Web Desk

ന്യൂഡൽഹി:

October 26, 2020, 9:40 pm

ഡൽഹി വായുമലിനീകരണം: സ്ഥിരം സമിതിയെ നിയമിക്കാൻ സുപ്രീം കോടതി അനുമതി

Janayugom Online

ദേശീയ തലസ്ഥാനത്ത് വായു മലിനീകരണം നിയന്ത്രണാതീതമാകുന്ന പശ്ചാത്തലത്തിൽ വിഷയം കൈകാര്യം ചെയ്യാൻ നിയമനിർമ്മാണം നടത്തി സ്ഥിരം സമിതിയെ നിയമിക്കാൻ കേന്ദ്രത്തിന് സുപ്രീം കോടതിയുടെ അനുമതി. ഇതിന്റെ പശ്ചാത്തലത്തിൽ അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന തരത്തിൽ അയൽ സംസ്ഥാനങ്ങളിൽ കാർഷികവിള അവശിഷ്ടങ്ങൾ കത്തിക്കുന്നത് സംബന്ധിച്ച് പഠിക്കാൻ സുപ്രീം കോടതി നിയമിച്ച ഏകാംഗ കമ്മിറ്റിയെ സസ്പെൻഡ് ചെയ്തു. ഒക്ടോബർ 16നായിരുന്നു റിട്ട. ജഡ്ജ് മദൻ ലോകൂർ അംഗമായ കമ്മറ്റിയെ പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നത് സംബന്ധിച്ച് പഠിക്കാൻ സുപ്രിംകോടതി നിയോഗിച്ചത്. ഇക്കാര്യത്തിൽ സ്ഥിരംസമിതിയുടെ നിയമനം സംബന്ധിച്ച് വിധി പുനഃപരിശോധിക്കണമെന്ന കേന്ദ്രത്തിന്റെ ആവശ്യം അംഗീകരിക്കാൻ ആ ഘട്ടത്തിൽ കോടതി വിസമ്മതിച്ചിരുന്നു.

മൂന്നോ നാലോ ദിവസത്തിനകം പുതിയ നിയമനിർമ്മാണം നടത്തുമെന്ന് സർക്കാരിനെ പ്രതിനിധീകരിച്ച സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിക്കുകയും ലോകൂർ കമ്മിറ്റിയെ സസ്പെൻഡ് ചെയ്യാൻ കോടതിയോട് ആവശ്യപ്പെടുകയും ചെയ്തു. കേന്ദ്രത്തിന്റേത് സ്വാഗതാർഹമായ നടപടിയാണെന്നും സർക്കാർ ഇടപെടേണ്ട മേഖലയാണിതെന്നും ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ നിരീക്ഷിച്ചു. മലിനീകരണം ആളുകളെ ശ്വാസം മുട്ടിക്കുകയാണെന്നും ഇത് തടയേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശൈത്യകാലം ആരംഭിക്കുന്നതോടെ കോവിഡ് 19 കേസുകളിൽ വർദ്ധനവുണ്ടാകുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നതിനാൽ ഈ വർഷം മലിനീകരണം വളരെയധികം ആശങ്കാജനകമാണ്. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ റിപ്പോർട്ട് പ്രകാരം ശൈത്യകാലത്ത് ഡൽഹിയിൽ പ്രതിദിനം 15,000 കോവിഡ് കേസുകൾ ഉണ്ടായേക്കാം എന്നാണ് സൂചന.

ലോകൂർ കമ്മിറ്റി രൂപീകരിക്കുന്നതിൽ നേരത്തെ കേന്ദ്രം എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. തലസ്ഥാനത്തെ മലിനീകരണത്തിൽ നാല് ശതമാനം മാത്രമാണ് കാർഷിക വിളകൾ കത്തിക്കുന്നത് മൂലം ഉണ്ടാകുന്നതെന്നും ബാക്കി പ്രാദേശിക കാരണങ്ങളാലാണെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ഡേക്കർ അഭിപ്രായപ്പെട്ടിരുന്നു. ഇതിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുമുണ്ട്.

ENGLISH SUMMARY: del­hi air pol­lu­tion supreme court

YOU MAY ALSO LIKE THIS VIDEO