Janayugom Online
Shashi Tharoor and Sunanda Pushkar

സുനന്ദ പുഷ്കർ: തരൂരിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം, ജാമ്യമില്ലാ വകുപ്പ്

Web Desk
Posted on May 14, 2018, 3:43 pm

ആദ്യം കൊലപാതകമാണെന്ന് സംശയിക്കപെട്ട സുനന്ദ പുഷ്കറിന്റെ മരണം ആത്മഹത്യയാണെന്ന് കണ്ടെത്തി തിരുവനന്തപുരം എം പി യും കോൺഗ്രസ് നേതാവുമായ ശശി തരൂരിനെതിരെ ഡൽഹി പോലീസ്  ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി.  ആത്മഹത്യാ പ്രേരണ, ഭാര്യയോട് ക്രൂരത എന്നീ കുറ്റങ്ങളാണ്  തരൂരിനെതിരെ ചുമത്തിയിട്ടുള്ളത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയുള്ള  കുറ്റപത്രം ഡൽഹി പട്യാല ഹൗസ്  കോടതിയിൽ സമർപ്പിച്ചു.

ഇതനുസരിച്ചു തരൂരിനെ പോലീസ് അറസ്റ്റ് ചെയ്യും.  2014 ജനുവരി 17 നാണു ഡൽഹിയിലെ ഒരു പഞ്ച നക്ഷത്ര ഹോട്ടൽ സ്യൂട്ടില്‍  അപ്പോൾ കേന്ദ്ര മന്ത്രിയായിരുന്ന ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കർ മരിച്ച നിലയിൽ കാണപ്പെട്ടത്.

അതിനു രണ്ടു ദിവസം മുമ്പ്  കേരളത്തില്‍ നിന്നു വിമാനത്തില്‍ വരവേ ഇരുവരും തമ്മില്‍ വഴക്കുണ്ടായതിനെ തുടര്‍ന്നു സുനന്ദ നേരേ ഹോട്ടലിലെത്തി മുറിയെടുക്കുകയായിരുന്നു. തരൂരിനു പാകിസ്ഥാനി പത്രപ്രവര്‍ത്തകയുമായി ബന്ധമുണ്ടെന്ന് 51 കാരിയായ സുനന്ദ പരസ്യമായി ആക്ഷേപം ഉന്നയിച്ചിരുന്നു.   നാലു വർഷത്തെ അന്വേഷണത്തിനൊടുവിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്. കുറ്റപത്രം മെയ് 23 നു മജിസ്‌ട്രേറ്റ് പരിഗണനക്കെടുക്കും.

വിഷം അകത്തു ചെന്ന് സുനന്ദ മരിച്ചതിനാൽ പ്രതി ആരെന്നു വ്യക്തമാക്കാതെ പോലീസ് 2015 ൽ കൊലക്കേസ് ചാർജ് ചെയ്തിരുന്നു. അതാണിപ്പോൾ ആത്മഹത്യയാണെന്ന് മാറ്റി 3000 പേജ് വരുന്ന കുറ്റപത്രം തരരോറിനെതിരെ  സമർപ്പിച്ചത്. തരൂർ മാത്രമേ കേസിൽ പ്രതിയായുള്ളു. എന്നാൽ കേസ് അസംബന്ധമാണെന്നും താനിതിനെ നേരിടുമെന്നും ശശി തരൂർ ട്വീറ്റ് ചെയ്തു.

നിയമപരവും മെഡിക്കൽ  തെളിവുകളുടെയും സൈക്കോളജിക്കൽ ഓട്ടോപ്സി വിദഗ്ദ്ധരുടെ അഭിപ്രായത്തിന്റെയും അടിസ്ഥാനത്തിലാണ് കേസ് ചാർജ് ചെയ്തതെന്ന് പോലീസ് പറഞ്ഞു. മരണകാരണം കണ്ടെത്താനായി ആ സമയങ്ങളിലെ ഒരാളുടെ മാനസിക നില പുനർനിർമ്മിച്ചെടുക്കുന്ന മനഃശാസ്ത്ര മാർഗമാണ് സൈക്കോളജിക്കൽ ഓട്ടോപ്സി.