ദുബൈ മനുഷ്യ കടത്ത്; പ്രതികള്‍ക്ക് തടവും പിഴയും

Web Desk
Posted on February 24, 2018, 9:16 pm

കൊച്ചി: ദുബൈ മനുഷ്യ കടത്ത് കേസില്‍ ഏഴ് പ്രതികള്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയ എറണാകുളം സിബിഐ കോടതി പ്രതികള്‍ക്ക് തടവും പിഴയും ശിക്ഷ വിധിച്ചു. നെടുമ്പാശേരി മനുഷ്യ കടത്ത് കേസ് എന്ന പേരില്‍ കുപ്രസിദ്ധി ആര്‍ജിച്ച കേസിലാണ് സിബിഐ സ്‌പെഷ്യല്‍ ജഡ്ജി എസ് സന്തോഷ് കുമാറിന്‍റെ വിധി. കേസിലെ ആദ്യ മുന്ന് പ്രതികള്‍ക്കും ഏഴാം പ്രതിക്കും പത്തുവര്‍ഷവും, നാലു മുതല്‍ ആറു വരെ പ്രതികള്‍ക്ക് ഏഴുവര്‍ഷം തടവുമാണ് ശിക്ഷ. ഒന്നാം പ്രതി തൃശൂര്‍ വലപ്പാട് കൊണ്ടിയുര്‍ വീട്ടില്‍ കെ വി സുരേഷ് (52), രണ്ടാംപ്രതി തൃശൂര്‍ തലപ്പിള്ളി മഠത്തിവിളകം വീട്ടില്‍ ലിസി സോജന്‍ (47), മൂന്നാം പ്രതി തൃശൂര്‍ മുകുന്ദപുരം ആണ്ടുരുത്തിയില്‍ വീട്ടില്‍ സേതുലാല്‍ (51), ഏഴാം പ്രതി കൊടുങ്ങല്ലൂര്‍ ഏരിയാട് ആവണിത്തറയില്‍ എ പി മനീഷ് (37) എന്നിവര്‍ക്കാണ് പത്തുവര്‍ഷം തടവു ശിക്ഷ. ആദ്യമൂന്നു പ്രതികള്‍ക്ക് രണ്ടുലക്ഷം രൂപ വീതം പിഴയുമുണ്ട്. മനീഷിന് 1,54 000 രൂപ പിഴശിക്ഷയും കോടതി വിധിച്ചു. നാലും അഞ്ചും ആറും പ്രതികളായ തിരുവനന്തപുരം വട്ടപ്പാറ വിശ്വവിഹാറില്‍ അനില്‍കുമാര്‍(45), ഇടുക്കി കട്ടപ്പന പാറയ്ക്കല്‍ വീട്ടില്‍ പി വി ബിന്ദു (31), പുനലൂര്‍ മണിയാര്‍ ദേശം കുഴിവിള വീട്ടില്‍ ശാന്ത (46)എന്നിവര്‍ക്ക് ഏഴുവര്‍ഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ.

വീട്ടുജോലിക്കായി ഗള്‍ഫിലെത്തിച്ച യുവതിയെ ലൈംഗിക അടിമയാക്കി പീഡിപ്പിച്ചെന്നാണ് കേസ്. ആറുപേരെ കുറ്റക്കാരല്ലെന്നു കണ്ട് വെറുതേ വിട്ടു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ പത്തുവകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരുന്നത്. 152 പേജുള്ള വിധിപ്രസ്താവത്തില്‍ പ്രതികളെല്ലാം കേസുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അക്കമിടുന്നു. കേസിലെ പ്രതികളിലൊരാളായ മണ്‍റോത്തുരുത്ത് സ്വദേശി ഷീലയെ ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു. 2009 മുതല്‍ 2012 വരെയുള്ള മനുഷ്യക്കടത്തിലെ കേസുകളാണ് സിബിഐ പരിഗണിച്ചിരുന്നത്. 2013ലാണ് സിബിഐ കേസ് അന്വേഷണം ആരംഭിച്ചത്.

കഴക്കൂട്ടം സ്വദേശിയായ വീട്ടമ്മയായ യുവതിയെ വീട്ടുജോലിക്കാണെന്ന് ധരിപ്പിച്ച് 20,000 രൂപ ശമ്പളത്തില്‍ മസ്‌കറ്റിലെത്തിച്ചതാണ് സംഭവത്തിന്‍റെ തുടക്കം. തുടര്‍ന്ന് യുവതിയെ ഒഴിഞ്ഞുകിടന്ന വാടക ഫ്ലാറ്റില്‍ താമസിപ്പിച്ചിച്ചു പീഡിപ്പിക്കുകയായിരുന്നു. പ്രതികള്‍ ഇടനിലക്കാരായി നിന്നുകൊണ്ടു അറബികളും പാകിസ്ഥാന്‍കാരും ഇന്ത്യക്കാര്‍ക്കുമായി തന്നെ കാഴ്ചവയ്ക്കുകയായിരുന്നുവെന്ന് യുവതി നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു. ഇടനിലക്കാരായ പ്രതികളില്‍ നിന്ന് തന്ത്രപൂര്‍വം രക്ഷപ്പെട്ട് മുംബൈയിലെത്തിയ യുവതി പിന്നീട് നെടുമ്പാശേരിയില്‍ വിമാനമിറങ്ങി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് വിവാദമായ മനുഷ്യക്കടത്തും തുടര്‍ന്നുള്ള പീഡനവിവരവും പുറംലോകമറിഞ്ഞത്. കേസില്‍ ആകെ 16 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ റഫീഖ്, രമേശന്‍ എന്നിവരെ മാപ്പുസാക്ഷികളാക്കിയിരുന്നു. സുധര്‍മന്‍, വര്‍ഗീസ് റാഫേല്‍, സിറാജ്, മുസ്തഫ, കബീര്‍, താഹിറ എന്നിവരെയാണ് കോടതി പ്രതികളല്ലെന്നു കണ്ട് വെറുതേവിട്ടത്.