ഡല്‍ഹിയിലെ മുണ്ട്കയില്‍ നാലുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 27 ആയി ഉയര്‍ന്നു. 12 പേര്‍ക്ക് പരിക്കേറ്റു. 29 പേരെ കാണാനില്ല. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച വൈകിട്ട് മുണ്ട്ക മെട്രോ സ്‌റ്റേഷനടുത്തുള്ള നാലുനിലകളുള്ള വാണിജ്യ സമുച്ചയത്തിലാണ് തീപിടിത്തം ഉണ്ടായത്. കെട്ടിടത്തില്‍ കുടുങ്ങിയ 50 പേരെ രക്ഷപ്പെടുത്തി. കാണാതായവരില്‍ 24 പേര്‍ സ്ത്രീകളാണ്. സംഭവം നടക്കുമ്പോള്‍ നൂറോളം പേര്‍ ഫാക്ടറിയില്‍ ഉണ്ടായിരുന്നെന്നാണ് വിവരം.
സിസിടിവി കാമറകള്‍, റൂട്ടറുകള്‍ എന്നിവ അസംബിള്‍ ചെയ്ത് നിര്‍മ്മിക്കുന്ന ഫാക്ടറിയുടെ ഉടമകളായ ഹരീഷ് ഗോയല്‍, വരുണ്‍ ഗോയല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അഗ്നിശമന സേനയുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കെട്ടിടം പ്രവര്‍ത്തിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. കെട്ടിടത്തിന്റെ ഉടമ മനീഷ് ലാക്ര ഒളിവിലാണ്.
ഡിഎന്‍എ പരിശോധനയിലൂടെ മാത്രമേ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയൂവെന്ന് വെസ്റ്റ് ഡിസിപി സുമിത് ശര്‍മ്മ വ്യക്തമാക്കി. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഇന്നലെ സംഭവ സ്ഥലം സന്ദര്‍ശിച്ചു. മജിസ്ട്രേറ്റ് തല അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു. കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപാ നഷ്ടപരിഹാരം ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
English Summary: Delhi fire; Deaths 27, 29 missing
You may like this video also