26 March 2025, Wednesday
KSFE Galaxy Chits Banner 2

മൗലിക പ്രശ്നങ്ങൾ അവഗണിക്കപ്പെട്ട ഡൽഹി തെരഞ്ഞെടുപ്പ്

Janayugom Webdesk
February 5, 2025 5:00 am

ഡൽഹി നിയമസഭയിലെ 70 അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള വേട്ടെടുപ്പ് ഇന്ന് നടക്കുകയാണ്. കേന്ദ്രഭരണ പ്രദേശം എന്ന നിലയിൽ പരിമിതമായ അധികാരാവകാശങ്ങൾ മാത്രമേ ഡൽഹി നിയമസഭയ്ക്കും സര്‍ക്കാരിനും ഉള്ളുവെങ്കിലും ഈ തെരഞ്ഞെടുപ്പുഫലത്തിന് ഇന്ത്യയുടെ രാഷ്ട്രീയ ജീവിതത്തിൽ അനുപാതരഹിതമായ പ്രാധാന്യമാണുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി നേതൃത്വം നൽകുന്ന ബിജെപിയും, ഡൽഹിയിൽ അധികാരം തിരിച്ചുപിടിക്കാനുള്ള അവരുടെ എല്ലാ ശ്രമങ്ങളെയും തുടർച്ചയായി എതിർത്ത് നിർണായകമായി പരാജയപ്പെടുത്തിയ ആം ആദ്മി പാർട്ടിയും, രാജ്യത്തെ മുഖ്യ പ്രതിപക്ഷമായ കോൺഗ്രസും ഉൾപ്പെട്ട ശക്തമായ ത്രികോണ മത്സരത്തിനാണ് രാഷ്ട്ര തലസ്ഥാനം സാക്ഷ്യംവഹിക്കുന്നത്. ഗണ്യമായ ജനപിന്തുണയോടെ കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും അധികാരത്തിൽവന്ന എഎപി സർക്കാരിന് ഭരണഘടന ഉറപ്പുനൽകുന്ന സ്വയംഭരണാധികാര, അവകാശങ്ങളോടെ ഭരണനിർവഹണത്തിനുള്ള അവസരം നിഷേധിക്കാൻ ഏത് ഹീനമാർഗങ്ങളും അവലംബിക്കാൻ മോഡി ഭരണം മടിച്ചിരുന്നില്ല. ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫിസിനെയും ഡൽഹി പൊലീസ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സിബിഐ തുടങ്ങിയ കേന്ദ്ര ഏജൻസികളെയും മറ്റെല്ലാ അധികാരകേന്ദ്രങ്ങളെയും ഉപയോഗിച്ച് തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെയും നിയമസഭയുടെ സ്വതന്ത്രമായ പ്രവർത്തനത്തെയും ദുർബലപ്പെടുത്താനും അട്ടിമറിക്കാനുമാണ് കേന്ദ്രസർക്കാരും ബിജെപി-സംഘ്പരിവാർ ശക്തികളും നിരന്തരം ശ്രമിച്ചിരുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങൾ അപ്പാടെ കാറ്റിൽപ്പറത്തി കേന്ദ്രബജറ്റ് എന്ന ഭരണഘടനാ പ്രക്രിയയെപ്പോലും എപ്രകാരം ജനവിധിയെ സ്വാധീനിക്കാനും അട്ടിമറിക്കാനും ദുരുപയോഗം ചെയ്യാമെ‌ന്നും തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാന ഘട്ടത്തിലും പ്രധാനമന്ത്രി തന്നെ നിർലജ്ജം കാട്ടിത്തന്നു. ഡൽഹി വോട്ടർമാരിൽ വലിയൊരു ശതമാനത്തെ പ്രതിനിധീകരിക്കുന്ന വരേണ്യ മധ്യവർഗത്തെ പ്രതിനിധീകരിക്കുന്ന സർക്കാർ ഉദ്യോഗസ്ഥരെ ലക്ഷ്യംവച്ചാണ് ബജറ്റ് പ്രഖ്യാപനത്തിലെ ആദായനികുതി ഇളവുകളെന്ന് പ്രധാനമന്ത്രി തന്നെ തെരഞ്ഞെടുപ്പ് പ്രചരണവേളയിൽ അർത്ഥശങ്കയ്ക്കിടമില്ലാത്തവിധം പ്രഖ്യാപിക്കുകയുണ്ടായി. 

