രാജ്യ തലസ്ഥാനത്ത് ഇനി ചികിത്സ ഡല്‍ഹി നിവാസികള്‍ക്ക് മാത്രം, അതിര്‍ത്തികള്‍ നാളെ തുറക്കും

Web Desk

ന്യൂഡല്‍ഹി

Posted on June 07, 2020, 1:27 pm

നഗരത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലും ചില സ്വകാര്യ ആശുപത്രികളിലും ഡല്‍ഹി നിവാസികള്‍ക്ക് മാത്രമേ ചികിത്സ ലഭ്യമാക്കൂ എന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. കൊറോണ രോഗികകളുടെ എണ്ണം അനിയന്ത്രിതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണിത്. ആശുപത്രികളിലെ കിടക്കകള്‍ സംബന്ധിച്ച് വലിയ വിവാദങ്ങള്‍ ഉയര്‍ന്ന സന്ദര്‍ഭത്തിലാണ് കെജരിവാളിന്റെ പ്രസ്താവന എന്നതും ശ്രദ്ധേയമാണ്.

നാളെ മുതല്‍ ഡല്‍ഹിയുടെ അതിര്‍ത്തികള്‍ തുറന്ന് കൊടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഇതോടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള രോഗികളുടെ കുത്തൊഴുക്കുണ്ടാകാനിടയുണ്ടെന്നും കെജരിവാള്‍ പറഞ്ഞു.

പ്രതിദിനം ആയിരത്തിലേറെ പേര്‍ക്കാണ് കൊറോണ റിപ്പോര്‍ട്ട് ചെയ്യുന്നത്. 27,000 ആണ് രാജ്യതലസ്ഥാനത്തെ രോഗികകളുടെ എണ്ണം.

പതിനായിരം കിടക്കകള്‍ ഇവിടുത്തെ താമസക്കാര്‍ക്ക് വേണ്ടി നീക്കി വയ്ക്കാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള കിടക്കകള്‍ എല്ലാവര്‍ക്കും ഉപയോഗിക്കാം. സ്വകാര്യ ആശുപത്രികള്‍ എല്ലാവര്‍ക്കും വേണ്ടി തുറന്ന് കൊടുക്കും.

ഡോക്ടര്‍മാരുടെ പ്രത്യേക അഞ്ചംഗ സമിതിയുടെ ഉപദേശപ്രകാരമാണ് ഈ തീരുമാനം. ഈമാസം അവസാനത്തോടെ ഡല്‍ഹിയില്‍ പതിനയ്യായിരം കിടക്കകള്‍ ആവശ്യമായി വരും. ഇപ്പോള്‍ 9,000 കിടക്കകള്‍ ഉണ്ട്. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള രോഗികളെ ഏറ്റെടുത്താന്‍ മൂന്ന് ദിവസം കൊണ്ട് ഇത് തീരും.

ആശുപത്രികളില്‍ കിടക്കകളില്ലെന്ന വാര്‍ത്ത പുറത്ത് വന്നയുടന്‍ തന്നെ അദ്ദേഹം പൊതുജനങ്ങളില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ തേടിയിരുന്നു. പലരെയും ആശുപത്രികള്‍ തിരിച്ചയക്കുന്നതായും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.

രോഗലക്ഷണങ്ങളില്ലാത്തവരെയും പരിശോധിക്കുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇത്തരം ആളുകളെ ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്യുന്നതായും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
eng­lish sum­ma­ry: Del­hi Gov­ern­ment, Pri­vate Hos­pi­tals For Res­i­dents Only: Arvind Kejriwal
you may also like this video: