ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം; സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

Web Desk
Posted on November 06, 2019, 9:16 pm

ന്യൂഡല്‍ഹി: ദില്ലിയിലെ അന്തരീക്ഷ മലിനീകരണ വിഷയത്തില്‍ ഡല്‍ഹി, പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. ഉദ്യോഗസ്ഥരുടെ പിടിപ്പുകേടാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്നത്. അന്തരീക്ഷ മലിനീകരണത്തില്‍ കര്‍ഷകരെ കുറ്റപ്പെടുത്തുകയാണ് ഉദ്യോഗസ്ഥര്‍. മലിനീകരണം തടയാന്‍ നടപടിയെടുക്കുന്നില്ല. ജനം മരിച്ചുകൊണ്ടിരിക്കുകയാണെന്നും ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പറഞ്ഞു.

പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ കൃഷിയിടത്തിലെ പുല്ലിന് തീയിടുന്നതാണ് ഡല്‍ഹിയില്‍ വ്യാപക അന്തരീക്ഷ മലിനീകരണത്തിന് കാരണമായത്. കര്‍ഷകരുടെ തലയില്‍ കുറ്റം കെട്ടിവെക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. കര്‍ഷകരെ ശിക്ഷിക്കുന്നത് ഇതിനൊരു പരിഹാരമല്ല. പഞ്ചാബ്, ഹരിയാന, യു.പി, ഡല്‍ഹി സര്‍ക്കാറുകള്‍ക്കാണ് ഉത്തരവാദിത്തമെന്നും കോടതി പറഞ്ഞു.

കര്‍ഷകര്‍ക്ക് ആവശ്യമായ യന്ത്രസംവിധാനം ഒരുക്കാന്‍ ഫണ്ടില്ലെന്ന് പറഞ്ഞ പഞ്ചാബ് ചീഫ് സെക്രട്ടറിയെ സുപ്രീംകോടതി നിശിതമായി വിമര്‍ശിച്ചു. ഫണ്ടും പദ്ധതിയും ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് ചീഫ് സെക്രട്ടറിയായി തുടരാന്‍ യോഗ്യതയില്ലെന്നും കോടതി വ്യക്തമാക്കി.