രീനിവാസലു റെ‍ഡ്ഡി അധ്യക്ഷനായ പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2024–25ല്‍ ബജറ്റ് വിഹിതത്തില്‍ നിന്നാണ് 21,000 കോടിയോളം രൂപ ചെലവഴിക്കാതെ പോയത്. ഇതോടൊപ്പം ആദ്യം വകയിരുത്തിയ 82,576.57 കോടി രൂപ 63,669.93 കോടിയായി വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഫെബ്രുവരി അവസാനം വരെയുളള പരിശോധനയിലാണ് ഫണ്ട് വിനിയോഗത്തിലെ മെല്ലപ്പോക്കും, സുപ്രധാന പദ്ധതികള്‍ നടപ്പിലാക്കുന്നതിലെ നിഷ്ക്രിയത്വവും കണ്ടെത്തിയത്. ആകെ വിഹിതത്തിന്റെ 33 ശതമാനം തുക മന്ത്രാലയത്തിന്റെ പിടിപ്പുകേട് കാരണം നഷ്ടമായി.

പ്രധാനമന്ത്രി ആവാസ് യോജന-(അര്‍ബന്‍ പിഎംഎവൈയു), സ്വച്ഛ് ഭാരത് മിഷന്‍, പ്രധാനമന്ത്രി ഇ ബസ് സേവ തുടങ്ങിയ പദ്ധതികള്‍ക്കായി വകയിരുത്തിയ തുക പാഴായി. നഗര വികസനം ലക്ഷ്യമിട്ട് പ്രധാനമന്ത്രി അടുത്തിടെ പ്രഖ്യാപിച്ച അര്‍ബന്‍ ചലഞ്ച് ഫണ്ട് വഴിയുള്ള പദ്ധതി നിര്‍വഹണ ഏജന്‍സിയായ മന്ത്രാലയത്തിന്റെ അവസ്ഥ ഇതേനിലയില്‍ തുടരുന്ന പക്ഷം ലക്ഷ്യം കൈവരിക്കാന്‍ സാധിക്കില്ല. നഗരവല്‍ക്കരണം ത്വരിതഗതിയില്‍ നടക്കുന്ന രാജ്യത്തെ പൗരന്മാര്‍ക്ക് പാര്‍പ്പിടം ഉറപ്പാക്കാനുള്ള പിഎംഎവൈയു ലക്ഷ്യം കൈവരിക്കാനും മന്ത്രാലയം ശ്രദ്ധ പുലര്‍ത്തുന്നില്ല. കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ നടപ്പിലാക്കേണ്ട പല പദ്ധതികളിലും നിര്‍വഹണ ഏജന്‍സി താല്പര്യം കാട്ടുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണം. ഫണ്ടുകള്‍ പാഴായി പോകുന്നത് ഗുരുതരമായ സ്ഥിതിവിശേഷം സൃഷ്ടിക്കും. അര്‍ബന്‍ ചലഞ്ച് ഫണ്ട് വഴി നഗരവികസനത്തിനായി ഒരു ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനം പാലിക്കുന്നതിന് ബാങ്ക് ബോണ്ട് വഴിയും പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെയും പദ്ധതി ചെലവിന്റെ 50 ശതമാനം കണ്ടെത്തണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.