Web Desk

November 27, 2020, 1:23 pm

‘ദില്ലി ചലോ’ പ്രക്ഷോഭം; കർഷകരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു

Janayugom Online

പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള കര്‍ഷക മാര്‍ച്ച് രാജ്യതലസ്ഥാനത്തിന് 100കിലോമീറ്റര്‍ അടുത്തെത്തി. ഹരിയാന- ഡല്‍ഹി അതിര്‍ത്തിയയായ സിന്‍ഹുവില്‍ പ്രക്ഷോഭകരെ തടയുന്നതിനായി ഡല്‍ഹി പൊലീസ് കണ്ണീര്‍ വാതകവും റോഡുകളില്‍ മണല്‍ നിറച്ച ട്രക്കുകളും, കോണ്‍ക്രീറ്റ് ബ്ലോക്കുകളും സ്ഥാപിച്ച് സുരക്ഷാ സേനയെ വിന്യസിച്ചിരിക്കുകയാണ്. കര്‍ഷകരുടെ ട്രാക്ടറുകള്‍ കടന്നു പോകുന്നതിനു തടസം സൃഷ്ടിക്കാന്‍ മണ്ണുനിറച്ച ട്രക്കുകളും പ്രധാന വീഥികളില്‍ നിരത്തിയത്. ഫരീദാബാദ്, ഗുര്‍ഗാവ് എന്നിവിടങ്ങളിലും പൊലീസ് സേനയെ വിന്യസിച്ചു. ആയിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹിയിലെ ടിക്രീ അതിര്‍ത്തിയില്‍ പ്രതിക്ഷേധ ധര്‍ണ നടത്തുന്നത്. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുകയും ട്രാക്ടറുകളുടെ ടയർ നശിപ്പിക്കുകയും ചെയ്തുവെന്ന് ഒരു കൂട്ടം കർഷകർ ആരോപിച്ചിരുന്നു. അതേ സമയം കോവിഡ് വ്യാപനം കണക്കിലെടുത്ത് രാജ്യ തലസ്ഥാത്ത് നടത്തുന്ന പ്രതിക്ഷേധ സമരങ്ങള്‍ തുടര്‍ന്ന് അനുവദിക്കില്ലെന്നാണ് പൊലീസ് നിലപാട്. പൊലീസുകാര്‍ക്കെതിരെ ശക്തമായ നടപടിഭീക്ഷണിയാണ് പൊലീസ് ഉയര്‍ത്തുന്നത്.

പഞ്ചാബിലെ ഒരു കൂട്ടം കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് കടക്കാന്‍ മറ്റ് വഴികള്‍ തേടുമെന്ന് അറിയിച്ചിരുന്നു. പട്യാല- പെനോവ, പട്രാന്‍ ‑ഖനൗരി, മൂനക്- തൊഹാന, രാടിയ- ഫത്തേബാദ്, തല്‍വാണ്ഡി- സിര്‍സ എന്നി വഴികളാണ് ഇതിനായി തിരഞ്ഞെടുത്തത്. പഞ്ചാബില്‍ നിന്നും ട്രാക്ടറുകളില്‍ പുറപ്പെട്ട കര്‍ഷകർ വരുന്ന ആറുമാസത്തേക്കുള്ള ഭക്ഷ്യസാമഗ്രികളും അനുബന്ധ സംവിധാനങ്ങളും കരുതിയാണ് യാത്ര തിരിച്ചിട്ടുള്ളത്. കിസാന്‍ സംഘര്‍ഷ് സമിതിയുടെ നേതൃത്വത്തില്‍ അമൃത്സറില്‍ നിന്നും ഭക്ഷ്യസാധനങ്ങള്‍ പുറപ്പെട്ടിട്ടുണ്ട്. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നിന്ന് നിരവധി കര്‍ഷകരാണ് ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുന്നത്. ഇവരെ പൊലീസ് തടഞ്ഞിരിക്കുകയാണ്. 750 ലധികം കര്‍ഷകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. പിടിയിലായ പ്രതിഷേധക്കാരെ ഹരി നഗറിലെ സ്റ്റേഡിയത്തിലേക്ക് കൊണ്ടുപോയി. അതിർത്തി സുരക്ഷാ സേനയും (ബിഎസ്എഫ്), കേന്ദ്രവ്യവസായ സുരക്ഷാ സേനയും (സിഐഎസ്എഫ്) രംഗത്തുണ്ട്. ഡല്‍ഹി ചലോ’ പ്രക്ഷോഭകരെ അടയ്ക്കാന്‍ താല്‍ക്കാലിക ജയിലുകള്‍ തുറക്കാന്‍ നീക്കം തുടരുകയാണ്. ഒന്‍പത് സ്റ്റേഡിയങ്ങളാണ് താത്കാലിക ജയിലുകളാക്കാന്‍ ഡല്‍ഹി പൊലീസ് അനുമതിക്കായി ആവിശ്യപ്പെട്ടിരിക്കുന്നത്. ഡല്‍ഹി സര്‍ക്കാരിനോടാണ് ഇതിനായി ആവശ്യമുന്നയിച്ചത്. കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യ തലസ്ഥാനം കനത്ത ആശങ്കയിലാണ്. കര്‍ഷകര്‍ പ്രതിഷേധവുമായി വന്‍തോതില്‍ ഡല്‍ഹിയിലേക്കെത്തുന്നത് മോഡിഭരണകൂടത്തെ ആശങ്കയിലാക്കിയിട്ടുണ്ട്.

Eng­lish sum­ma­ry; ‘Del­hi Cha­lo’ agi­ta­tion; Police used tear gas to dis­perse the farmers

You may also like this video;