മുംബൈയ്ക്ക് പിന്നാലെ ഡല്‍ഹി ജയിലുകളും കോവിഡ് ഭീഷണിയില്‍

Web Desk

ന്യൂഡല്‍ഹി

Posted on July 07, 2020, 2:59 pm

മുംബൈയ്ക്ക് പിന്നാലെ ഡല്‍ഹിയിലെ ജയിലുകളിലും കോവിഡ് വ്യാപനം വര്‍ധിക്കുന്നതായി റിപ്പോര്‍‍ട്ടുകള്‍. കോവിഡ് ബാധിച്ച് ഡല്‍ഹിയിലെ മണ്ടോലി ജയിലില്‍ കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചതിനുപിന്നാലെ ജയിലില്‍ തടവുകാരുടേയും ജീവനക്കാരുടേയും സുരക്ഷയെച്ചൊല്ലി നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസില്‍ 2013ല്‍ ജയിലിലായ കോണ്‍ഗ്രസ് നേതാവ് മണ്ടോലി ജയിലില്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. കൂടാതെ മണ്ടോലി ജയിലില്‍ ശിക്ഷിക്കപ്പെട്ട് കിടന്ന കോണ്‍ഗ്രസ് നേതാവ് കന്‍വര്‍ സിങ്ങും കോവിഡ് ബാധിച്ച് മരിച്ചിരുന്നു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലും മുതിര്‍ന്ന തടവുകാര്‍ക്ക് ജാമ്യം അനുവദിക്കാത്തതിനെതിരെ വന്‍ പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്. പ്രതിഷേധങ്ങള്‍ക്കുപിന്നാലെ കോവിഡ് പോസിറ്റീവായ യാദവിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചു.

അതേസമയം കോവിഡ് ബാധിച്ചിട്ടും വീട്ടുകാരെ അറിയിച്ചില്ലെന്ന് യാദവിന്റെ മകന്‍ രാഘുവിന്ദ്ര ആരോപിച്ചു. ജൂണ്‍ 28 ന് പുറത്തുനിന്നുള്ള റിപ്പോര്‍ട്ടുകളില്‍നിന്നാണ് തന്റെ പിതാവ് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നതായി അറിഞ്ഞതെന്നും രഘുവിന്ദ്ര പറയുന്നു.

മണ്ടോലി ജയിലില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് പ്രത്യേക ജയില്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് തടവുകാര്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുവദിച്ചിരുന്നില്ല. തടവുാകാര്‍ക്കിടയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രത്യേക സെല്ലുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് തിഹാര്‍ ജയിലിലും തടവുകാര്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ജയില്‍ അധികൃതര്‍ക്കുള്‍പ്പെടെ കോവിഡ് ബാധിച്ച സാഹചര്യത്തിലും നിരവധി അസുഖങ്ങളുള്ള കശ്മീര്‍ വിഘടനവാദി നേതാവിന്
പരോള്‍ അനുവദിച്ചില്ലെന്ന് അദ്ദേഹത്തിന്റെ ഭാര്യ മാധ്യമങ്ങളോട് വ്യക്തമാക്കി.

തിഹാര്‍ ജയിലിലെ നിലവിലെ അവസ്ഥയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. ഇതുവരെയുള്ള കണക്ക് പ്രകാരം 53 തടവുകാര്‍‍ക്കും 88 ജീവനക്കാര്‍ക്കും കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതില്‍ രണ്ട് പേര്‍ കോവിഡ് ബാധയെത്തുടര്‍ന്ന് മരിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 31 തടവുകാരും 28 ജീവനക്കാരും കോവിഡില്‍‍ നിന്ന് മുക്തരാവുകയും ചെയ്തിരുന്നു.

ജീവനക്കാര്‍ ഉള്‍പ്പെടെ മരിച്ചതിനെത്തുടര്‍ന്ന് ജയില്‍ അധികൃതര്‍ പരിശോധന ശക്തമാക്കി. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, സൂപ്രണ്ട്, മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെട്ട ടാസ്ക് ഫോഴ്സ്, ആന്റിജെന്‍ പരിശോധന തുടങ്ങിയ നടപടികളും ജയില്‍വകുപ്പ് കൈക്കൊണ്ടതായി അധികൃതര്‍ അറിയിച്ചു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം മാര്‍ച്ചോടെ ഡല്‍ഹിയിലെ തിഹാര്‍. മണ്ടോലി, രോഹിണി ജയിലുകളിലായി 13,600 തടവുകാരാണുള്ളത്. കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടര്‍ന്ന് ഇതില്‍ 1,168 പ്രതികള്‍ ഉള്‍പ്പെടെ 4,129 തടവുകാരെ അടിയന്തിര പരോളില്‍ വിട്ടയക്കുകയും ചെയ്തിരുന്നു.

ENGLISH SUMMARY:delhi jails faces covid spread
You may also like this video