Web Desk

ന്യൂഡല്‍ഹി:

January 31, 2021, 6:20 pm

മാധ്യമവേട്ട തുടർന്ന് ബിജെപി സർക്കാരുകള്‍

Janayugom Online

കർഷക സമരത്തിന് അനുകൂല നിലപാടെടുത്ത മാധ്യമ പ്രവർത്തകർക്കെതിരായ വേട്ട തുടർന്ന് ബിജെപി സർക്കാരുകൾ. ഇന്ത്യ ടുഡെ കണ്‍സെള്‍ട്ടിങ് എഡിറ്റര്‍ രാജ്ദീപ് സർദേശായി അടക്കമുള്ള പ്രമുഖരായ മാധ്യമപ്രവർത്തകർക്കെതിരെ ഇതുവരെ അഞ്ച് സംസ്ഥാനങ്ങളിൽ കേസ് രജിസ്റ്റർ ചെയ്തു.

രാജ്യദ്രോഹക്കുറ്റം അടക്കമുള്ളവയാണ് മാധ്യമപ്രവർത്തകർക്കുനേരെ ചുമത്തിയിട്ടുളളത്. രാജദീപ് സര്‍ദേശായിക്ക് പുറമെ കര്‍ഷകന്റെ മരണം സംബന്ധിച്ച് ട്വീറ്റ് ചെയ്ത നാഷണല്‍ ഹെറാള്‍ഡ് കണ്‍സെള്‍ട്ടിങ് എഡിറ്റര്‍ മൃണാള്‍ പാണ്ഡെ, കാരവന്‍ മാഗസിന്‍ സ്ഥാപക എഡിറ്റര്‍ പരേഷ് നാഥ്, എഡിറ്റര്‍ ആനന്ദ് നാഥ്, എക്സിക്യൂട്ടീവ് എഡിറ്റര്‍ വിനോദ് കെ ജോസ് , ക്വാമി ആവാസ് എഡിറ്റര്‍ സഫര്‍ അഗ, ശശി തരൂർ എം പി എന്നിവര്‍ക്കെതിരെ യുപി ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങള്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ ചിലര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ട്രാക്‌ടര്‍ റാലിക്കിടെ ഒരു യുവ കര്‍ഷകന്‍ കൊല്ലപ്പെട്ടത്‌ ഡല്‍ഹി പൊലീസ്‌ നടത്തിയ വെടിവയ്‌പ്പിലാണെന്നായിരുന്നു തുടക്കത്തില്‍ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ട്രാക്‌ടര്‍ മറിഞ്ഞാണ്‌ ഇദ്ദേഹം മരിച്ചതെന്ന് പൊലീസ് പറയുന്നു. എഫ്‌ഐആര്‍ കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം തയാറാക്കപ്പെട്ടിട്ടുള്ളതാണെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നും മാധ്യമസംഘടനകൾ ആരോപിക്കുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ബിജെപി സര്‍ക്കാരിന്റെ പ്രതികാര നടപടി ഇതാദ്യമല്ലെന്നും കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകനായ സിദ്ധിഖ്‌ കാപ്പന്‍, മണിപ്പൂരില്‍ നിന്നുള്ള കിഷോര്‍ ചന്ദ്ര വാങ്‌ഖെം, ഗുജറാത്തില്‍ നിന്നുള്ള ഘവാല്‍ പട്ടേല്‍, മഹാരാഷ്‌ട്രയില്‍ നിന്നുള്ള രാഹുല്‍ കുല്‍ക്കര്‍ണി, വിനോദ്‌ ദുവ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കുനേരെ അടുത്തിടെ ഉണ്ടായ നടപടികളുടെ തുടര്‍ച്ചയാണിതെന്നും വിവിധ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

പ്രസ്‌ ക്ലബ്‌ ഓഫ്‌ ഇന്ത്യ, ദ എഡിറ്റേഴ്‌സ്‌ ഗില്‍ഡ്‌ ഓഫ്‌ ഇന്ത്യ, പ്രസ്‌ അസോസിയേഷന്‍, ഇന്ത്യന്‍ വിമന്‍സ്‌ പ്രസ്‌ കോര്‍പ്‌സ്‌, ദ ഡല്‍ഹി യൂണിയന്‍ ഓഫ്‌ ജേണലിസ്റ്റ്‌സ്‌, ഇന്ത്യന്‍ ജേണലിസ്റ്റ്‌ യൂണിയന്‍ എന്നീ മാധ്യമസംഘടനകള്‍ കേന്ദ്ര‑സംസ്ഥാന സർക്കാരുകളുടെ നടപടിക്കെതിരെ രംഗത്തെത്തി.

ഡല്‍ഹി പൊലീസ് മാധ്യമപ്രവര്‍ത്തകരെ തടവിലാക്കി

കര്‍ഷകര്‍ക്കുനേരെ കല്ലെറിയുകയും ടെന്റുകള്‍ നശിപ്പിക്കുകയും ചെയ്ത സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ പത്രപ്രവര്‍ത്തകനെ സിംഘു അതിര്‍ത്തിയില്‍നിന്ന് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിഷേധ സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്‌റ്റേഷന്‍ ഹൗസ് ഓഫീസറോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് കാരവന്‍ മാഗസിനുവേണ്ടി റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഫ്രീലാന്‍സര്‍ മന്‍ദീപ് പുനിയയെ അറസ്റ്റ് ചെയ്തത്.

അതിക്രമിച്ച് കടന്ന് കര്‍ഷകര്‍ക്ക്‌ നേരെ കല്ലേറ് നടത്തിയ പ്രദേശവാസികളാണെന്ന് ബിജെപി പറയുന്നവരെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു മന്‍ദീപ് സിംഗെന്ന് കാരവന്‍ പൊളിറ്റിക്കല്‍ എഡിറ്റര്‍ ഹര്‍തോഷ് സിംഗ് ബാല്‍ പറഞ്ഞു. ഉദ്യോഗസ്ഥരെ കൃത്യനിര്‍വഹണത്തില്‍ തടസ്സപ്പെടുത്തിയെന്നാണ് എഫ്ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്.

ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചുവെന്നും ഡല്‍ഹി പൊലീസ് ആരോപിക്കുന്നു. പൊലീസ് നീക്കത്തിനെതിരെ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ബാല്‍ പറഞ്ഞു.ഓണ്‍ലൈന്‍ ന്യൂസ് ഇന്ത്യയുടെ ജേണലിസ്റ്റ് ധര്‍മേന്ദര്‍ സിംഗിനേയും സിംഘുവില്‍നിന്ന് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു. ഇരുവരേയും ആലിപ്പൂര്‍ പൊലീസ് സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തിരുന്നു. ഐഡന്ററ്റി കാര്‍ഡ് കാണിച്ചതിനെ തുടര്‍ന്നാാണ് ധര്‍മേന്ദര്‍ സിംഗിനെ പോകാന്‍ അനുവദിച്ചതെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ENGLISH SUMMARY: DELHI POLICE DETAINED JOURNALISTS

YOU MAY ALSO LIKE THIS VIDEO