Web Desk

തിരുവനന്തപുരം

April 06, 2021, 8:54 pm

കപ്പിന് മീതെ പന്തും പറക്കും; ഡല്‍ഹി ക്യാപിറ്റല്‍സ് ലക്ഷ്യം കന്നിക്കിരീടം

Janayugom Online

കുറേവര്‍ഷത്തെ മോശം ഫോമിന് ശേഷം ശക്തമായ തിരിച്ചുവരവാണ് കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് നടത്തിയത്. ചരിത്രത്തിലാദ്യമായാണ് ഡല്‍ഹി 2020ലെ സീസണില്‍ ഫൈനലിലെത്തിയത്. എന്നാല്‍ കന്നിക്കിരീടം സ്വന്തമാക്കാന്‍ അവര്‍ക്കായില്ല.

ഇത്തവണ ചില മാറ്റങ്ങളുമായി ഇറങ്ങുന്ന ഡല്‍ഹി അതിശക്തരാണ്. യുവതാരങ്ങള്‍ തന്നെയാണ് ഇത്തവണയും ഡല്‍ഹിയുടെ തുറുപ്പ് ചീട്ട്.

പരിക്കു കാരണം ഈ സീസണ്‍ മുഴുവന്‍ ശ്രേയസിനു നഷ്ടമായതോടെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെയാണ് ഡിസി ക്വാപ്റ്റന്‍ എന്ന ദൗത്യമേല്‍പ്പിച്ചിരിക്കുന്നത്. നായകന്റെ റോളില്‍ പന്ത് ക്ലിക്കാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ അദ്ദേഹം നേരത്തേ ടീമുകളെ നയിച്ചിട്ടുണ്ടെങ്കിലും ഐപിഎല്ലില്‍ ഇതു കന്നി ഊഴമാണ്.

ഡിസിയുടെ ബാറ്റിങ് കരുത്ത്

ഇന്ത്യൻ ഓപ്പണർ ധവാനിൽ നിന്ന് തുടങ്ങുന്ന ശക്തമായ ബാറ്റിങ് നിര തന്നെയാണ് ഡൽഹിയുടെ പ്രധാന കരുത്ത്. യുഎഇയിൽ നടന്ന കഴിഞ്ഞ സീസണിൽ 618 റൺസ് സ്കോർ ചെയ്ത ധവാൻ, സീസണിലെ റൺവേട്ടക്കാരിൽ രണ്ടാമതായിരുന്നു. അവസാനം നടന്ന ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലും ധവാൻ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. മൂന്ന് ഏകദിനത്തിൽ രണ്ട് കളിയിലും അർധ സെഞ്ചുറി നേടിയിരുന്നു. ഒരു മത്സരത്തിൽ സെഞ്ചുറിക്ക് അരികെയാണ് വിക്കറ്റ് നഷ്ടപ്പെട്ടത്.

ധവാനെ കൂടാതെ പൃഥ്വി ഷാ, അജിങ്ക്യ രഹാനെ തുടങ്ങിയ ഇന്ത്യൻ താരങ്ങൾ എത്തുന്ന മുൻനിരയും റിഷഭ് പന്ത്, മർകസ് സ്റ്റോയ്‌നിസ്, ഷിംറോൺ ഹെ­റ്റ്മെയർ തുടങ്ങിയവർ അടങ്ങുന്ന മധ്യനിരയും വളരെ കരുത്തുറ്റതാണ്. താരലേലത്തി­ൽ സ്വന്തമാക്കിയ സ്റ്റീവ് സ്മിത്ത് കൂടി ചേരുമ്പോൾ ശ്രേയസ് അയ്യറുടെ കുറവ് ബാറ്റിങ് നിരയിൽ നികത്തപ്പെടുമെന്ന് പ്രതീക്ഷിക്കാം.

ബൗളിങ്

ബൗളിങില്‍ റബാഡ, നോര്‍ജെ, ഇഷാന്ത്, അശ്വിന്‍, മിശ്ര എന്നിവരുള്‍പ്പെടുന്ന ബൗളിങ് ആക്രമണവും മികച്ചതാണ്. കഴിഞ്ഞ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റു നേടി പർപ്പിൾ ക്യാപ്പ് നേടിയ റബാഡയും നോർജെയും ചേർന്ന് ഡൽഹിക്ക് വേണ്ടി 52 വിക്കറ്റുകളാണ്‌ പിഴുതത്.

പന്തിന് അവസരം

ക്യാപ്റ്റൻ എന്ന നിലയിൽ റിഷഭ് പന്തിനു തിളങ്ങാനും ടീമിനെ വിജയത്തിലെത്തിച്ച് തന്റേതായ ഒരു സ്ഥാനം അടയാളപ്പെടുത്താനുമുള്ള അവസരമാണ്. ഐപിഎല്ലിലെ പ്രകടനം ടിട്വന്റി വേൾഡ് കപ്പ് ടീം സെലക്ഷന് ഒരു മാനദണ്ഡമാകുമെന്നിരിക്കെ, അശ്വിൻ, അക്ഷർ പട്ടേൽ തുടങ്ങിയവർക്ക് ടീമിൽ ഇടംപിടിക്കാനുള്ള ഒരു അവസരവും. ഇന്ത്യൻ ബാറ്റിങ് നിരയിൽ ഏറെക്കുറെ സ്ഥാനമുറപ്പിച്ച റിഷഭ് പന്തിനു ലോകകപ്പിന് ഒരുങ്ങാനുള്ള അവസരം കൂടിയാണ്.

വിദേശ താരങ്ങള്‍

പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ കഴിയുന്ന നാലു വിദേശ താരങ്ങളെ തീരുമാനിക്കുകയെന്നതാണ് ഡിസിക്കു മുന്നിലുള്ള മറ്റൊരു വലിയ തലവേദന. റബാഡ, നോര്‍ജെ എന്നിവര്‍ സ്ഥാനമുറപ്പിച്ചതാണ്. സ്മിത്ത്, ബില്ലിങ്‌സ്, ഹെറ്റ്‌മെയര്‍, സ്റ്റോയ്‌നിസ് അടക്കമുള്ള മികച്ച താരങ്ങള്‍ തമ്മിലാണ് ശേഷിച്ച രണ്ടു സ്ഥാനങ്ങള്‍ക്കായി പിടിവലി നടക്കുക.

ഡല്‍ഹി ക്യാപിറ്റല്‍സ് ടീം

ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, അജിങ്ക്യ രഹാനെ, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, അമിത് മിശ്ര, ഇഷാന്ത് ശര്‍മ, രവിചന്ദ്രന്‍ അശ്വിന്‍, ലളിത് യാദവ്, അവേശ് ഖാന്‍, പ്രവീണ്‍ ദുബെ, കാഗിസോ റബാഡ, മാര്‍ക്കസ് സ്‌റ്റോയ്‌നിസ്, ഷിംറോണ്‍ ഹെറ്റ്മിയര്‍, ക്രിസ് വോക്‌സ്, ഡാനിയല്‍ സാംസ്, സ്റ്റീവ് സ്മിത്ത്, ടോം കറെന്‍, ഉമേഷ് യാദവ്, റിപാല്‍ പട്ടേല്‍, വിഷ്ണു വിനോദ്, ലുക്മാന്‍ മേരിവാല, മണിമാരന്‍ സിദ്ധാര്‍ത്ഥ്, സാം ബില്ലിംഗ്‌സ്.

Eng­lish summary:Delhi cap­i­tal team analysis

You may also like this video;