ഡൽഹിയിലെ അഭിഭാഷകരുടെ കോടതി ബഹിഷ്ക്കരണം തുടരുന്നു, കക്ഷികൾക്ക് പൂക്കൾ നൽകി സ്വീകരണം

Web Desk
Posted on November 07, 2019, 3:38 pm

ന്യൂഡൽഹി: തുടർച്ചയായ നാലാം ദിവസവും ഡൽഹിയിലെ അഭിഭാഷകർ കോടതി ബഹിഷ്ക്കരിച്ചു. അതേസമയം സാകേത് ജില്ലാ കോടതിസമുച്ചയത്തിലെത്തിയ കക്ഷികളെ അഭിഭാഷകർ പൂക്കൾ നൽകി സ്വീകരിച്ചു. ഈ മാസം രണ്ടിന് തിസ്ഹസാരി കോടതി പരിസരത്ത് അഭിഭാഷകരും പൊലീസുമായുണ്ടായ ഏറ്റുമുട്ടലിനെ തുടർന്നാണ് അഭിഭാഷകർ കോടതി ബഹിഷ്ക്കരിക്കുന്നത്.

ആറ് ജില്ലാ കോടതികളിലാണ് അഭിഭാഷകർ സമാധാനപരമായ പ്രതിഷേധം നടത്തുന്നത്. തിസ്ഹസാരി, സാകേത്, കർക്കർഡുമ, രോഹിണി, പട്യാല ഹൗസ് ദ്വാരക കോടതികളിലാണ് അഭിഭാഷകർ ബഹിഷ്ക്കരിക്കുന്നത്. സംഘർഷത്തെ തുടർന്ന് അഭിഭാഷകർ ബഹിഷ്ക്കരണം നടത്തുകയാണെങ്കിലും ഹർജിക്കാർക്ക് കോടതി മുറികളിലെത്താൻ അനുവാദം നൽകുന്നുണ്ട്. ഇവരുടെ കേസുകളിൽ പകരം അഭിഭാഷകരെ അനുവദിക്കുകയും ചെയ്യുന്നുണ്ട്.

കോടതികളിൽ പൊലീസ് എത്തുന്നതും തങ്ങൾ തടയുന്നില്ലെന്ന് അഭിഭാഷകർ വ്യക്തമാക്കി. കുറച്ച് പേർ മാത്രമേ കോടതിയിൽ എത്തുന്നുള്ളൂവെന്നും അഭിഭാഷകർ വ്യക്തമാക്കി.