ഉദ്‌ഘാടനം അടുത്ത്, ഡല്‍ഹി മെട്രോ സ്റ്റേഷനില്‍ വെള്ളത്തിലായി

Web Desk
Posted on July 31, 2018, 5:28 pm

ന്യുഡല്‍ഹി: ഉദ്ഘാടനം അടുത്തിരിക്കെ  ഡല്‍ഹി മെട്രോ സ്റ്റേഷനില്‍ വെള്ളത്തിലായി. ലജ്പത് നഗറിലെ ബിക്കാജി കാമാ പ്ലേസ് മെട്രോ സ്റ്റേഷനാണ് വെള്ളത്തില്‍ മുങ്ങിയത്.

കനത്ത മഴയെ തുടര്‍ന്ന് സ്‌റ്റേഷന്റെ പ്രവേശനകവാടമുള്‍പ്പെടെ വെള്ളത്തിലാവുകയായിരുന്നു. പ്രവേശന കവാടത്തിന്റെ ഭാഗത്താണ് കൂടുതലും വെള്ളം കയറിയത്. ആഗസ്റ്റ് ആദ്യം സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്യാനിരിക്കുകയായിരുന്നു. രണ്ട് ദിവസത്തിനുള്ളില്‍ തന്നെ സ്‌റ്റേഷനിലുണ്ടായ കേടുപാടുകള്‍ തീര്‍ക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ജൂലായ് 29 ന് അര്‍ദ്ധരാത്രി പെയ്ത കനത്ത മഴയില്‍ മെട്രോയ്ക്ക് അടുത്തുള്ള റിങ്ങ് റോഡില്‍ വെള്ളക്കെട്ട് ഉണ്ടാവുകയും അവിടെ നിന്നുള്ള വെള്ളം ബിക്കാജി കാമാ പ്ലേസ് മെട്രോ സ്റ്റേഷന്റെ മൂന്നാം ഗെയ്റ്റ് വഴി സ്റ്റേഷനിലേയ്ക്ക് കയറുകയുമായിരുന്നു.തുടര്‍ന്ന് പ്രവേശന കവാടവും നടപാതയും വെള്ളത്തില്‍ മുങ്ങി. പര്യാപ്തമായ ഓവുചാല്‍ സംവിധാനം ഇല്ലാത്തതാണ് വെള്ളം കയറി ഗെയ്റ്റിനു സമീപമുള്ള ഭാഗം പൊളിഞ്ഞു പോകാന്‍ കാരണമായതെന്നാണ് അധികൃതര്‍ പറയുന്നത്.