തുടർച്ചയായി മൂന്നുതവണ തെരഞ്ഞെടുക്കപ്പെട്ട് അധികാരത്തിൽ വന്ന ആ പാർട്ടി അവർ ഉയർത്തിപ്പിടിച്ച അഴിമതിരഹിത ആശയങ്ങളുടെയും ആദർശങ്ങളുടെയും വിദൂരനിഴൽ മാത്രമാണിന്ന്. എക്സൈസ് അഴിമതി ആരോപണം, അനധികൃത സ്വത്തുസമ്പാദനം, പ്രഖ്യാപിത ആദർശങ്ങൾക്ക് വിരുദ്ധമായ ആർഭാടങ്ങൾ, വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ സംഭവിച്ച ഗുരുതരമായ വീഴ്ചകൾ തുടങ്ങിയവയെല്ലാം എഎപി സർക്കാരിന്റെയും നേതാക്കളുടെയും പ്രതിച്ഛായക്ക് ഗണ്യമായി മങ്ങലേല്പിച്ചിട്ടുണ്ട്. അയൽപക്ക ആരോഗ്യ ക്ലിനിക്കുകൾ, സ്ത്രീകൾക്കുള്ള സൗജന്യ യാത്ര, കുടിവെള്ള വിതരണം, ഗാർഹിക വൈദ്യുതി ഉപയോഗം തുടങ്ങി തലസ്ഥാന നഗരിയിലെ ഏറ്റവും താഴെത്തട്ടിലുള്ളവർക്ക് പ്രയോജനകരമായ പദ്ധതികൾപോലും വോട്ടും അധികാരവും ലക്ഷ്യംവച്ചുള്ള നടപടികളാണെന്ന ബിജെപിയുടെ ആരോപണത്തെ എത്രകണ്ട് ഫലപ്രദമായി പ്രതിരോധിക്കാൻ എഎപിക്ക് കഴിഞ്ഞിട്ടുണ്ടെന്നറിയാന്‍ തെരഞ്ഞെടുപ്പുഫലം പുറത്തുവരുന്നതുവരെ കാത്തിരിക്കേണ്ടി വരും. വോട്ടിനെയും അധികാരത്തെയും ലക്ഷ്യമാക്കി സൗജന്യങ്ങൾ വാഗ്ദാനം ചെയ്യുന്ന മത്സരത്തിലാണ് ബിജെപിയും കോൺഗ്രസും ഏർപ്പെട്ടിട്ടുള്ളത്. അതിൽനിന്നും വ്യത്യസ്തമായി ജനജീവിതത്തിൽ മൗലിക പരിവർത്തനം ലക്ഷ്യംവച്ചുള്ള നയപരിപാടികളാണ് തങ്ങളുടേതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ എഎപിക്ക് എത്രത്തോളം കഴിഞ്ഞുവെന്ന് എട്ടാം തീയതിയിലെ ഫലപ്രഖ്യാപനം തെളിയിക്കും. അഴിമതി, അനധികൃത സ്വത്തുസമ്പാദനം തുടങ്ങിയ വിഷയങ്ങളിൽ നേതാക്കൾ നിരപരാധികളാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ അവർക്ക് എത്രത്തോളമായിട്ടുണ്ടെന്നതും ജനകീയ കോടതിയിൽ തെളിയിക്കപ്പെടേണ്ടിയിരിക്കുന്നു. തികച്ചും വ്യത്യസ്തമായ ഒരു പാർട്ടിയെന്ന തുടക്കത്തിലെ പ്രതിച്ഛായയുടെ സ്ഥാനത്ത് തീർത്തും പരമ്പരാഗത രീതികൾ അവലംബിക്കുന്ന മറ്റൊരു പാർട്ടി എന്ന നിലയിലേക്ക് എഎപി മാറിയിരിക്കുന്നു എന്നതാണ് വസ്തുത. 

ഡൽഹി തെരഞ്ഞെടുപ്പ് പ്രചരണ പ്രക്രിയ അവിടത്തെ വോട്ടർമാർക്കും രാഷ്ട്രതലസ്ഥാനം എന്നനിലയിൽ രാജ്യത്തിനും നൽകുന്ന സന്ദേശം തികച്ചും നിരാശാജനകമാണ്. ബിജെപി നേതൃത്വം നൽകുന്ന തീവ്ര വലതുപക്ഷ ദേശീയതയ്ക്കെതിരായ പ്രതിപക്ഷ ജനാധിപത്യ മതേതര പ്രതിരോധമെന്ന ആശയത്തെ അതിലെ മുഖ്യ ഘടകങ്ങളാവേണ്ട കോൺഗ്രസും ആം ആദ്മി പാർട്ടിയും നിരാകരിക്കുന്നു. ഇന്ത്യ സഖ്യമെന്ന ആശയത്തിന് ഈ തെരഞ്ഞെടുപ്പ് തെല്ലും പ്രതീക്ഷയും പ്രോത്സാഹനവും നൽകുന്നില്ല. വായു, ജല, പാരിസ്ഥിതിക മലിനീകരണത്തിന്റെ ലോകതലസ്ഥാനമായി മാറിയിരിക്കുന്ന രാഷ്ട്രതലസ്ഥാനത്തെ മാലിന്യമുക്തമാക്കുന്നതിനെപ്പറ്റി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മൂന്ന് മുഖ്യ ശക്തികൾക്കും, ചില വാദവിവാദങ്ങൾപ്പുറം, യാതൊന്നും പറയാനില്ലെന്നത് അമ്പരപ്പിക്കുന്ന യാഥാർത്ഥ്യമാണ്. രാഷ്ട്രീയപാർട്ടികൾ തെരഞ്ഞെടുപ്പുകാലത്ത് പ്രഖ്യാപിക്കുന്ന സൗജന്യങ്ങളും ആനുകൂല്യങ്ങളും ഏതെങ്കിലും തരത്തിൽ ജനങ്ങളുടെ ക്ലേശപൂർണമായ ജീവിതത്തിന് ആശ്വാസം പകരുന്നതും ജീവിതനിലവാരം ഉയർത്താനുള്ള നയപരിപാടികളുടെ ഭാഗവുമല്ലെന്നും മറിച്ച്, പൗരന്മാരുടെ സമ്മതിദാനാവകാശം വിലയ്ക്കെടുക്കുന്ന അഴിമതിയുടെ സാർവത്രികവല്‍ക്കരണമാണെന്നും വന്നിരിക്കുന്നു. അത് ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ ജീർണതയാണ് തുറന്നുകാട്ടുന്നത്. ഇതിനിടയിൽ വിസ്മരിക്കപ്പെടുന്നത് ഡൽഹി നിയമസഭയുടെയും സർക്കാരിന്റെയും ഭരണഘടനാപരമായ പദവി, അവയും കേന്ദ്രവും തമ്മിലുള്ള ബന്ധങ്ങളുടെ ബലതന്ത്രം തുടങ്ങിയ രാഷ്ട്രീയവും ജനാധിപത്യപരവും ഭരണഘടനാപരവുമായ മൗലിക പ്രശ്നങ്ങളാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.