Janayugom Online
VOLVO BUSSAR Electric

മലിനീകരണത്തെ നേരിടാന്‍ വൈദ്യുത ബസുകളുമായി ഡല്‍ഹി സര്‍ക്കാര്‍

Web Desk
Posted on November 23, 2017, 3:34 pm
ന്യൂഡല്‍ഹി: മലിനീകരണത്തെ നേരിടാന്‍ വൈദ്യുത ബസുകള്‍ പുറത്തിറക്കും. ഈ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ പ്രമുഖ വാഹന നിര്‍മാതാവ് ഡല്‍ഹി ഗതാഗത മന്ത്രി കൈലാഷ് ഗെഹലോട്ടുമായി കൂടിക്കാഴ്ച നടത്തി. വൈദ്യുത വാഹനങ്ങളെക്കുറിച്ച് ഇരുവരും വിശദമായി ചര്‍ച്ച നടത്തി.
മന്ത്രിമാരും വകുപ്പ് ഉദ്യോഗസ്ഥരും വൈദ്യുതബസുകള്‍ പരിശോധിച്ചു. 500 വൈദ്യുത ബസുകള്‍ ആദ്യ ഘട്ടത്തില്‍ വാങ്ങാനാണ് സര്‍ക്കാര്‍ തീരുമാനി്ച്ചിരിക്കുന്നത്. ഇക്കാര്യം മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചിരുന്നു. ചെലവ് കുറഞ്ഞതും സാങ്കേതിക മികവുളളതുമായി ബസുകള്‍ വാങ്ങുന്നതിനായി സാമ്പത്തിക‑സാങ്കേതിക വിദഗ്ദ്ധരുമായി കൂടിയാലോചനകള്‍ നടത്തി വരികയാണ്.
ഒരു വര്‍ഷത്തെ പദ്ധതി പ്രകാരം അഞ്ഞൂറ് ലോഫ്‌ളോര്‍ എസി വൈദ്യുത ബസുകളാകും വാങ്ങുക. വിഷയത്തില്‍ ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരുമായി മന്ത്രി ചര്‍ച്ച നടത്തിക്കഴിഞ്ഞു.
പരിസ്ഥിതി സെസ് ഫണ്ടില്‍ നിന്ന് 800 കോടി രൂപ ചെലവിട്ടാകും ബസുകള്‍ വാങ്ങുക. അതേസമയം എപ്പോഴാകും ബസുകള്‍ നിരത്തിലിറക്കുക എന്നത് സംബന്ധിച്ച് ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.