ന്യൂഡൽഹി: ഡല്‍ഹി നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പോളിങ് നടപടികൾ പൂര്‍ത്തിയായി. ലഭ്യമായ വിവരങ്ങളനുസരിച്ച് 57.87 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ തവണത്തേക്കാൾ കുറവാണിത്. അതേസമയം ഷഹീൻ ബാഗുൾപ്പെടെ സമരകേന്ദ്രങ്ങളിലെല്ലാം കനത്ത പോളിങാണ് രേഖപ്പെടുത്തിയത്. ഡൽഹി നോർത്ത് ജില്ലയിലാണ് കൂടുതൽ പേർ സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്.
വൈകീട്ടോടെ എക്സിറ്റ് പോള്‍ ഫലങ്ങൾ പുറത്തുവന്നുതുടങ്ങി. ആംആദ്മി പാർട്ടിക്ക് മുൻതൂക്കം പ്രവചിക്കുന്നതാണ് ഭൂരിഭാഗം ഫലങ്ങളും.
രാവിലെ എട്ടിന് ആരംഭിച്ച വോട്ടെടുപ്പ് തുടക്കത്തിൽ മന്ദഗതിയിലായിരുന്നു. ആദ്യ മണിക്കൂറിൽ 3.66 ശതമാനം വോട്ടുകൾ രേഖപ്പെടുത്തി.
മുൻ വൈസ് പ്രസിഡന്റ് ഹമീദ് അൻസാരി, ബിജെപി ദേശീയ സെക്രട്ടറി രാം ലാൽ എന്നിവർ രാവിലെ തന്നെ നിർമാൺ ഭവൻ പോളിംഗ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്തി.
മുഖ്യമന്ത്രിയും ആം ആദ്മി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാൾ സിവിൽ ലൈൻസ് ഏരിയയിലെ രാജ്പുര ട്രാൻസ്പോർട്ട് അതോറിറ്റി പോളിംഗ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്തി. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കെജ്രിവാളിനൊപ്പം ഭാര്യ സുനിതയും മകൻ പുൽകിത്തും ഉണ്ടായിരുന്നു.
പ്രസിഡന്റ് രാം നാഥ് കോവിന്ദ്, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, പശ്ചിമ ദില്ലി എംപി പർവേഷ് വർമ, ഡൽഹി ബിജെപി അധ്യക്ഷൻ മനോജ് തിവാരി എന്നിവരും വോട്ട് ചെയ്തു. തെരഞ്ഞെടുപ്പിൽ 1.47 കോടിയിലധികം ജനങ്ങൾക്ക് സമ്മതിദാന അവകാശമുണ്ട്. 70 നിയോജകമണ്ഡലങ്ങളിലായി 672 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു. ഭരണകക്ഷിയായ ആം ആദ്മി പാർട്ടി, പ്രതിപക്ഷ ബിജെപി, കോൺഗ്രസ് എന്നിവർ തമ്മിലുള്ള ത്രികോണ മത്സരമാണ് പ്രധാനമായും നടക്കുന്നത്. സിപിഐയുടെയും സിപിഐ(എം)ന്റെയും മൂന്ന് വീതം സ്ഥാനാർത്ഥികളും മത്സരിക്കുന്ന മണ്ഡലങ്ങളിലും ശക്തമായ മത്സരമാണ്. ഭാവന മണ്ഡലത്തിൽ എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി അഭിപ്സ ചൗഹാനും തിമാപൂരിൽ യുവനേതാവ് സഞ്ജീവ് കുമാർ റാണയും പാലം മണ്ഡലത്തിൽ ദിലീപ്കുമാറുമാണ് സിപിഐ സ്ഥാനാർത്ഥികൾ. തിരഞ്ഞെടുപ്പിന്റെ ഫലം 11ന് അറിയാം.
English summary: Delhi election updates
YOU MAY ALSO LIKE THIS VIDEO