Web Desk

ന്യൂഡല്‍ഹി

June 15, 2020, 7:45 pm

വ്യവസായിയുടെ കൊലപാതകം: ഇന്‍ഷ്വറന്‍സ് തുകയ്ക്കായി വാടകക്കൊലയാളിയെ സ്വയം ഏര്‍പ്പെടുത്തിയതെന്ന് പൊലീസ്

Janayugom Online

വ്യവസായിയുടെ കൊലപാതകം കുടുംബത്തിന് ഇന്‍ഷ്വറന്‍സ് തുക കിട്ടാനായി എന്ന് പൊലീസ്. കൊല്ലപ്പെട്ട ഗൗരവ് തന്നെ കൊല്ലാനായി പ്രായപൂര്‍ത്തിയാകാത്ത ഒരാളെയടക്കം നാല് വാടകക്കൊലയാളികളെ സ്വയം ഏര്‍പ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

നഗരത്തിന് പുറത്തുള്ള സ്ഥലത്ത് ഈ മാസം പത്തിനാണ് ഗൗരവിന്റെ മൃതദേഹം കണ്ടെത്തിയത്. തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു. കൈകള്‍ കെട്ടിയിരുന്നു. പലചരക്ക് കച്ചവടം നടത്തിയിരുന്ന ഗൗരവ്(37) കടയില്‍ നിന്ന് മടങ്ങി എത്തിയില്ലെന്ന് കാട്ടി ഭാര്യ ഷാനു ബന്‍സല്‍ പരാതി നല്‍കിയിരുന്നു.

ആറ് ലക്ഷം രൂപയുടെ ഒരു ബാങ്ക് വായ്പ അദ്ദേഹത്തിന് ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. വിഷാദരോഗത്തിന് ചികിത്സയിലുമായിരുന്നു. ഇദ്ദേഹം ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പിന് ഇരയായിരുന്നുവെന്നും ഭാര്യ വ്യക്തമാക്കി. മൂന്നരലക്ഷം രൂപയാണ് ഇതുവഴി നഷ്ടമായത്.
ഗൗരവിന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇയാള്‍ സ്വന്തം കൊലപാതകത്തിന് ക്വട്ടേഷന് നല്‍കിയിരുന്നതായി മനസിലാക്കിയത്. പൊതു ഗതാഗതത്തില്‍ ആണ് ഗൗരവ് മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് എത്തിയത്. പ്രതികള്‍ക്ക് ഇയാള്‍ സ്വന്തം ചിത്രങ്ങള്‍ അയച്ച് കൊടുത്തിരുന്നതായും പൊലീസ് പറഞ്ഞു. പ്രതികള്‍ ഗൗരവിന്റെ കൈകള്‍ കൂട്ടിക്കെട്ടിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് മനോജ് കുമാര്‍ യാദവ്, സൂരജ്, സുമിത് കുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത ഒരാളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് എത്ര തുകയാണ് നല്‍കിയതെന്ന കാര്യം വ്യക്തമല്ല. ഇന്‍ഷ്വറന്‍സ് തുകയും എത്രയുണ്ടെന്ന് വ്യക്തമല്ല. കൂടുതല്‍ അന്വേഷണങ്ങള്‍ തുടരുകയാണ്.
ENGLISH SUMMARY: Del­hi Busi­ness­man Got Him­self Mur­dered For Insur­ance Mon­ey: Cops

YOU  MAY ALSO LIKE THIS VIDEO: