Friday
13 Dec 2019

ഡല്‍ഹിയില്‍ മെട്രോ ട്രെയിന്‍ പാളംതെറ്റി

By: Web Desk | Tuesday 19 December 2017 10:21 PM IST


ന്യൂഡല്‍ഹി:

ഡല്‍ഹി മെട്രോയുടെ മജന്ത ലൈനില്‍ പരീക്ഷണ ഓട്ടത്തിനിടെ മെട്രോ ട്രെയിന്‍ പാളംതെറ്റി. കല്‍ക്കാജി മന്ദിര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ലൈന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഡിസംബര്‍ 25 ന് ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് സംഭവം. കഴിഞ്ഞ നവംബര്‍ അഞ്ചിനും മജന്ത ലൈനിലെ പരീക്ഷണ ഓട്ടത്തിനിടെ മെട്രോ ട്രെയിന്‍ അപകടത്തില്‍പ്പെട്ടിരുന്നു.
ഡ്രൈവര്‍ വേണ്ടാത്ത ട്രെയിനാണ് കാളിന്ദി കുഞ്ജ് മെട്രോ ഡിപ്പോയ്ക്കുള്ളില്‍ പാളംതെറ്റിയത്. ഇതേത്തുടര്‍ന്ന് ട്രെയിന്‍ മെട്രോ ഡിപ്പോയുടെ മതില്‍ ഇടിച്ചു തകര്‍ത്തു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് ഡല്‍ഹി മെട്രോ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കാളിന്ദി കുഞ്ജ് ഡിപ്പോയുടെ മതില്‍ക്കെട്ടിന് ഉള്ളിലാണ് അപകടം നടന്നത്. സംഭവത്തെപ്പറ്റി ഡല്‍ഹി മെട്രോ അധികൃതര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
12.64 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ ജനക്പുരി വെസ്റ്റ് മെട്രോ പാതയ്ക്ക് മെട്രോ റയില്‍ സേഫ്റ്റി കമ്മിഷണര്‍ കഴിഞ്ഞ മാസമാണ് സുരക്ഷാ അനുമതി നല്‍കിയത്. ഡ്രൈവര്‍ ആവശ്യമില്ലാത്ത പുത്തന്‍ തലമുറ ട്രെയിനുകളാണ് ഈ സെക്ഷനിലൂടെ ഓടിക്കാന്‍ ലക്ഷ്യമിടുന്നത്.