മരങ്ങള്‍ മുറിക്കുന്നതിനെതിരെ ഡല്‍ഹി ഹൈക്കോടതി

Web Desk
Posted on June 25, 2018, 9:49 pm

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ താമസസ്ഥലങ്ങളുടെ നവീകരണവും വികസനവും നടപ്പിലാക്കുന്നതിന്റെ ഭാഗമായി ദക്ഷിണ ഡല്‍ഹിയില്‍ 17,000 മരങ്ങള്‍ മുറിച്ചു നീക്കുന്നതിനെതിരെ ഡല്‍ഹി ഹൈക്കോടതി. മരങ്ങള്‍ മുറിക്കരുതെന്ന് ഉത്തരവിട്ട കോടതി ജൂലായ് നാല് വരെ പദ്ധതി നിര്‍ത്തിവയ്ക്കണമെന്നും അറിയിച്ചിട്ടുണ്ട്.

ആയിരക്കണക്കിന് മരങ്ങള്‍ മുറിച്ച് നീക്കുന്നത് ഗുരുതരമായ പരിസ്ഥിതി പ്രശ്‌നമുണ്ടാക്കുമെന്നും പൂര്‍ണ വളര്‍ച്ചയെത്തിയ മരങ്ങള്‍ മുറിച്ച് നീക്കിയശേഷം മറ്റൊരിടത്ത് പകരം ചെടികള്‍ നട്ടുപിടിപ്പിക്കുന്നത് പ്രയോജനം ചെയ്യില്ലെന്നും ചൂണ്ടിക്കാട്ടി ഡോ. കൗശല്‍ കാന്ത് മിശ്ര നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി പറഞ്ഞത്.
നവ്‌റോജി നഗര്‍, നേതാജി നഗര്‍, സരോജിനി നഗര്‍ തുടങ്ങിയ സ്ഥലങ്ങളിലെ വലിയ മരങ്ങള്‍ മുറിച്ച് നീക്കാനാണ് പദ്ധതി. മുറിക്കുന്ന മരങ്ങളുടെ പത്തിരട്ടി നട്ടുപിടിപ്പിക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പദ്ധതിക്കെതിരെ വന്‍ പ്രതിഷേധമാണ് ഡല്‍ഹിയില്‍ നടക്കുന്നത്.