ജെഎന്‍യു: ഫലപ്രഖ്യാപനം തടഞ്ഞതിനാല്‍ വൈകിയ വോട്ടെണ്ണല്‍ തുടങ്ങി

Web Desk
Posted on September 07, 2019, 8:52 am

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഡല്‍ഹി ഹൈക്കോടതി തടഞ്ഞതിനെ തുടര്‍ന്ന് നീണ്ടുപോയ വോട്ടെണ്ണല്‍ ഇന്ന് ഉച്ചയോടെ ആരംഭിച്ചു. സ്‌റ്റേ നിലനില്‍ക്കുന്നതിനാല്‍ വോട്ടെണ്ണല്‍ സംബന്ധിച്ച് അനിശ്ചിത്വം സൃഷ്ടിക്കപ്പെട്ടതാണ് വൈകുന്നതിന് കാരണമായത്. വെള്ളിയാഴ്ച രാത്രിതന്നെ വോട്ടെണ്ണല്‍ ആരംഭിക്കേണ്ടിയിരുന്നതാണ്. എന്നാല്‍ വിധിയെ തുടര്‍ന്ന് വിദ്യാര്‍ഥി സംഘടനകളും അധികൃതരും തമ്മില്‍ നടന്ന ചര്‍ച്ചകളില്‍ തീരുമാനമാകാതിരുന്നതിനാല്‍ വോട്ടെണ്ണല്‍ ആരംഭിക്കാനായില്ല. വോട്ടെണ്ണലില്‍ പങ്കെടുക്കുന്ന ഏജന്റുമാര്‍ ഫലം പുറത്തു പറയരുതെന്ന സത്യവാങ്മൂലം നല്‍കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടതാണ് ചര്‍ച്ച വഴിമുട്ടുന്നതിന് ഇടയാക്കിയത്. വോട്ടെണ്ണല്‍ ആരംഭിക്കുന്നതിനും ഔദ്യോഗിക ഫലപ്രഖ്യാപനം കോടതി വിധിയനുസരിച്ച് 17 ന് ശേഷം നടത്തുന്നതിനും ഇന്ന് രാവിലെയോടെ സര്‍വകലാശാല അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. 11.55 ഓടെ വോട്ടെണ്ണല്‍ പ്രക്രിയ ആരംഭിച്ചതായി തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ശശാങ്ക് പട്ടേല്‍ അറിയിച്ചു.
17 ന് കേസ് പരിഗണിച്ച് വിധി പറയുന്നതുവരെ ഔദ്യോഗിക അന്തിമഫലപ്രഖ്യാപനം പാടില്ലെന്നായിരുന്നു ഇന്നലെ ഡല്‍ഹി ഹൈക്കോടതിയില്‍ നിന്നുണ്ടായ വിധി.

സര്‍വകലാശാലയിലെ അന്‍ഷുമാന്‍ ദുബെ, അമിത് കുമാര്‍ ദ്വിവേദി എന്നീ രണ്ടു വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് ഫലപ്രഖ്യാപനം തടഞ്ഞത്. കൗണ്‍സിലര്‍ സ്ഥാനങ്ങള്‍ 55 ല്‍ നിന്ന് 46 ആയി കുറച്ച നടപടി ചോദ്യം ചെയ്തായിരുന്നു ഒരു ഹര്‍ജി. ഈ തീരുമാനം ലിങ്‌ദോ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ക്ക് വിരുദ്ധമാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. തെരഞ്ഞെടുപ്പ് കമ്മിറ്റിക്ക് വിദ്യാര്‍ഥി യൂണിയന്റെ ഘടനയില്‍ മാറ്റം വരുത്താന്‍ അധികാരമില്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.യഥാസമയം പത്രിക സമര്‍പ്പിച്ചിട്ടും സ്വീകരിച്ചില്ലെന്നായിരുന്നു മറ്റൊരു ഹര്‍ജിയില്‍ ഉന്നയിച്ച വിഷയം. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് പത്രിക നല്‍കിയതെങ്കിലും സ്വീകരിച്ചില്ലെന്നും പരാതിയില്‍ ആരോപിക്കുന്നു.

വെള്ളിയാഴ്ച നടന്ന വോട്ടെടുപ്പില്‍ 67.9 ശതമാനം പേരാണ് വോട്ട് ചെയ്തിരുന്നത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന വോട്ടിംഗ് ശതമാനമാണിത്. 8,488 ല്‍ 5,762 പേരാണ് വോട്ടവകാശം വിനിയോഗിച്ചത്.
വെള്ളിയാഴ്ച ആരംഭിക്കേണ്ടിയിരുന്ന വോട്ടെണ്ണല്‍ 24 മണിക്കൂറിലധികം വൈകിയ സാഹചര്യത്തില്‍ ഞായറാഴ്ച രാത്രിയോടെ മാത്രമേ പൂര്‍ത്തിക്കുവാന്‍ സാധിക്കൂ എന്നാണ് കരുതപ്പെടുന്നത്.