Janayugom Online
T M Krishna

സംഘപരിവാര്‍ ഭീഷണി വിലപ്പോയില്ല; ടി എം കൃഷ്ണയ്ക്ക് വേദിയൊരുക്കി ഡല്‍ഹി സര്‍ക്കാര്‍

Web Desk
Posted on November 16, 2018, 10:08 pm

ന്യൂഡല്‍ഹി: സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് സംഗീതപരിപാടി മാറ്റിവെക്കേണ്ടി വന്ന കര്‍ണാടിക് സംഗീതജ്ഞന്‍ ടി എം കൃഷ്ണയ്ക്ക് വേദിയൊരുക്കി ഡല്‍ഹി സര്‍ക്കാര്‍. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയാണ് ഇക്കാര്യം അറിയിച്ചത്.
ഡല്‍ഹിയിലെ സാകേതില്‍ സൈദുല്‍ അജൈബ് വില്ലേജിലാണ് ഇന്ന് പരിപാടി നടക്കുക. ഡല്‍ഹി സര്‍ക്കാരിന്റെ കലാ സാംസ്‌കാരിക വകുപ്പാണ് പരിപാടി സംഘടിപ്പിക്കുന്നത്. സര്‍ക്കാരിന്റെ ക്ഷണം കൃഷ്ണ സ്വീകരിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഹിന്ദു സംഘടനകള്‍ വിദ്വേഷ പ്രചാരണം അഴിച്ചുവിട്ടതോടെയാണ് കൃഷ്ണയുടെ സംഗീത പരിപാടിയില്‍ നിന്നും സംഘാടകരായ എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യ പിന്മാറിയത്. ദേശവിരുദ്ധന്‍, അര്‍ബന്‍ നക്‌സല്‍, യേശുവിനും അല്ലാഹുവിനും വേണ്ടി പാടുന്നവന്‍ തുടങ്ങിയ വാദങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചായിരുന്നു സംഘപരിവാര്‍ കൃഷ്ണയ്‌ക്കെതിരെ രംഗത്തെത്തിയത്.
തുടര്‍ന്ന് വിവാദം ഭയന്ന് സംഘാടകര്‍ ഡല്‍ഹി ചാണക്യപുരിയില്‍ നടത്താനിരുന്ന സംഗീതപരിപാടിയില്‍ നിന്ന് പിന്‍വാങ്ങുകയായിരുന്നു. ഇത്തരം ഭീഷണിക്ക് വഴങ്ങരുതെന്നും, ആരെങ്കിലും വേദി സംഘടിപ്പിച്ച് നല്‍കിയാല്‍ പരിപാടി അവതരിപ്പിക്കാന്‍ തയാറാണെന്നും കൃഷ്ണ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. തുടര്‍ന്നാണ് ഡല്‍ഹി സര്‍ക്കാര്‍ പരിപാടി അവതരിപ്പിക്കാന്‍ മുന്‍കയ്യെടുത്ത് രംഗത്തെത്തിയത്.