സൈനികർക്ക് സാമൂഹിക മാധ്യമ വിലക്ക്: ഹർജി ഡൽഹി ഹൈക്കോടതി തള്ളി

Web Desk

ന്യൂഡൽഹി

Posted on August 05, 2020, 9:25 pm

സൈനികർ സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഇന്റലിജൻസിന്റെ ഉത്തരവിനെതിരെ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഉത്തരവ് പിൻവലിക്കാൻ പ്രതിരോധ മന്ത്രാലയത്തിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ലെഫ്റ്റനന്റ് കേണൽ പി കെ ചൗധരിയാണ് കോടതിയെ സമീപിച്ചത്.

ജനുവരി ആറിന് ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഇന്റലിജൻസ് പുറത്തിറക്കിയ ഉത്തരവിലാണ് ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങി 87 സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാൻ സേനാംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നത്. ചൗധരിക്ക് ഉത്തരവ് പാലിക്കുകയോ അല്ലാത്തപക്ഷം ജോലി രാജിവയ്ക്കുകയോ ചെയ്യാമെന്ന് ജസ്റ്റിസുമാരായ രാജീവ് സഹായി എഡ്ലോയും ആഷ മേനോനും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

അമേരിക്കയിലുള്ള കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്താൻ ഫെയ്സ്ബുക്ക് വേണമെന്നായിരുന്നു ചൗധരിയുടെ വാദം. ഫെയ്സ്ബുക്ക് സജീവമായി ഉപയോഗിക്കാറുണ്ടെന്നും വിദേശത്ത് താമസിക്കുന്ന മൂത്തമകൾ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളോടും ബന്ധുക്കളോടും സുഹൃത്തുക്കളോടും ബന്ധപ്പെടാൻ ഫെയ്സ്ബുക്കാണ് ഉപയോഗിക്കുന്നതെന്നും ചൗധരി വ്യക്തമാക്കിയിരുന്നു. നിലവിൽ ജമ്മു കശ്മീരിലാണ് ചൗധരിയെ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്ത് സൂക്ഷിക്കാൻ അനുവദിക്കണമെന്ന് ചൗധരിയുടെ അഭിഭാഷകൻ നേരത്തേ വാദത്തിനിടെ ആവശ്യപ്പെട്ടിരുന്നു. സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യണമെന്ന ഉത്തരവ് നിയമവിരുദ്ധവും ഏകപക്ഷീയവും സൈനികരുടെ മൗലിക അവകാശങ്ങളെ ലംഘിക്കുന്നതാണെന്നും ചൗധരി ഹർജിയിൽ ആരോപിച്ചിരുന്നു.

you may also like this video