Web Desk

അബുദാബി

August 24, 2020, 3:57 pm

ഐപിഎല്ലിന്റെ ഫിക്സ്ചറുകൾ വൈകുന്നത് കാരണമുണ്ട്; വില്ലൻ കോവിഡ് തന്നെ

Janayugom Online

സെപ്റ്റംബർ 16ന് ആരാധകർ കാത്തിരുന്ന പോലെ ഐപിഎൽ 13-ാം സീസണിന് തുടക്കമാകും. ഇതിനോടകം തന്നെ എട്ട് ടീമുകളും യുഎഇയിൽ എത്തിക്കഴിഞ്ഞു. ഐപിഎൽ തുടങ്ങാൻ ആഴ്ചകൾ മാത്രം ബാക്കിയുള്ളപ്പോൾ ഇതുവരെയും ഫിക്സ്ചറുകൾ പുറത്ത് വിടാത്തത് ആരാധകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

ടീമിലെ ഏതെങ്കിലും ഒരു താരത്തിന് കോവിഡ് ബാധ സ്ഥിരീകരിച്ചാല്‍ മത്സരം ചിലപ്പോള്‍ നീട്ടിവെക്കേണ്ട അവസ്ഥയുണ്ടായേക്കും. നേരത്തെ ഷെഡ്യൂള്‍ പുറത്തുവിട്ടാല്‍ ആശയക്കുഴപ്പം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മാത്രമല്ല ഇംഗ്ലണ്ട്, ഓസ്ട്രേലിയ താരങ്ങൾ സെപ്റ്റംബര്‍ 17, 18 തീയതികളിലെത്തുമെന്നാണ് കരുതപ്പെടുന്നത്.

യുഎഇയിലെത്തിയതിന് ശേഷം ഒരാഴ്ച നിര്‍ബന്ധിത ക്വാറന്റൈനും ഈ താരങ്ങള്‍ക്ക് വിധേയരാവേണ്ടി‌ വരുമെന്നതിനാല്‍ തങ്ങളുടെ ടീമുകള്‍ക്കൊപ്പം അവര്‍ ചേരുമ്പോഴേക്ക് സെപ്റ്റംബര്‍ 24, 25 തീയതിയെങ്കിലുമാകും. അക്കാരണത്താല്‍ ഇത്തവണത്തെ ഐപിഎല്ലിലെ ആദ്യ 3,4 ദിവസങ്ങളില്‍, ഇംഗ്ലണ്ട്, ഓസീസ് താരങ്ങളുടെ അസാന്നിധ്യം കാര്യമായി ബാധിക്കാത്ത ടീമുകള്‍ക്ക് കൂടുതല്‍ മത്സരങ്ങള്‍ നല്‍കാനാണ് ബിസിസിഐ പദ്ധതിയിടുന്നത്. ഇത് ഫിക്സ്ചര്‍ തയ്യാറാക്കുന്നതിന് കാലതാമസം സൃഷ്ടിക്കുന്നുണ്ട്.

ആരാധകരുടെ താല്‍പര്യവും പരിഗണിക്കണം. അതിനാല്‍ വിദേശ താരങ്ങളുടെ പങ്കാളിത്തത്തിന്റെ സമയം ഉറപ്പാക്കിയ ശേഷം മത്സരത്തിന്റെ ക്രമം പ്രഖ്യാപിക്കാമെന്ന നിലപാടിലാണ് ബിസിസിഐ. ഈ ആഴ്ച ഷെഡ്യൂള്‍ പുറത്തുവിട്ടേക്കുമെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്.

Eng­lish sum­ma­ry: Delay of IPL fixture
You may also like this video: