Web Desk

ന്യൂഡല്‍ഹി

December 20, 2020, 8:30 am

കര്‍ഷക പ്രക്ഷോഭം മുന്നേറുന്നു

Janayugom Online

അതിശൈത്യത്തിലും ഡല്‍ഹിയില്‍ കര്‍ഷക സമൂഹം നടത്തുന്ന പ്രക്ഷോഭം ശക്തമായി മുന്നേറുന്നു. കര്‍ഷക ദ്രോഹപരമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോ ഓഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തിലുള്ള ഡല്‍ഹിയിലെ പ്രക്ഷോഭം നാലാമത്തെ ആഴ്ച്ചയിലേക്കു പ്രവേശിക്കുമ്പോള്‍ സമരം കൂടുതല്‍ ശക്തി പ്രാപിക്കുകയാണ്.

പ്രതികൂല കാലാവസ്ഥയിലും സമരക്കാരായ ആയിരങ്ങള്‍ മേല്‍ക്കൂരയില്ലാതെ വെറും റോഡിലാണ് അന്തിയുറങ്ങുന്നത്. സഫ്ദര്‍ജംഗ് ഒബ്‌സര്‍വേറ്ററിയില്‍ കഴിഞ്ഞദിവസം രേഖപ്പെടുത്തിയ കുറഞ്ഞ താപനില 3.9 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. എന്നിട്ടും പ്രതിഷേധക്കാര്‍ ദേശീയ പാതയില്‍ നിന്നും മാറിയിട്ടില്ല. കൊടും തണുപ്പിലും ഭക്ഷണവും താമസവുമെല്ലാം റോഡില്‍ തന്നെയായിട്ടും പ്രായം ചെന്നവരും സ്ത്രീകളുമുള്‍പ്പെടെയുള്ളവര്‍ സമരരംഗത്ത് ഉറച്ചു നില്‍ക്കുകയാണ്.

പ്രക്ഷോഭം കാരണം വിവിധ അതിര്‍ത്തി സ്ഥലങ്ങളില്‍ ഗതാഗതം വഴിതിരിച്ചുവിട്ടു. ചില റോഡുകള്‍ അടച്ചതിനെക്കുറിച്ച് ട്രാഫിക് പൊലീസ് യാത്രക്കാരെ അറിയിക്കുകയും ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. നോയിഡയില്‍ നിന്നും ഗാസിയാബാദില്‍ നിന്നുമുള്ള പാത പ്രതിഷേധം കാരണം അടച്ചു. ടിക്രി, ധന്‍സ അതിര്‍ത്തികളും അടച്ചു. ഇപ്പോള്‍ ഇരുചക്ര വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും മാത്രമേ വമാത്തിക്കര റോഡിലൂടെ സഞ്ചരിക്കാനാവൂ. കര്‍ഷക പ്രക്ഷോഭം കാരണം ഡല്‍ഹി ജയ്പൂര്‍ ഹൈവേയില്‍ ദിവസവും ഗതാഗതക്കുരുക്ക് തുടരുകയാണ്. പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ചര്‍ച്ചക്ക് തയ്യാറാവണമെന്ന് തല കുമ്പിട്ട് കൈകള്‍ കൂപ്പി അഭ്യര്‍ഥിക്കുന്നു എന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അപേക്ഷ കര്‍ഷകര്‍ മുഖവിലക്കെടുത്തിട്ടില്ല. നിയമങ്ങള്‍ പിന്‍വലിക്കുകയല്ലാതെ വേറൊരു പരിഹാരവുമില്ല എന്ന നിലപാട് കർഷക നേതാക്കൾ ആവര്‍ത്തിച്ചു.

you may also like this video