സ്വകാര്യ ഉപയോഗത്തിനായി ഇറക്കുമതി ചെയ്യുന്ന ഓക്സിജൻ കോൺസൻട്രേറ്ററുകൾക്ക് ഐജിഎസ്ടി ചുമത്തുന്ന കേന്ദ്ര നടപടി ഭരണഘടനാ വിരുദ്ധമെന്ന് ഡൽഹി ഹൈക്കോടതി. ഓക്സിജനില്ലാതെ വലയുമ്പോൾ ഓക്സിജൻ കോൺസൻട്രേറ്ററുകൾക്ക് നികുതി ചുമത്തുന്നത് ജനങ്ങളെ ശ്വാസം മുട്ടിച്ച് കൊല്ലുന്നതിന് തുല്യമാണെന്നും കോടതി പറഞ്ഞു. അമേരിക്കയിലെ മിനിയോപോളിസിൽ ജോർജ് ഫ്ലോയിഡ് എന്ന ആഫ്രിക്കൻ വംശജനെ പൊലീസ് കഴുത്തിൽ കാൽമുട്ട് അമർത്തി കൊലപ്പെടുത്തിയ സംഭവത്തോട് താരതമ്യപ്പെടുത്തിയായിരുന്നു കോടതിയുടെ പരാമർശം. എനിക്ക് ശ്വസിക്കാനാകുന്നില്ലെന്ന് ജോർജ് ഫ്ലോയിഡ് പറഞ്ഞ നിമിഷത്തിലൂടെയാണ് ഇന്ത്യ കടന്നു പോകുന്നതെന്ന് ജസ്റ്റിസുമാരായ രാജീവ് ഷാക്ദേർ, തൽവന്ദ് സിങ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
ഇറക്കുമതി ചെയ്യുന്ന ഓക്സിജൻ കോൺസൻട്രേറ്ററുകൾക്ക് 12 ശതമാനം നികുതി ചുമത്തിയുള്ള കേന്ദ്ര സർക്കാർ വിജ്ഞാപനം കോടതി റദ്ദാക്കി. ഓക്സിജൻ കോൺസൻട്രേറ്റർ ജീവൻരക്ഷാ ഉപകരണമാണ്. നിലവിലെ സാഹര്യത്തില്‍ ഇവയെ ജീവൻരക്ഷാ മരുന്നുകളുടെ വിഭാഗത്തിലാണ് ഉൾപ്പെടുത്തേണ്ടത്. യുദ്ധം, ക്ഷാമം, വെള്ളപ്പൊക്കം, മഹാമാരി കാലത്ത് വ്യത്യസ്ത സമീപനമാണ് സ്വീകരിക്കേണ്ടതെന്നും കോടതി പറഞ്ഞു. സ്വകാര്യ ഉപയോഗത്തിനായി ബന്ധു അയച്ചു നൽകിയ ഓക്സിജൻ കോൺസൻട്രേറ്ററിന് 12 ശതമാനം നികുതി ചുമത്തിയതിനെതിരെ 85കാരനായ ഗുർചരൺ സിങ്ങാണ് ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ ഇറക്കുമതി ചെയ്യുന്ന ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ക്ക് 28 ശതമാനം നികുതിയാണ് ചുമത്തിയിരുന്നത്. പിന്നീടത് 12 ശതമാനമായി കുറയ്ക്കുകയായിരുന്നു. എന്നാല്‍ ജനങ്ങള്‍ നിസ്സഹായരായി നില്ക്കുന്ന നിലവിലെ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അവരെ ചൂഷണം ചെയ്ത് പണം ഉണ്ടാക്കുകയാണെന്നാണ് വിഷയത്തില്‍ ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നത്.
English Summary : Delhi high court on oxygen concentrator tax
You may also like this video :