ജെഎൻയു ഹോസ്റ്റൽ ഫീസ് വർധന ഭാഗികമായി പിൻവലിച്ചു: തീരുമാനം വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന്

Web Desk
Posted on November 13, 2019, 8:21 pm

ന്യൂഡൽ‍ഹി: വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ ഹോസ്റ്റൽ ഫീസ് വർധന ഭാഗികമായി പിൻവലിച്ചു. ജെഎന്‍യു എക്‌സിക്യൂട്ടിവ് കമ്മറ്റിയുടേതാണ് തീരുമാനം. വിദ്യാഭ്യാസ സെക്രട്ടറി ആര്‍ സുബ്രഹ്മണ്യം ട്വിറ്ററിലൂടെയാണ് ഇത് അറിയിച്ചത്. മറ്റുനിയന്ത്രണങ്ങളിലും മാറ്റം വരുത്തും. വിദ്യാർഥികൾ സമരം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കുമെന്നും സെക്രട്ടറി ട്വീറ്റ് ചെയ്തു.

അതേസമയം ആവശ്യങ്ങൾ പൂർണമായി അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് ജെഎൻയു വിദ്യാർഥി യൂണിയൻ അറിയിച്ചു. വിദ്യാർഥികളുടെ സമ്മതമില്ലാതെ പാസാക്കിയ ഹോസ്റ്റൽ മാനുവൽ പിൻവലിക്കുന്നത് വരെ സമരം തുടരുമെന്ന് വിദ്യാർഥികൾ പറഞ്ഞു. കഴിഞ്ഞ പതിനേഴ് ദിവസമായി ജെഎൻയുവിൽ തുടരുന്ന പ്രതിഷേധത്തിനൊടുവിലാണ് എക്സിക്യുട്ടീവ് കമ്മിറ്റിയുടെ തീരുമാനം. ഒറ്റമുറിയുടെ വാടക അറുന്നൂറിൽ നിന്ന് ഇരുന്നൂറിലേക്കും രണ്ട് പേർക്ക് താമസിക്കാവുന്ന മുറിയുടെ വാടക മുന്നൂറിൽ നിന്ന് നൂറ് രൂപയുമാക്കി.